മദ്യലഹരിയില്‍ വാഹനമോടിച്ച് നാല് വിദ്യാര്‍ത്ഥിനികളടക്കം ആറുപേരെ ഇടിച്ചു ; ഒരു കുട്ടിയുടെ നില അതീവ ഗുരുതരം ; കാര്‍ നിന്നത് മരത്തിലിടിച്ച്

ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കലില്‍ നാല് വിദ്യാര്‍ത്ഥിനികളടക്കം ആറുപേരെ ഇടിച്ച കാറപകടം മദ്യലഹരിയിലെന്ന് പൊലീസ്. കാറിലുണ്ടായിരുന്ന രണ്ടുപേരും മദ്യപിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. പൂച്ചാക്കല്‍ സ്വദേശി മനോജ്, ഇതരസംസ്ഥാന തൊഴിലാളിയായ ആനന്ദ് മുഡോയി എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇരുവരേയും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിടിച്ച് പരിക്കേറ്റതില്‍ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്.

ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അനഘയുടെ നിലയാണ് ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഗുരുതമായി തുടരുന്നത്. കുട്ടിയെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. അനഘയ്‌ക്കൊപ്പം കാറിടിച്ച് പരിക്കേറ്റ സഖി, ചന്ദന, അര്‍ച്ചന എന്നീ കുട്ടികളുടെ തുടയെല്ല് പൊട്ടിയിട്ടുണ്ട്. ഇവരെ കളമശേരി മെഡിക്കല്‍ കോളേജിലേക്കി മാറ്റിയിട്ടുണ്ട്. വിദ്യാര്‍ത്ഥിനികളെ ഇടിക്കും മുമ്പ് ബൈക്കില്‍ സഞ്ചരിച്ച അനീഷിനെയും നാലു വയസുള്ള മകനെയും കാര്‍ തട്ടിയിരുന്നു. ഇവരുടെ നില തൃപ്തികരമാണ്.

ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മൂന്നിടങ്ങളിലായി ഓരേ കാറിടച്ച് ആറ് പേര്‍ക്ക് പരിക്കേറ്റത്. പൂച്ചാക്കല്‍ ശ്രീകണ്‌ഠേശ്വകം സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ അനഘ, ചന്ദന, അര്‍ച്ചന, സാഗി എന്നിവരെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഒരു കുട്ടി തോട്ടിലേക്കും മറ്റ് രണ്ട് പേര്‍ സമീപത്തെ പറമ്പിലേക്കും തെറിച്ചുവീണു. സൈക്കിളില്‍ വരുമ്പോഴാണ് നാലാമത്തെ കുട്ടിയെ ഇടിച്ചത്. അമിതവേഗതയിലെത്തിയ കാര്‍ മരത്തിലിടിച്ചാണ് പിന്നീട് നിന്നത്.

Share
Leave a Comment