KeralaNews

വിദ്യാർത്ഥികൾ ഏറ്റവും സുരക്ഷിതമായി പഠിക്കുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി കെ ടി ജലീൽ

തൃശൂർ: ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ വിദ്യാർത്ഥികൾ ഏറ്റവും സുരക്ഷിതമായി പഠിക്കുന്ന ഇടമാണ് കേരളമെന്ന് ന്യൂനപക്ഷക്ഷേമ-ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ. കെ ടി ജലീൽ. കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം ശക്തമായിരുന്നില്ലെങ്കിൽ, ഇതരസംസ്ഥാനങ്ങൾക്ക് സമാനമായ സ്ഥിതിയിൽ കേരളം മാറിയേനെ. അതിൽ നിന്ന് വ്യത്യസ്തമായി സ്വപ്ന സമാനമായ പാതയിലാണ് ഇന്ന് കേരളമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ‘പാസ്വേഡ് 2019-20’ ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് സംസ്ഥാനതല ഉദ്ഘാടനവും അഴീക്കോട് സീതിസാഹിബ് ഹൈസ്‌കൂൾ കെട്ടിടം പുനർനിർമാണ ശിലാസ്ഥാപന കർമവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read also: അധ്യാപകർ എപ്പോഴും അറിവന്വേഷകരായിരിക്കണമെന്ന് മന്ത്രി കെ.ടി. ജലീൽ

ഇന്ത്യയിൽ ദേശീയ പ്രശസ്തിയിൽ നിൽക്കുന്ന വിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ ജീവനും സുരക്ഷയും അവതാളത്തിലായ സാഹചര്യത്തിൽ അതിനൊരു ബദൽ മാതൃകയാണ് കേരളം. അത്തരം സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള പദ്ധതികൾക്കാണ് സർക്കാർ രൂപം നൽകുന്നത്. സുൽത്താൻ ബത്തേരിയിലെ വിദ്യാലയത്തിൽ നടന്ന ഒറ്റപ്പെട്ട സംഭവത്തെ മുൻ നിർത്തി വിദ്യാഭ്യാസ പ്രസ്ഥാനത്തെയും അധ്യാപകസമൂഹത്തെയും ഒന്നടങ്കം മാറ്റി നിർത്താനുള്ള വ്യാജ പ്രചരണമാണ് നടത്തുന്നത്. പൊതുവിദ്യാഭ്യാസ രംഗം ശക്തമായാൽ വർഗീയതയ്ക്ക് സമൂഹത്തിൽ ഇടമുണ്ടാകില്ല. പള്ളി മിനാരങ്ങളിലൂടെയും വോട്ടർ പട്ടികയിലൂടെയും വിദ്യാഭ്യാസ രംഗം ദുർബ്ബലമാക്കി മതാന്ധത വളർത്താൻ ചിലർ രഹസ്യമായി നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയണം. നാടിന്റെ പരിച്ഛേദത്തിൽ നിന്ന് സൗഹൃദം വളർത്തിയെടുക്കാൻ കഴിയുന്ന ഇടങ്ങളാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങൾ. അതത് സമുദായത്തിൽ നിന്ന് കൂട്ടുകാരെ തെരഞ്ഞെടുക്കാനുള്ള പ്രവണതയിൽ നിന്ന് കുട്ടികളെ നിരുത്സാഹപ്പെടുത്തണം. ബഹുസ്വരതയും മതനിരപേക്ഷതയും ചെറുപ്പത്തിലേ ആർജ്ജിക്കാൻ കഴിയുന്ന ഇടങ്ങളാണ് പൊതുവിദ്യാലയങ്ങൾ. അവ അക്ഷരങ്ങളും അറിവും പകരുന്ന കേന്ദ്രങ്ങൾ മാത്രമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൈസ്‌കൂൾ-ഹയർസെക്കൻഡറി തലങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനം ലക്ഷ്യം വെച്ച് സംസ്ഥാന ന്യൂനപക്ഷ വകുപ്പ് നടപ്പിലാക്കുന്ന വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് പരിശീലന ക്യാമ്പാണ് പാസ്വേഡ് 2018-2019. ഇതിൽ എസ്എസ്എൽസി വിദ്യാർത്ഥികൾക്കായി നടത്തുന്ന ഏകദിന പരിശീലന ക്യാമ്പിനാണ് അഴീക്കോട് സീതിസാഹിബ് ഹയർസെക്കൻഡറി സ്‌കൂളിൽ തുടക്കമിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button