Kerala

ഗേറ്റ് വേ ഓഫ് മുസിരിസ്’: അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ ഇനി മുനയ്ക്കൽ ബീച്ചും

അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ ഇടം നേടി ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ അഴീക്കോട് മുനയ്ക്കൽ ഡോൾഫിൻ ബീച്ച്. ‘ഗേറ്റ് വേ ഓഫ് മുസിരിസ്’ എന്ന പേരിൽ, ചരിത്രവും പൈതൃകവും സമന്വയിപ്പിച്ച് സംസ്ഥാനത്തെ ആദ്യത്തെ പൈതൃക ബീച്ചാക്കി മാറ്റിയെടുക്കുവാനുള്ള അന്താരാഷ്ട്ര നിലവാരമുള്ള പദ്ധതികൾ തയ്യാറാവുകയാണ്. രാജ്യാന്തര ശ്രദ്ധയാകർഷിച്ച മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി ബീച്ച് വികസിപ്പിക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്. പൗരാണിക കാലത്ത് ഭാരതത്തിന്റെ പ്രവേശന കവാടമായിരുന്ന മുസിരിസ് എന്ന തുറമുഖനഗരിയെ വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് മാറ്റ് കൂട്ടുക എന്നതാണ് ലക്ഷ്യം. ഡെസ്റ്റിനേഷൻ കമ്മിറ്റി നടത്തിവരുന്ന വികസനപ്രവർത്തനങ്ങൾ ഇനി മുതൽ മുസിരിസ് പൈതൃക പദ്ധതി മാനേജ്മെന്റ് കമ്മിറ്റി ഏറ്റെടുക്കുമെന്ന് ഇ. ടി ടൈസൺ മാസ്റ്റർ എം എൽ എ, മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി.എം. നൗഷാദ് എന്നിവർ അറിയിച്ചു.

Read also: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഏകതാ പ്രതിമ ഭാരതത്തിന്റെ അഭിമാനം; സ്ഥലം സന്ദർശനം നടത്തിയ ലക്ഷ കണക്കിന് സഞ്ചാരികളുടെ കണക്ക് പുറത്ത് വിട്ട് ടൂറിസം വകുപ്പ്

ബീച്ച് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കൂടുതൽ ശിൽപങ്ങളും ഇരിപ്പിടങ്ങളും വഴിവിളക്കുകളും നടപ്പാതകളും സ്ഥാപിക്കാനുള്ള നിർദ്ദേശം വെച്ചിട്ടുണ്ട്. നിലവിൽ ഭിന്നശേഷിക്കാർക്കുള്ള റാംപുകൾ, നടപ്പാതകൾ, ഇരിപ്പിടങ്ങൾ, ശൗചാലയങ്ങൾ, കഫേ, കുട്ടികളുടെ പാർക്ക്, സാംസ്‌കാരിക പരിപാടികൾക്കായി വിശാലമായ സ്റ്റേജ് എന്നിവ ഇവിടെയുണ്ട്. ഇത് കൂടുതൽ വിപുലീകരിക്കും. കൂടാതെ വിദേശ വിനോദ സഞ്ചാര രീതിയിലുള്ള ബോട്ട് ജെട്ടിയും നിർമ്മിക്കും. ശീതീകരിച്ച ബോട്ടുകളും വാട്ടർ ടാക്‌സികളും ഇതിന്റെ ഭാഗമായുണ്ടാകും. നിലവിൽ മുസിരിസ് പൈതൃക പദ്ധതിയുടെ കീഴിൽ ഇതേ മാതൃകയിലുള്ള ഹോപ് ഓൺ ഹോപ് ഓഫ് എന്ന പേരിൽ ജലയാത്രകൾ നടപ്പാക്കുന്ന10 ബോട്ട് ജെട്ടികൾ പദ്ധതി പ്രദേശങ്ങളിലുണ്ട്. ഇങ്കലിനാണ് നവീകരണത്തിന്റെ ചുമതല. ഡിടിപിസിയിൽ നിന്ന് ബീച്ചിന്റെ ചുമതല കൈമാറിക്കിട്ടിയാലുടൻ പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും പി.എം. നൗഷാദ് കൂട്ടിച്ചേർത്തു.

കായലും അഴിയും ചേരുന്ന അഴീക്കോട് ബീച്ച് മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമാണ് നടപ്പാകുന്നത്. വിദേശികളടക്കം നിരവധി പേരാണ് ബീച്ചിൽ എത്തുന്നത്. മറ്റിടങ്ങളിൽ നേരം ഇരുട്ടിയാലും മുസിരിസ് ബീച്ചിലെ നാട്ടുവെളിച്ചം മങ്ങണമെങ്കിൽ രാത്രി ഏഴര കഴിയണം. ജില്ലയിലെ ആദ്യത്തെ ഭിന്നശേഷി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രം എന്ന വിശേഷണത്തിനും ഈ ബീച്ച് അർഹമായിട്ടുളളത്.

shortlink

Post Your Comments


Back to top button