Life Style

പൊടുന്നനെയുണ്ടാകുന്ന മരണത്തിനു പിന്നില്‍ സൈലന്റ് സ്‌ട്രോക്ക് : ലക്ഷണങ്ങള്‍ ഇവ

സ്ട്രോക്ക് അഥവാ പക്ഷാഘാതത്തെക്കുറിച്ച് ഏറെ കേട്ടിരിക്കും. എന്നാല്‍ ഇതില്‍ നിന്ന് അല്‍പം വ്യത്യസ്തമാണ് ‘സൈലന്റ് സ്ട്രോക്ക്’. തലച്ചോറിന്റെ ഏതെങ്കിലും ഒരുഭാഗത്തേക്കുള്ള രക്തപ്രവാഹം നിലയ്ക്കുന്നതാണ് ‘സൈലന്റ് സ്ട്രോക്ക്’.

പെടുന്നനെയുള്ള മരണമോ, അല്ലെങ്കില്‍ പെടുന്നനെയുള്ള തളര്‍ച്ചയോ ഒന്നും ‘സൈലന്റ് സ്ട്രോക്ക്’ ഉണ്ടാക്കിയേക്കില്ല. എന്നാല്‍ പേരുപോലെത്തന്നെ ‘സൈലന്റ്’ ആയതിനാല്‍, ഇത് പല തവണ വന്നാല്‍പ്പോലും നമ്മളറിയില്ല. അത്തരം സാഹചര്യങ്ങള്‍ അല്‍പം ഗുരുതരം തന്നെയാണ്.

ഭാവിയില്‍ വലിയ ‘സ്ട്രോക്ക്’ സംഭവിക്കാനും ‘ഡിമെന്‍ഷ്യ’ പോലുള്ള മറവിരോഗങ്ങള്‍ വരാനുമെല്ലാം ഇത് കാരണമാകും. പ്രത്യക്ഷമായ പെരുമാറ്റ പ്രശ്നങ്ങള്‍- അതായത് അസ്ഥാനത്ത് പൊട്ടിച്ചിരിക്കുകയോ പൊട്ടിക്കരയുകയോ ചെയ്യുന്നത് പോലെയെല്ലാം- ഉള്ള പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും. മിക്കവാറും മാനസികവിഷമതകളായി കണക്കാക്കി, ഇതിനെ അവഗണിക്കാറുള്ള അവസരങ്ങളും കുറവല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

സാധാരണഗതിയില്‍ പക്ഷാഘാതത്തിലുണ്ടാകുന്നത് പോലുള്ള ലക്ഷണങ്ങളൊന്നും ഇതിന് കണ്ടേക്കില്ലെന്നതാണ് പ്രധാനമായും ഓര്‍ക്കേണ്ട വസ്തുത. അതിനാല്‍ ആരോഗ്യവുമായി ബന്ധപ്പെട്ട ചില ഉറപ്പുവരുത്തലുകളാണ് നമുക്കിതില്‍ ആകെ ചെയ്യാവുന്ന മുന്നൊരുക്കം.

പ്രധാനമായും 65 വയസോ അതിന് മുകളിലോ പ്രായമുള്ളവരിലാണ് ‘സൈലന്റ് സ്ട്രോക്ക്’ കാണാറുള്ളത്. എന്നാല്‍ ചുരുക്കം സാഹചര്യങ്ങളില്‍ ചെറുപ്പക്കാരിലും വരാറുണ്ട്. അതുപോലെ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഏറ്റവുമധികം സാധ്യതകള്‍ നിലനില്‍ക്കുന്നത്. ഇനി, ഏതെങ്കിലും തരത്തിലുള്ള ശസ്ത്രക്രിയയ്ക്ക് വിധേയരായവരില്‍- പ്രത്യേകിച്ച് ഹൃദയവുമായി ബന്ധപ്പെട്ടത്- അവരിലും ഇതിനുള്ള സാധ്യതകള്‍ കാണുന്നുണ്ട്. ഇനി മുമ്പ് പറഞ്ഞതുപോലെ ആരോഗ്യകാര്യങ്ങളില്‍ നമ്മള്‍ ഉറപ്പ് വരുത്തേണ്ട ചിലതിനെക്കുറിച്ച് പറയാം.

രക്തസമ്മര്‍ദ്ദം എപ്പോഴും വരുതിയിലായിരിക്കണം. അതുപോലെ പുകവലി പൂര്‍ണ്ണമായും ഉപേക്ഷിക്കണം. പ്രമേഹമുണ്ടെങ്കില്‍ അത് ഉയരാതെ ശ്രദ്ധിക്കുക. ഒരുപാട് മരുന്നുകള്‍ കഴിക്കുന്നവരും ഒന്ന് കരുതുന്നത് നല്ലതാണ്. ഇതെല്ലായ്പ്പോഴും ഒരു കാരണമാകാറില്ല, എങ്കിലും ചിലരില്‍ ചില ഘട്ടങ്ങളില്‍ ഇതും ഒരു കാരണമാകാറുണ്ട്.

ഇതിന്റെയെല്ലാം കൂട്ടത്തില്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട ഒന്നാണ് ഡയറ്റ്. ധാരാളം ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, നട്ട്സ്, സീഡ്സ് എന്നിവ ഡയറ്റിലുള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ഉപ്പിന്റെ ഉപയോഗം തീര്‍ച്ചയായും മിതപ്പെടുത്തണം. അതുപോലെ പാക്കറ്റില്‍ വരുന്ന പ്രോസസ്ഡ് ഭക്ഷണവും പരമാവധി ഒഴിവാക്കാം.

വ്യായാമവും ഒരു പരിധി വരെ ‘സൈലന്റ് സ്ട്രോക്ക്’ ചെറുക്കും. ആരോഗ്യമുള്ള ശരീരം, പ്രായത്തിനൊത്തുള്ള തൂക്കം എന്നില എപ്പോഴും നമ്മളില്‍ വന്നുചേരാന്‍ സാധ്യതയുള്ള അസുഖങ്ങളില്‍ പലതിനേയും അകറ്റിനിര്‍ത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Tags

Related Articles

Post Your Comments


Back to top button
Close
Close