NewsKauthuka Kazhchakal

വധു എത്തിയത് കുതിരവണ്ടിയില്‍, മരണം വരെ പിരിയില്ലെന്ന് സത്യം ചെയ്തത് ഭരണഘടനയില്‍ തൊട്ട്; ശ്രദ്ധേയമായി ഒരു അപൂര്‍വ്വ വിവാഹം

ജയ്പൂര്‍:എത്രയൊക്കെ പുരോഗമന ചിന്താഗതിക്കാരാണെങ്കിലും വിവാഹക്കാര്യം പറയുമ്പോള്‍ പലരുടെയും ഉള്ളില്‍ ജാതിമത ചിന്തകള്‍ മുളപൊട്ടും. അതാത് മതാചാരങ്ങളുടെ അടിസ്ഥാനത്തില്‍ വിവാഹം നടത്താനാണ് പലരും ശ്രമിക്കുന്നത്. മിക്കപ്പോഴും അമ്പലത്തിലോ പള്ളിയിലോ ആണ് വിവാഹങ്ങള്‍ നടക്കാറ്. അല്ലാത്ത പക്ഷം പുരോഹിതരുടെ സാന്നിദ്ധ്യവും ആ വിവാഹത്തില്‍ ഉണ്ടാകും. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായൊരു വിവാഹമാണ് രാജസ്ഥാനില്‍ നടന്നത്. അവിടെ പൂജാരിയോ മന്ത്രോച്ചാരണങ്ങളോ ഉണ്ടായിരുന്നില്ല. എല്ലാത്തിനും സാക്ഷിയായത് ഇന്ത്യന്‍ ഭരണഘടന മാത്രമായിരുന്നു.

രാജസ്ഥാനിലെ ആ അപൂര്‍വ്വ വിവാഹം നടന്നത് ഇന്ത്യന്‍ ഭരണഘടനയില്‍ കൈവച്ച് ശപഥം ചെയ്തായിരുന്നു. വിവാഹത്തിനെത്തിയവരില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിച്ചില്ലെന്ന് മാത്രമല്ല, സമ്മാനം നല്‍കിയാണ് തിരിച്ചയച്ചതും. അതും ഇന്ത്യന്‍ ഭരണഘടന തന്നെയായിരുന്നു. കൂടാതെ ഗ്രാമത്തില്‍ ഒരു പൊതുലൈബ്രറി തുടങ്ങാനുള്ള പുസ്തകങ്ങളും ഇവര്‍ സമ്മാനിച്ചു. വിവാഹം തികച്ചും പ്ലാസ്റ്റിക് മുക്തമായിരുന്നു. ഹൈദരാബാദിലെ സ്വകാര്യകമ്പനിയില്‍ ജോലി ചെയ്യുന്ന അജയ് ജാതവും ആല്‍വാറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള കരോളി ഗ്രാമത്തിലെ ബബിതയും തമ്മിലുള്ള വിവാഹമാണ്
വ്യത്യസ്തത കൊണ്ട് ശ്രദ്ധനേടിയത്.

വിവാഹവേദിയിലേക്ക് വധു എത്തിയത് അംബേദ്കറിന്റെയും ബുദ്ധന്റെയും ചിത്രങ്ങള്‍ വച്ച കുതിര വണ്ടിയിലാണ്. വിവാഹത്തിന് കുതിര വണ്ടി ഉപയോഗിച്ചതിന് ദളിതര്‍ ആക്രമിക്കപ്പെടുമ്പോള്‍ കുതിരവണ്ടിയില്‍ നവവധു എത്തിയത് നിരവധി പേരുടെ പ്രശംസ ഏറ്റുവാങ്ങി. 2019 മേയിലാണ് രാജസ്ഥാനിലെ ബിക്കനെറില്‍ കുതിരപ്പുറത്ത് വിവാഹത്തിനെത്തിയതിന്റെ പേരില്‍ ദളിത് വരന്‍ ആക്രമക്കിപ്പെട്ടത്. ഇതിനെതിരെയുള്ള പ്രതിഷേധമെന്ന രീതിയിലാണ് വധു കുതിരവണ്ടിയില്‍ എത്തിയത്.

പരസ്പരം സ്‌നേഹത്തോടെയും വിശ്വാസത്തോടെയും മരണം വരെ കഴിയുമെന്ന് വധൂവരന്മാര്‍ ഭരണഘടയില്‍ കൈവച്ച് സത്യം ചെയ്തു. പിന്നീട് ഭരണഘടനയുടെ കോപ്പികള്‍ ആളുകള്‍ക്ക് വിതരണം ചെയ്തു. 30000 രൂപയുടെ പുസ്തകങ്ങളാണ് ദമ്പതികള്‍ കരോളിലെ ലൈബ്രറിക്ക് സമ്മാനിച്ചത്.

” അജയ്ക്കും എനിക്കും ലിംഗ സമത്വം ഉറപ്പുവരുത്താന്‍ യാഥാസ്ഥിതികമായ ആചാരങ്ങളെ മാറ്റിയെഴുതണമായിരുന്നു. സമൂഹത്തിന് ഞങ്ങളുടെ വിവാഹത്തിലൂടെ ഒരു സന്ദേശം നല്‍കാന്‍ ആഗ്രഹിച്ചു. ഞങ്ങളുടെ കുടുംബം ഈ ആശയം സ്വീകരിച്ചതില്‍ സന്തോഷമുണ്ട്. ഇപ്പോള്‍ മറ്റുള്ളവരും ഇത് ഏറ്റെടുത്തു. ഞങ്ങള്‍ മറ്റുള്ള ദമ്പതികള്‍ക്ക് പ്രചോദനമാകുമെന്നാണ് കരുതുന്നത്.” -വധു ബബിത പറഞ്ഞു.

ഇവരുടെ വിവാഹസത്ക്കാരമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് പ്ലാസ്റ്റിക് ഉപയോഗിച്ചതേ ഇല്ല. ഭക്ഷണം വിളമ്പിയത് സ്റ്റീല്‍ പാത്രത്തിലും കപ്പിലുമാണ്. വിവാഹക്ഷണക്കത്ത് തുണിയിലാണ് പ്രിന്റ് ചെയ്തത്. കഴുകിയാല്‍ പിന്നെ ഇത് തൂവാലയായി ഉപയോഗിക്കാം എന്നതായിരുന്നു പ്രത്യേകത.

shortlink

Related Articles

Post Your Comments

Related Articles


Back to top button