News

ഇന്ന് ലോക ബാലവേല വിരുദ്ധ ദിനം: കോവിഡ് മഹാമാരിക്കുശേഷം സംസ്ഥാനത്ത് ബാലവേല കൂടുമോ എന്ന് ആശങ്ക

കൊച്ചി: ഇന്ന് ലോക ബാലവേല വിരുദ്ധ ദിനം. കോവിഡ് മഹാമാരിക്കുശേഷം സംസ്ഥാനത്ത് ബാലവേല കൂടുമോ എന്ന് ആശങ്കയാണ് പഠനം സൂചിപ്പിക്കുന്നത്. നിലവിലെ സാമ്പത്തിക പ്രതിസന്ധി കുട്ടികളെ തൊഴിൽ ചെയ്യാൻ പ്രേരിപ്പിക്കുമെന്നും ഇതു തടയാൻ കൂടുതൽ ശ്രദ്ധവേണമെന്നും കൈലാഷ് സത്യാർഥി നേതൃത്വം നൽകുന്ന ബച്ച്പൻ ബച്ചാവോ ആന്തോളൻ ആവശ്യപ്പെട്ടു.

മറ്റു സംസ്ഥാനങ്ങളേക്കാൾ ബാലവേല കേരളത്തിൽ കുറവാണ്. എങ്കിലും സർക്കാരിന്റെ ’ശരണബാല്യം’ പദ്ധതിപ്രകാരം 2018 -2020 കാലഘട്ടങ്ങളിൽ സംസ്ഥാനത്ത് 56 കുട്ടികളെ ബാലവേലയിൽനിന്ന് മോചിപ്പിച്ചതായാണ് കണക്ക്. കൂടുതലും അന്യസംസ്ഥാനങ്ങളിൽനിന്നുള്ള കുട്ടികളാണ്‌. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബങ്ങളിലെ മുതിർന്ന കുട്ടികൾ പലപ്പോഴും തൊഴിൽചെയ്യാൻ നിർബന്ധിതരാവും. ഇത് ഇവരുടെ പഠനത്തെ ബാധിക്കും -ബച്ച്പൻ ബച്ചാവോ ആന്തോളൻ സംസ്ഥാന കോ -ഓർഡിനേറ്റർ പ്രസ്‌റീൻ കുന്നംപള്ളി പറഞ്ഞു.

ഇന്ത്യയിൽ കുട്ടികളെ അനധികൃതമായി കടത്തുന്നത് ബാലവേലയിലേക്ക് നയിക്കുമെന്ന് ഈയിടെ സുപ്രീംകോടതിയിൽ ബച്ച്പൻ ബച്ചാവോ ആന്തോളൻ നൽകിയ പൊതുതാത്പര്യഹർജിയിൽ ആരോപിച്ചിരുന്നു. തുടർന്ന് ഇവയെക്കുറിച്ച് വിശദമായി പഠിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ മുതിർന്ന അഭിഭാഷകരോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ബാലവേല, ബാലഭിക്ഷാടനം, ബാലചൂഷണം എന്നിവയിൽ ശരണബാല്യം പദ്ധതിയിലൂടെ 225 കുട്ടികളെയാണ് രണ്ടു വർഷത്തിനുള്ളിൽ മോചിപ്പിച്ചത്. അറിയപ്പെടാതെ നിരവധി കുട്ടികൾ ഇപ്പോഴും തൊഴിലിടങ്ങളിലുണ്ടെന്നാണ് സംഘടന കരുതുന്നത്. ലോക്ഡൗണിനുശേഷം ബാലവേല കൂടാതിരിക്കാൻ വിവിധ വകുപ്പുകളുമായി സഹകരിച്ച് പരിശോധനകൾ ശക്തമാക്കുമെന്ന് ശരണബാല്യം പ്രവർത്തകർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button