News

കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ ജീവനക്കാരുടെ എണ്ണം ബന്ധിച്ച് അനിശ്ചിതത്വം : അധികൃതര്‍ക്ക് കൃത്യമായ അറിവില്ല : ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ്

തൃശ്ശൂര്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ ജീവനക്കാരുടെ എണ്ണം സംബന്ധിച്ച് അനിശ്ചിതത്വം . അധികൃതര്‍ക്ക് കൃത്യമായ അറിവില്ല ബോര്‍ഡിന് കീഴിലുള്ള 403 ക്ഷേത്രങ്ങളില്‍ എത്ര ജീവനക്കാരുണ്ടെന്ന് അധികൃതര്‍ക്ക് അറിയില്ല. ഹൈക്കോടതിയിലുള്ള ഒരു കേസുമായി ബന്ധപ്പെട്ടാണിപ്പോള്‍ തകൃതിയായി ജീവനക്കാരുടെ കണക്കെടുപ്പ് നടക്കുന്നതെന്നാണ് സൂചന. ഇതിനിടെ നൂറോളം ഒഴിവുകളുള്ളപ്പോള്‍ റാങ്ക് പട്ടിക നിലവിലുള്ള കഴകം തസ്തികയില്‍ നിയമനങ്ങള്‍ അട്ടിമറിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

Read Also : വരുമാന നഷ്ടം: കടം തീര്‍ക്കാനും പെന്‍ഷന്‍ നല്‍കാനും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് 18 കോടിയുടെ സ്വര്‍ണം വില്‍ക്കാന്‍ വഴിതേടുന്നു

ദേവസ്വം ബോര്‍ഡ് രൂപവത്കരിച്ച കാലത്തുള്ള ജീവനക്കാരുടെ എണ്ണമാണ് ഇപ്പോഴും ഉള്ളത്. ഓരോ ക്ഷേത്രത്തിലും എത്ര ജീവനക്കാരുണ്ടെന്നതിന്റെ കണക്കെടുക്കണമെന്ന് ദേവസ്വം വിജിലന്‍സ് മൂന്ന് തവണ ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ കഴിഞ്ഞമാസം ഹൈക്കോടതിയില്‍ ഒരു കേസിനിടെയാണ് ബോര്‍ഡിലെ ജീവനക്കാരുടെ എണ്ണമെത്രയെന്ന ചോദ്യം വന്നത്. ഇതേത്തുടര്‍ന്ന് ബോര്‍ഡിലെ വിവിധ ഗ്രൂപ്പ് ക്ഷേത്രങ്ങളില്‍ ഇപ്പോള്‍ വേഗത്തില്‍ കണക്കെടുപ്പ് നടക്കുകയാണ്.

ഇതിനിടെയാണ് നിയമനങ്ങള്‍ അട്ടിമറിക്കുന്നുവെന്ന ആരോപണവും ഉയരുന്നത്. മാലകെട്ടല്‍, രശീതി എഴുതല്‍ പോലുള്ള കഴകം തസ്തികയിലേക്ക് റാങ്ക് പട്ടിക നിലവില്‍ വന്നത് 2018 ഡിസംബറിലാണ്. മൂന്ന് വര്‍ഷമാണ് കാലാവധി. പട്ടികയില്‍ 345 പേരുള്ളതില്‍ 121 പേര്‍ക്ക് നിയമനം ലഭിച്ചു. എന്നാല്‍ ഇനിയും നൂറോളം ഒഴിവുകള്‍ 403 ക്ഷേത്രങ്ങളിലായുണ്ടെന്ന് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ അവകാശപ്പെടുന്നു. ഭരണകക്ഷിയിലുള്ളവരെ താത്കാലികമായി ഈ തസ്തികകളില്‍ നിയോഗിച്ചിരിക്കുകയാണെന്നാണ് ആരോപണം. ഇവരില്‍നിന്ന് മാസംതോറും നല്ലൊരു തുക യൂണിയന്‍ ഫണ്ട് എന്ന പേരിലും വാങ്ങുന്നുണ്ടെന്നും ജോലിയില്‍നിന്നു വിരമിച്ചവര്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും ഇവര്‍ പറയുന്നു.

അതേസമയം , ജീവനക്കാരുടെ കണക്കെടുപ്പ് നിലവില്‍ നടക്കുന്നുണ്ടെന്നും നിയമനങ്ങള്‍ അട്ടിമറിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കൊച്ചിന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.ബി. മോഹനന്‍ പറഞ്ഞു. ഹൈക്കോടതിയുടെയോ ദേവസ്വം വിജിലന്‍സിന്റേയോ നിര്‍ദേശപ്രകാരമല്ല ഇത് നടത്തുന്നത്. ബോര്‍ഡിന് കീഴില്‍ ഏതാണ്ട് 1,700 ജീവനക്കാരുണ്ടെന്നാണ് കരുതുന്നത്. കഴകം തസ്തികയില്‍ നിലവില്‍ ഒഴിവുകളില്ല. പിന്തുടര്‍ച്ചാവകാശമുള്ള ‘കാരയ്മക്കാര്‍’ എല്ലാ ക്ഷേത്രങ്ങളിലുമുണ്ട്. ഇവരുടെ ഒഴിവ് കണക്കാക്കിയാവും റാങ്ക് പട്ടികയിലുള്ളവര്‍ കഴകം തസ്തികയില്‍ ഒഴിവുണ്ടെന്ന് പറയുന്നത്. ഈ ഭരണസമിതി വന്നതിനുശേഷം താത്കാലികമായി ഒരാളെപ്പോലും നിയമിച്ചിട്ടില്ലെന്നും എ.ബി. മോഹനന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button