Life StyleHome & Garden

വീട് പണിയുമ്പോള്‍ ചെലവ് കുറയ്ക്കാം; ഇതാ ഫെറോസിമന്റ് കൊണ്ടൊരു മായാജാലം

മനോഹരമായ ഒരു വീട് എല്ലാവരുടെയും സ്വപ്‌നമാണ്. വര്‍ദ്ധിച്ച് വരുന്ന നിര്‍മ്മാണ ചിലവാണ് പലരുടെയും സ്വപ്‌നങ്ങള്‍ക്ക് വിലങ്ങുതടിയാകുന്നത്. എന്നാല്‍ ചെലവു കുറഞ്ഞ വീട് നിര്‍മ്മാണ രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് ഫെറോ സിമന്റ്. നിര്‍മാണ സാമഗ്രികളുടെ വിലവര്‍ദ്ധനയും അടിക്കടി വര്‍ദ്ധിക്കുന്ന പണിക്കൂലിയും വീട് നിര്‍മ്മിക്കുന്നവരെ പിന്നോട്ടു വലിക്കുമ്പോള്‍ അവര്‍ക്ക് അനുഗ്രഹമായി മാറിയിരിക്കുകയാണ് ഫെറോ സിമന്റ്.

പെട്ടെന്ന് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കും എന്നതു തന്നെയാണ് ഫെറോസിമന്റ് വീടുകളുടെ ഏറ്റവും വലിയ സവിശേഷത. കുറഞ്ഞ കനത്തില്‍ ഉപയോഗിക്കാവുന്ന റീ ഇന്‍ഫോഴ്‌സ്ഡ് കോണ്‍ക്രീറ്റാണ് ഫെറോസിമെന്റ്. ഏറ്റവും കൂടുതല്‍ ലഭ്യമായതും പുനരുപയോഗം സാധ്യമായതുമായ ഇരുമ്പാണ് ഫെറോസിമെന്റിന്റെ മുഖ്യ ഘടകം. ആറ്റുമണല്‍, നിര്‍മ്മിത മണല്‍, ഫ്‌ളൈ ആഷ് തുടങ്ങിയ ഫൈന്‍ അഗ്രിഗേറ്റ്‌സ് ഫെറോസിമെന്റില്‍ ഉപയോഗിക്കാം. ഏത് ആകൃതിയിലും നിര്‍മിച്ചെടുക്കാം എന്നതിനാല്‍ രൂപ കല്‍പ്പനയില്‍ ആര്‍ക്കിടെക്റ്റിന് പൂര്‍ണ സ്വാതന്ത്ര്യം ലഭിക്കുമെന്ന കാര്യത്തിലും ഒരു സംശയവും വേണ്ട.

ഫെറോസിമന്റ് ടെക്‌നോളജിക്ക് ഏറെ പ്രത്യേകതകള്‍ ഉണ്ട്. സിമെന്റ് (ബൈന്‍ഡിംഗ് മെറ്റീരിയല്‍), മണല്‍ (ഫൈന്‍ അഗ്രിഗേറ്റ്സ്), കുറഞ്ഞ വ്യാസമുള്ളതും തുടര്‍ച്ചയുള്ളതുമായ ഒന്നിലധികം പാളി വലകള്‍ (റീഇന്‍ഫോഴ്സ്മെന്റ്) എന്നിവയാണ് ഇതിന്റെ പ്രധാന ഘടകങ്ങള്‍. കോഴ്സ് അഗ്രിഗേറ്റ്സ് ഉപയോഗിക്കുന്നില്ല എന്നുള്ളതിലും റീ ഇന്‍ഫോഴ്സിങ് എലമെന്റുകള്‍ എങ്ങനെ സജ്ജീകരിച്ചിരിക്കുന്നു എന്നതിലുമാണ് ഫെറോസിമെന്റും റീ ഇന്‍ഫോഴ്സ്ഡ് കോണ്‍ക്രീറ്റും തമ്മില്‍ വ്യത്യാസമുള്ളത്. ഇതിന്റെ നിര്‍മ്മാണ പ്രക്രിയയില്‍ വളരെ സങ്കീര്‍ണമായ യന്ത്രസാമഗ്രികള്‍ ആവശ്യമായി വരുന്നില്ല. മാത്രമല്ല, നിര്‍മിതിയില്‍ ഉണ്ടായേക്കാവുന്ന തകരാറുകള്‍ അനായാസം റിപ്പയര്‍ ചെയ്യാനും കഴിയും.

സാധാരണ വീടിനേക്കാള്‍ 30% ചെലവ് കുറവാണിതിന്. നല്ല ഉറപ്പുള്ളതിനാല്‍ ലീക്കേജിനെ പ്രതിരോധിക്കാനും സാധിക്കും. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഒരു പരിധിവരെ അനുയോജ്യമാണ് ഇത്തരത്തിലുള്ള വീടുകള്‍. കോണ്‍ക്രീറ്റ് വീടുകളെ അപേക്ഷിച്ച് രാത്രികാലങ്ങളിലെ ചൂടു കുറവായിരിക്കും.

ഫെറോസിമെന്റ് ഫ്രെയിം സ്ട്രക്ചറില്‍ നിര്‍മിക്കുന്ന വീടുകള്‍ക്ക് സാധാരണ വീടുകളേക്കാള്‍ ഭാരവഹനശേഷി കൂടുതലാണ്. കോളം- ബീം സ്ട്രക്ചറില്‍ സാധാരണ കെട്ടിടങ്ങള്‍ രൂപകല്‍പ്പന ചെയ്യുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍കൂടുതല്‍ സ്‌പെയ്‌സും ഫെറോ സിമെന്റ് വീടുകള്‍ക്ക് ലഭിക്കും. നാച്വറല്‍ ഫൈബര്‍, ഹൈ ഡെന്‍സിറ്റി തെര്‍മോകോള്‍ ഇവ ഉപയോഗിച്ചുള്ള തെര്‍മല്‍ ഇന്‍സുലേഷന്‍ പ്രോഗ്രാമുകള്‍ ഫെറോസിമെന്റ് വീടിന്റെ ഭിത്തികളില്‍ ചെലവു കുറച്ച് അനായാസം ചെയ്യാവുന്നതാണ്. ഭൂമികുലുക്കത്തെ മാത്രമല്ല, തീപിടിത്തവും ഇത്തരം വീടുകള്‍ പ്രതിരോധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button