NewsInternationalKauthuka Kazhchakal

എവിടെ പോയാലും ധരിക്കുന്നത് വിവാഹവസ്ത്രം മാത്രം; കാരണമായി യുവതി പറയുന്നത്

ഭംഗിയുള്ളതും ഏറെ വിലകൂടിയതുമായ വസ്ത്രങ്ങളാണ് എല്ലാവരും വിവാഹത്തിന് ധരിക്കുന്നത്. പുരുഷന്മാര്‍ പോലും ഇന്ന് അമിത ആഡംബരത്തിലാണ് വിവാഹവേദിയിലെത്തുന്നത്. എന്നാല്‍ വിവാഹത്തിന് അണിഞ്ഞ ഈ വസ്ത്രങ്ങള്‍ പിന്നീടെപ്പോഴെങ്കിലും നാം ധരിക്കാറുണ്ടോ? ഇല്ല എന്ന് തന്നെയാകും പലരുടെയും ഉത്തരം. അങ്ങനെയാകുമ്പോള്‍ അത് വലിയ നഷ്ടമല്ലേ? അതോര്‍ത്ത് എവിടെ പോകുമ്പോഴും വിവാഹവസ്ത്രമണിയുന്നത് അത്ര നല്ല കാര്യമല്ല.

കല്യാണവീട്ടിലും മരണവീട്ടിലും ആരാധനാലയങ്ങളിലും ആശുപത്രിയിലും മാര്‍ക്കറ്റിലും നിത്യജീവിതത്തില്‍ നാം പോകുന്നിടത്തൊക്കെ വിവാഹവസ്ത്രമണിഞ്ഞ് പോകുന്നതിനെക്കുറിച്ച് ഒന്ന് ചിന്തിച്ച് നോക്കൂ. വട്ടാണെന്ന് തന്നെ നാട്ടുകാര്‍ പറയും. എന്നാല്‍ അങ്ങനെ എവിടെ പോകുമ്പോഴും വിവാഹത്തിനണിഞ്ഞ ഗൗണ്‍ തന്നെ ധരിക്കുന്ന ഒരു സ്ത്രീയുണ്ട്. സൗത്ത് ഓസ്ട്രേലിയയില്‍ അഡെലയ്ഡ് സ്വദേശിയായ ടമ്മി ഹാള്‍. കഴിഞ്ഞ ഒക്ടോബറിലായിരുന്നു നാല്‍പത്തിമൂന്നുകാരിയായ ടമ്മിയുടെ വിവാഹം. പിന്നീട് അന്നുമുതല്‍ ഇന്നുവരെ അവര്‍ ധരിച്ചത് ആ വിവാഹവസ്ത്രം മാത്രമാണ്.

തികഞ്ഞ പരിസ്ഥിതിവാദിയാണ് ടമ്മി. വിവാഹമടുത്തപ്പോള്‍ തന്നെ വിവാഹവസ്ത്രത്തിന്റെ കാര്യത്തില്‍ ടമ്മിക്ക് ആശയക്കുഴപ്പമായി. നല്ല വില കൊടുത്ത് വാങ്ങിക്കുന്ന ഗൗണ്‍ കേവലം മണിക്കൂറുകള്‍ മാത്രം ഉപയോഗിച്ച ശേഷം അലമാരയില്‍ വച്ച് പൂട്ടുന്നതിനെക്കുറിച്ച്് അവര്‍ക്ക് ചിന്തിക്കാനായില്ല. അങ്ങനെ സുഹൃത്തായ ഡിസൈനറുടെ സഹായത്തോടെ ഗുണമേന്മയുള്ള ഒരു ഗൗണ്‍ തയ്പിക്കാന്‍ അവര്‍ തീരുമാനിച്ചു. വിവാഹം കഴിഞ്ഞ്, എവിടെ പുറത്തുപോകുമ്പോഴും അതേ ഗൗണ്‍ തന്നെ അണിയാം എന്നതായിരുന്നു അവരുടെ ഉദ്ദേശം. അതിന് വേണ്ടിയായിരുന്നു കാഴ്ചയിലെ ആഡംബരം കുറച്ച് ഗുണമേന്മയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഒരു ഗൗണ്‍ തയ്പ്പിച്ചത്.

‘പലരും വലിയ വില കൊടുത്ത് വിവാഹവസ്ത്രങ്ങള്‍ തയ്പിച്ച്, ആ ദിവസം കഴിഞ്ഞാല്‍ അത് ഭദ്രമായി എടുത്തുവയ്ക്കുന്നത് കണ്ടിട്ടുണ്ട്. എന്നിട്ട് വീണ്ടും വീണ്ടും പണം ചിലവിട്ട് പുതിയ വസ്ത്രങ്ങള്‍ വാങ്ങിക്കൊണ്ടേയിരിക്കും. വസ്ത്രങ്ങളും ഉപയോഗശൂന്യമായാല്‍ മാലിന്യം തന്നെയാണ്. എന്തിനാണ് ഇങ്ങനെ നിയന്ത്രണമില്ലാത്ത തരത്തിലുള്ള ഉപഭോഗം. ഇതിനെതിരെ ബോധവത്കരണം നടത്തുക എന്നതാണ് എന്റെ ലക്ഷ്യം’ ടമ്മി ഹാള്‍ പറയുന്നു. ഇപ്പോള്‍ തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമാകുന്നു എന്നും ഇതുവരെയും എവിടെ പുറത്തുപോകുമ്പോഴും വിവാഹത്തിന് അണിഞ്ഞ വെളുത്ത ഗൗണ്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്നും ഇനിയത് ഉപയോഗശൂന്യമാകുമ്പോള്‍ മാത്രം മറ്റൊരു വസ്ത്രം വാങ്ങാമെന്നാണ് ആലോചനയെന്നും അവര്‍ പറയുന്നു.

shortlink

Post Your Comments


Back to top button