Specials

ചെട്ടിക്കുളങ്ങര ഭരണിയുടെ ഐതിഹ്യവും കെട്ടുകാഴ്ചയും

ഓണാട്ടുകരയിലെ നാട്ടുവഴികളിലൂടെ നടക്കുമ്പോള്‍ കാറ്റ് പോലും കാതില്‍ ഐതിഹ്യ കഥകളുടെ മാധുര്യം പങ്കുവയ്ക്കും. കുംഭം പുലരുന്നതോടെ ഓരോ മണ്‍തരികളിലും താനവട്ടത്തിന്റെ ശീലുകള്‍ പുളകം കൊള്ളിക്കും. ശിവരാത്രിനാളിലെ തൃസന്ധ്യയില്‍ ചുവടുവച്ചു തുടങ്ങി ഭരണി നാളില്‍ അമ്മയുടെ തിരുമുന്‍പില്‍ സമര്‍പ്പിക്കുംവരെ ഓരോ കുത്തിയോട്ടഭവനത്തിലേക്കും നാടൊന്നായി ഒഴുകിയെത്തും. അതാണ് ചെട്ടികുളങ്ങര… ഓണാട്ടുകരയുടെ പരദേവതാംബ വാഴുന്ന മണ്ണ്.

ചെട്ടികുളങ്ങര ഭഗവതി കൊടുങ്ങല്ലൂര്‍ അമ്മയുടെ മകളാണെന്നാണു വിശ്വാസം. പണ്ട് ഈരേഴ തെക്ക് കരയിലെ ചെമ്പോലില്‍ കുടുംബനാഥനും സുഹൃത്തുക്കളും കൊയ്പ്പള്ളി കാരാഴ്മ ക്ഷേത്രത്തില്‍ ഉത്സവം കാണാന്‍ പോയി. അവിടത്തെ കരപ്രമാണിമാര്‍ അവരെ അപമാനിച്ചു. ദുഃഖിതരായി മടങ്ങിയെത്തിയ അവര്‍ ചെട്ടികുളങ്ങരയില്‍ ക്ഷേത്രം നിര്‍മിക്കുന്നതിനെക്കുറിച്ചാലോചിച്ചു. പല ക്ഷേത്രങ്ങളും സന്ദര്‍ശിച്ച അവര്‍ കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ എത്തി ഭജനം പാര്‍ത്തു. പന്ത്രണ്ടാം ദിവസം ദേവി അവര്‍ക്കു സ്വപ്നത്തില്‍ ദര്‍ശനമേകി.

ഭഗവതിയുടെ പുറത്തെഴുന്നള്ളത്തു മുതല്‍ കൊടുങ്ങല്ലൂരിലേക്കുള്ള പുറപ്പാടു വരെയാണു ചെട്ടികുളങ്ങരയ്ക്ക് ഉത്സവകാലം. കരുത്തും കലയും ചേരുന്ന കെട്ടുകാഴ്ചകള്‍, അമ്മയ്ക്കു ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കുന്ന കുത്തിയോട്ടം എന്നിവയെല്ലാം പ്രത്യേകതകളാണ്

മികവോടെ കെട്ടുകാഴ്ച
13 കരകളില്‍നിന്ന് അമ്മയുടെ മുന്നിലേക്കു പുറപ്പെടുന്ന കെട്ടുകാഴ്ചകളാണു കുംഭഭരണി നാളില്‍ നാട്ടിലെ ഏറ്റവും വലിയ ആകര്‍ഷണം.

ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, പേള, നടയ്ക്കാവ് കരകളില്‍നിന്നു കുതിരകള്‍ വരും. കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, കടവൂര്‍, ആഞ്ഞിലിപ്ര, മേനാംപള്ളി കരകളില്‍നിന്നു തേരുകള്‍. മറ്റം തെക്കുനിന്നു ഹനുമാനും പാഞ്ചാലിയമ്മയും. മറ്റം വടക്കുനിന്നു ഭീമന്‍.
പോത്തുവണ്ടിയില്‍ ബകനു ചോറുമായി പോകുന്നതായാണു ഭീമസേനന്റെ ശില്‍പം.ഭീമനെയും ഹനുമാനെയും പാഞ്ചാലിയമ്മയെയും എല്ലാ വര്‍ഷവും ചായം നല്‍കി പുതുക്കുന്നുണ്ട്. ഉടയാടകളും മാറ്റും.

എണ്ണം പറഞ്ഞ തച്ചുശാസ്ത്ര വിദഗ്ധരുടെ നാടാണ് ഓണാട്ടുകര. കരവിരുതിന്റെയും ഒരുമയുടെയും സര്‍ഗവൈഭവത്തിന്റെയും മകുടോദാഹരണങ്ങളായ കെട്ടുകാഴ്ചകളാണു ചെട്ടികുളങ്ങര കുംഭഭരണിയുടെ മാറ്റു വര്‍ധിപ്പിക്കുന്നത്. ഏറെ ഭക്തിയോടെയാണു പതിമൂന്നു ദേശക്കാരും കെട്ടുകാഴ്ചയൊരുക്കുന്നത്. പണി തുടങ്ങുന്ന ദിവസം രാവിലെ ക്ഷേത്രത്തിലെത്തി അമ്മയ്ക്കു പ്രത്യേക പൂജകളും വഴിപാടുകളും നടത്തുന്നു. ക്ഷേത്രത്തിലെ പുണ്യാഹവുമായെത്തി കെട്ടുസാമഗ്രികള്‍ ശുദ്ധിയാക്കുന്നു.

നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ പണി തുടങ്ങുന്നു. ശിവരാത്രി മുതല്‍ രാപകലുകള്‍ വിയര്‍പ്പൊഴുക്കി കൈമെയ് മറന്ന് ഓണാട്ടുകരക്കാര്‍ കെട്ടിപ്പൊക്കിക്കൊണ്ടിരിക്കുന്ന കെട്ടുകാഴ്ച ഉച്ചയ്ക്കുശേഷം ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു. പ്രായഭേദമന്യേ ഒരുമയുടെ സന്ദേശം വിളിച്ചോതി ക്ഷേത്രനടയില്‍ എത്തിച്ചു ദേവിയെ വണങ്ങി കരക്രമമനുസരിച്ച് കിഴക്കുവശത്തെ കാഴ്ചക്കണ്ടത്തില്‍ അണിനിരക്കുന്ന കാഴ്ചയാണു ചേതോഹരം.

യഥാര്‍ഥ കുതിരയുമായി രൂപസാമ്യമില്ലാത്ത കെട്ടുകാഴ്ച കുതിരകള്‍ക്കു സമകോണാകൃതിയിലുള്ള മധ്യഭാഗത്തിനു താഴെ അഞ്ചുനിര എടുപ്പുകളും മുകളില്‍ ഏഴുനിര എടുപ്പുകളുമുണ്ട്. മറ്റം വടക്ക് കരക്കാരുടെ കെട്ടുകാഴ്ചയായ ഭീമനു മുപ്പതടിയിലേറെ പൊക്കമുണ്ട്. പഞ്ചതലത്തില്‍ നിര്‍മിച്ച ദാരുശില്‍പമാണിത്. മുഖത്തിന്റെ അളവിന്റെ അഞ്ചിരട്ടിയാണു ശരീരം എന്നതാണു പഞ്ചതല ശില്‍പത്തിന്റെ പ്രത്യേകത. കെട്ടുകാഴ്ചകളായ തേരിന്റെയും, കുതിരയുടെയും അലകുകളും മറ്റും കൂട്ടിയോജിപ്പിച്ചു കെട്ടുവാന്‍ ഇന്ന് ഇഴക്കയറുകളാണുപയോഗിക്കുന്നത്. പക്ഷേ, പണ്ടുകാലങ്ങളില്‍ അതിന്റെ സ്ഥാനത്തു പന്നല്‍ച്ചെടി വള്ളികളും, കൈതവേരും, പനങ്കുലയുടെ വള്ളികളുമാണ് ഉപയോഗിച്ചിരുന്നത്. ഗ്രാമീണതയുടെ ശാലീനതയില്‍ വിജയിച്ചുനില്‍ക്കുന്നത് ഒരുമയുടെ നന്മയാണ്.

shortlink

Related Articles

Post Your Comments


Back to top button