കോവിഡ് വാക്‌സിന്‍ യാഥാര്‍ഥ്യമായാല്‍ എല്ലാ രാജ്യങ്ങള്‍ക്കും തുല്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലോകനേതാക്കള്‍

ഒട്ടാവ : കോവിഡ് പ്രതിരോധ വാക്‌സിന്‍ കണ്ടുപിടിച്ചാല്‍ അതെല്ലാവര്‍ക്കും തുല്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. സ്‌പെയിന്‍, ന്യൂസീലന്‍ഡ്, ദക്ഷിണ കൊറിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായി ചേര്‍ന്നാണ് ട്രൂഡോയുടെ അഭ്യര്‍ഥന.

വാക്‌സിന്‍ ജീവന്‍ രക്ഷിക്കും. അതുകൊണ്ടാണ് ഒരു വാക്‌സിന്‍ കണ്ടെത്തുന്നതിനായി ലോകമെമ്പാടും ശ്രമിക്കുന്നത്‌. അങ്ങനെ ചെയ്യുമ്പോള്‍ ലോകത്ത്‌ എല്ലാവര്‍ക്കും അത് തുല്യമായി ലഭ്യമാകുന്നതും നാം ഉറപ്പുവരുത്തണം. കാരണം നിങ്ങള്‍ ജീവിക്കണമോ എന്നു നിര്‍ണയിക്കേണ്ടത് നിങ്ങള്‍ എവിടെയാണ് ജീവിക്കുന്നത് എന്നതിലായിരിക്കരുത്..’ ട്രൂഡോ ട്വീറ്റ് ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് ട്രൂഡോയുള്‍പ്പടെ സ്‌പെയിന്‍, ന്യൂസീലന്‍ഡ്, ദക്ഷിണ കൊറിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കള്‍ ചേര്‍ന്ന്‌ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. വാക്‌സിന്‍ നിര്‍മാണത്തിനും വിതരണത്തിനും വിവിധ രാജ്യങ്ങളുടെ സഹകരണം ഈ ലേഖനത്തില്‍ നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്.

കോവിഡ്   വാക്‌സിന്‍ തുല്യമായി വിതരണം ചെയ്യാന്‍ ആഗോളനേതാക്കള്‍ പ്രതിജ്ഞാബദ്ധരാകണമെന്ന്‌ തങ്ങള്‍ അപേക്ഷിക്കുകയാണെന്ന് ഈ ലേഖനം പങ്കുവെച്ചുകൊണ്ട് ട്രൂഡോ പറഞ്ഞു. സ്‌പെയിന്‍, ന്യൂസീലന്‍ഡ്, ദക്ഷിണ കൊറിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളെയും തന്റെ ട്വീറ്റില്‍ ട്രൂഡോ ടാഗ് ചെയ്തിട്ടുണ്ട്. കോവിഡ് 19 വാക്‌സിന്‍ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട പ്രതീക്ഷയുണര്‍ത്തുന്ന വാര്‍ത്തകള്‍ പുറത്തു വന്നതിന് പിറകേയാണ് നേതാക്കളുടെ ലേഖനം പുറത്തുവന്നിരിക്കുന്നത്.

 

Share
Leave a Comment