News

അര്‍ദ്ധരാത്രിയില്‍ 8,000ത്തോളം സ്ത്രീകള്‍ നിര്‍ഭയം നടന്നു: 250 ഓളം സ്ഥലങ്ങളില്‍ രാത്രി പകലാക്കി സ്ത്രീകള്‍ ചരിത്രത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 29ന് നിര്‍ഭയ ദിനത്തില്‍ രാത്രി 11 മുതല്‍ രാവിലെ 1 മണി വരെ ‘പൊതുഇടം എന്റേതും’ എന്ന പേരില്‍ സംഘടിപ്പിച്ച രാത്രി നടത്തത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി 8,000ത്തോളം സ്ത്രീകള്‍ പങ്കെടുത്തു. സിനിമാതാരങ്ങള്‍, എഴുത്തുകാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ പിന്തുണയുമായി രാത്രി നടത്തത്തിനെത്തി. സംസ്ഥാനത്ത് 100 സ്ഥലങ്ങളിലാണ് രാത്രിനടത്തം സംഘടിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും വിവിധ മുന്‍സിപ്പാലിറ്റികളും പഞ്ചായത്തുകളും മുന്നോട്ടു വന്നതിനാല്‍ അവരെക്കൂടി ഉള്‍പ്പെടുത്തി. അങ്ങനെ 250 ഓളം സ്ഥലങ്ങളിലാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. ഏറ്റവും അധികംപേര്‍ രാത്രി നടന്നത് തൃശൂര്‍ ജില്ലയിലാണ്. തൃശൂരില്‍ 47 സ്ഥലങ്ങളിലാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. ഏറ്റവും കുറവ് ഇടുക്കി ജില്ലയിലാണ്. ഇടുക്കിയില്‍ 2 സ്ഥലങ്ങളിലാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. ആലപ്പുഴ 23, കൊല്ലം 3, പത്തനംതിട്ട 12, ഇടുക്കി 2, പാലക്കാട് 31, കോഴിക്കോട് 6, കണ്ണൂര്‍ 15, മലപ്പുറം 29, കോട്ടയം 29, എറണാകുളം 27 എന്നിങ്ങനേയാണ് മറ്റ് ജില്ലകളിലെ രാത്രി നടത്തത്തിന്റെ സ്ഥലങ്ങള്‍.

തിരുവനന്തപുരം ജില്ലയില്‍ 22 സ്ഥങ്ങളിലാണ് രാത്രി നടത്തം ഉണ്ടായിരുന്നത്. തിരുവനന്തപുരത്ത് മാനവീയം വീഥിയായിരുന്നു പ്രധാന കേന്ദ്രം. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, നിര്‍ഭയ സെല്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ സബീന എന്നിവര്‍ നേതൃത്വം നല്‍കി.

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായിക വിധു വിന്‍സെന്റ്, ബീനപോള്‍, സിനിമ താരം പാര്‍വതി, ടി.വി. അനുപമ ഐ.എ.എസ്., ദിവ്യ എസ്. അയ്യര്‍ ഐ.എ.എസ്., അസി. കളക്ടര്‍ അനു കുമാരി ഐ.എ.എസ്., എഴുത്തുകാരി സി.എസ്. ചന്ദ്രിക, ചീഫ് സെക്രട്ടറിയുടെ ഭാര്യ സോജ ജോസ്, വനിത കമ്മീഷന്‍ അംഗം ഇ.എം. രാധ, വി.സി. ഷാജി എന്‍. കരുണിന്റെ ഭാര്യ അനസൂയ, പ്ലാനിംഗ് ബോര്‍ഡ് അംഗം മൃദുല്‍ ഈപ്പന്‍ എന്നിവര്‍ മാനവിയം വീഥിയിലെ രാത്രി നടത്തത്തില്‍ പങ്കെടുത്തു.

കായംകുളത്ത് പ്രതിഭ എം.എല്‍.എ., തൃശൂരില്‍ ഗീത ഗോപി എം.എല്‍.എ., വൈക്കത്ത് ആശ എം.എല്‍.എ. എന്നിവര്‍ പങ്കെടുത്തു.

തിരുവനന്തപുരം നഗരത്തില്‍ മാനവീയം വീഥി, സ്റ്റാച്യു, ജഗതി, കൈതമുക്ക്, മണക്കാട്, കിള്ളിപ്പാലം എന്നീ 6 സ്ഥലങ്ങളിലുമാണ് രാത്രി നടത്തം തുടങ്ങിയത്. ഈ ആറ് സ്ഥലങ്ങളിലുള്ളവര്‍ ഒരുമിച്ചെത്തുന്ന തമ്പാനൂരില്‍ വിളംബരം, പ്രതിജ്ഞ, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു.

ആലംകോട്, തോട്ടവാരം, ചെറുവള്ളിമുക്ക്, മാമം, ടോള്‍ മുക്ക്, നാലുമൂക്ക്, ഗ്രാമത്തുംമുക്ക്, കൊല്ലമ്പുഴ, വര്‍ക്കല മുനിസിപ്പാലിറ്റി, വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത്, വര്‍ക്കല റെയില്‍വേ സ്‌റ്റേഷന്‍, വാമനപുരം, ഗോകുലം മെഡിക്കല്‍കോളേജ്, വെഞ്ഞാറമൂട്, നെല്ലനാട് പഞ്ചായത്ത്, മാണിക്കല്‍ പഞ്ചായത്ത് എന്നിവിടങ്ങളിലും തിരുവന്തപുരം ജില്ലയില്‍ രാത്രി നടത്തം ഉണ്ടായിരുന്നു.

https://www.facebook.com/kkshailaja/posts/2706389332782364

എറണാകുളത്ത് പാലാരിവട്ടം, പുന്നക്കല്‍ ജംഗ്ഷന്‍, പൊന്‍കര ബസ് സ്റ്റാന്റ്, മറ്റ് മുന്‍സിപ്പാലിറ്റികളിലും രാത്രി നടത്തമുണ്ടായിരുന്നു. കൊല്ലം സിവില്‍ സ്റ്റേഷന്‍, പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്റ്, ആലപ്പുഴ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റ്, ഇടുക്കി തൊടുപുഴ, തൃശൂര്‍ അരണിക്കര പള്ളി, പാലക്കാട് ഒലവക്കോട് റയില്‍വേ സ്റ്റേഷന്‍, കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍, കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസ്, മലപ്പുറം മഞ്ചേരി മുന്‍സിപ്പാലിറ്റി, കോട്ടയം ഗാന്ധി സ്‌ക്വയര്‍, വയനാട്, കാസര്‍ഗോഡ് തുടങ്ങിയ എല്ലാ ജില്ലകളിലെ ആസ്ഥാനത്തും തെരഞ്ഞെടുക്കപ്പെട്ട നിരവധി സ്ഥലങ്ങളിലും രാത്രി നടത്തം നടന്നു.

പോലീസിന്റേയും ഷാഡോ പോലീസിന്റേയും മറ്റ് വകുപ്പുകകളുടേയും സഹായത്തോടെയാണ് രാത്രി നടത്തം യാഥാര്‍ത്ഥ്യമാക്കിയത്. അത്യാവശ്യ സമയത്ത് വൈദ്യസഹായം ലഭ്യമാക്കുന്നതിന് മെഡിക്കല്‍ സംഘത്തേയും വിവിധ സംഘടനകളില്‍ നിന്നുള്ള വോളന്റിയര്‍മരേയും ഉള്‍പ്പെടുത്തിയാണ് രാത്രി നടത്തത്തിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തിയത്.

shortlink

Post Your Comments


Back to top button