മഹാരാഷ്‌ട്ര സർക്കാർ രൂപീകരണം: വീണ്ടും ബി.ജെ.പി. – ശിവസേന? ശിവസേന-എന്‍.സി.പി- കോണ്‍ഗ്രസ്‌ സര്‍ക്കാരിനുള്ള സാധ്യത മങ്ങി

ന്യൂഡല്‍ഹി: മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ പ്രതിസന്ധി അയയുന്നു. ബി.ജെ.പി. – ശിവസേന സർക്കാർ ഉടൻ അധികാരത്തിൽ വന്നേക്കും. അതേസമയം, ശിവസേന-എന്‍.സി.പി- കോണ്‍ഗ്രസ്‌ സര്‍ക്കാരിനുള്ള സാധ്യത മങ്ങി. കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയുമായുള്ള ചര്‍ച്ചകള്‍ക്കുശേഷം പ്രതിപക്ഷത്തിരിക്കുമെന്നു എന്‍.സി.പി. അധ്യക്ഷന്‍ ശരദ്‌ പവാര്‍ പ്രഖ്യാപിച്ചു. ഇന്നലെ വൈകിട്ട്‌ അഞ്ചിനു ശരദ്‌ പവാര്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയെ കാണും വരെ ആത്മവിശ്വാസത്തിലായിരുന്നു ശിവസേന. എന്‍.സി.പി.- ശിവസേന സര്‍ക്കാര്‍ രൂപീകരിക്കുകയും കോണ്‍ഗ്രസ്‌ പുറത്തുനിന്നു പിന്തുണയ്‌ക്കുകയും ചെയ്യുന്ന സംവിധാനമായിരുന്നു ശരദ്‌ പവാര്‍ മുന്നോട്ടുവച്ചത്‌. എന്നാല്‍, കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി ഇതിനോട്‌ വിയോജിച്ചു.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിയമസഭാ കക്ഷി നേതാക്കളെ ക്ഷണിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ശിവസേനാ നേതാവ്‌ സഞ്‌ജയ്‌ റാവുത്ത്‌ ഇന്നലെ ഗവര്‍ണര്‍ ഭഗത്‌ സിങ്‌ കോസിയാരിയെ സന്ദര്‍ശിച്ചിരുന്നു. ബി.ജെ.പിക്ക്‌ സര്‍ക്കാരുണ്ടാക്കാനായില്ലെങ്കില്‍ ശിവസേനയ്‌ക്ക്‌ അവസരം ഉറപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ശിവസേനയെ അനുനയിപ്പിക്കാനുള്ള പാക്കേജ്‌ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്‌- ബി.ജെ.പി. അധ്യക്ഷന്‍ അമിത്‌ഷാ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞെന്നു ബി.ജെ.പി. വൃത്തങ്ങളും അറിയിച്ചു. ഈ മാസം എട്ടിനു മുമ്പ് പുതിയ സര്‍ക്കാരുണ്ടാക്കുമെന്നു ബി.ജെ.പി. കേന്ദ്രങ്ങള്‍ അറിയിച്ചു.

ALSO READ: ശിവസേനയുമായി സഖ്യമുണ്ടാക്കുന്നതിനെ കുറിച്ചുള്ള പ്രതികരണവുമായി ശരത് പവാര്‍

ഈ മാസം എട്ടിനകം സര്‍ക്കാര്‍ രൂപീകരണത്തിനു കഴിഞ്ഞില്ലെങ്കില്‍ വീണ്ടും തെരഞ്ഞെടുപ്പ്‌ നടത്തണമെന്നായിരുന്നു ബി.ജെ.പി. നേതാക്കള്‍ ഇതിനു നല്‍കിയ മറുപടി. 25 ശിവസേനാ എം.എല്‍.എമാര്‍ ബി.ജെ.പി. ക്യാമ്പിലേക്ക് നീങ്ങുമെന്നു സ്വതന്ത്ര എം.എല്‍.എ. രവി റാണയുടെ മുന്നറിയിപ്പും പിന്നാലെയെത്തി.

Share
Leave a Comment