Festivals

രക്ഷാബന്ധന്‍-വിശ്വസാഹോദര്യത്തിന്റെ പ്രതീകം … ഭാരത സംസ്‌കാരത്തിന്റെ മാത്രം പ്രത്യേകത

സാഹോദര്യബന്ധത്തിന്റെ ആഴം കുറിക്കുന്ന രക്ഷാബന്ധന്‍ ഭാരതസംസ്‌കാരത്തിന്റെ പ്രത്യേകതയും സവിശേഷതയുമാണ്. സമ്പൂര്‍ണ്ണ സുരക്ഷയും ഉറപ്പുവരുത്തുന്ന ആത്മവിശ്വാസവും അതിലൂടെ ജീവിതവിജയം കൈവരിക്കാനുള്ള പ്രേരണയും രാഖിബന്ധനം എന്ന ലളിതമായ ചടങ്ങിലൂടെ ലഭിക്കുന്നു.

സഹോദരി, സഹോദരന്റെ കൈയില്‍ ‘രാഖി’ ബന്ധിക്കുന്ന സന്ദര്‍ഭത്തില്‍ സഹോദരിക്ക് ഏത് സമയത്തും താന്‍ തുണയാകുമെന്ന ഉറപ്പാണ് സഹോദരന്‍ നല്‍കുന്നത്. സഹോദരനോട് സ്നേഹവും വിശ്വാസവും കാത്തുസൂക്ഷിക്കുമെന്ന് സഹോദരിയും വാക്കു നല്‍കുന്നു. ഭാരതത്തിലെ ഉത്സവങ്ങളെല്ലാം നമ്മുടെ മഹത്തായ സാംസ്‌കാരികപാരമ്പര്യത്തെ തലമുറകള്‍ക്ക് പ്രദാനം ചെയ്യുന്നതിനുള്ള ആചരണപ്രക്രിയകളായിരുന്നു.

സഹസ്രാബ്ദങ്ങളായി അനുസ്യൂതം തുടരുന്ന വിശ്വസംസ്‌കൃതിയുടെ ഈറ്റില്ലമാണ് ഭാരതം. രക്ഷാബന്ധനമഹോത്സവം ലോകോത്തരമായി അംഗീകരിക്കപ്പെടുന്ന വിശ്വസാഹോദര്യത്തിന്റെ പ്രതീകമായാണ് ആഘോഷിച്ചുവരുന്നത്. പ്രാരംഭദശയില്‍ കുടുംബങ്ങളില്‍മാത്രം നടന്നുവന്ന ചടങ്ങിന് വര്‍ത്തമാനകാലത്ത് വലിയ സാമൂഹ്യമാനം കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ളത് ഒരു സാംസ്‌കാരത്തിന്റെ കൈമാറ്റത്തിലൂടെയാണ്. മനുഷ്യരാശിയും രാഷ്ട്രവുമെല്ലാം സുരക്ഷാഭീഷണി – പ്രത്യേകിച്ച് സ്ത്രീസുരക്ഷ – നേരിടുന്ന ഇക്കാലത്ത് രാഖിബന്ധനത്തിന്റെ പ്രസക്തിയും പ്രശസ്തിയും ഏറെ ശ്രദ്ധേയമാണ്. സാമൂഹിക ഉത്സവമായി മാറിയിരിക്കുന്ന രക്ഷാബന്ധനത്തെക്കുറിച്ച് പുരാണത്തിലും ചരിത്രത്തിലുമെല്ലാം നിരവധി സംഭവങ്ങള്‍ (ഐതിഹ്യങ്ങള്‍) കാണാന്‍ സാധിക്കും.

ബലിയും ലക്ഷ്മിയും

ബലിയുടെ ഭക്തിയില്‍ സംപ്രീതനായ മഹാവിഷ്ണു ബലിയുടെ രാജ്യസംരക്ഷണം ഏറ്റെടുത്തു. ബലിയുടെ രാജ്യത്തേയ്ക്ക് വേഷം മാറിവന്ന ലക്ഷ്മി ബലിയുടെ കൈത്തണ്ടയില്‍ രാഖി കെട്ടി ഭര്‍ത്താവായ വിഷ്ണുവിനെ വേണമെന്ന തന്റെ ആവശ്യം അറിയിച്ചു. ആ സഹോദരിയുടെ ആവശ്യം ബലി അംഗീകരിച്ചു.

ഇന്ദ്രനും ഇന്ദ്രാണിയും

ദേവാസുരയുദ്ധത്തില്‍ ഇന്ദ്രന്‍ പരാജയപ്പെട്ടു. പിന്നീട് അസുരന്മാരെ പരാജയപ്പെടുത്താന്‍വേണ്ടി ദേവഗുരുവായ ബൃഹസ്പതിയുടെ നിര്‍ദ്ദേശമനുസരിച്ച് ദേവേന്ദ്രപത്നിയായ ഇന്ദ്രാണി ശ്രാവണപൗര്‍ണ്ണമിയില്‍ ഇന്ദ്രന്റെ കൈത്തണ്ടയില്‍ ചരട് കെട്ടി. തുടര്‍ന്ന് നടന്ന യുദ്ധത്തില്‍ അസുരന്മാരെ ഇന്ദ്രന്‍ പരാജയപ്പെടുത്തി.

അലക്സാണ്ടര്‍ -പുരു യുദ്ധം

പുരുവിന്റ പരാക്രമത്തില്‍ ഭയം തോന്നിയപ്പോള്‍ അലക്സാണ്ടറുടെ പത്നി രുക്സാന പുരുവിന് രാഖി അയച്ചുകൊടുത്തു. അലക്സാണ്ടറിനോട് ഏറ്റുമുട്ടിയപ്പോള്‍ തന്റെ കൈത്തണ്ടയില്‍ രുക്സാന അയച്ചുകൊടുത്ത രാഖി കണ്ടപ്പോള്‍ അലക്സാണ്ടറെ മുറിവേല്‍പ്പിക്കാതെ പുരു പിന്മാറി.

1905 ല്‍ ബംഗാള്‍ വിഭജിക്കാന്‍ കഴ്സണ്‍പ്രഭു ഉത്തരവിറക്കിയപ്പോള്‍ രവീന്ദ്രനാഥടാഗൂറിന്റെ നേതൃത്വത്തില്‍ ദേശസ്നേഹികള്‍ ഒത്തുകൂടി. ഗംഗാനദിയില്‍ സ്നാനവും നടത്തി പരസ്പരം രാഖിയും ബന്ധിച്ച് വന്ദേമാതരഗാനവുമുദ്ഘോഷിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം നയിച്ച് വിജയിച്ചത് ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്.

രക്ഷാബന്ധന്റെ പ്രത്യേകത

ഭാരതീയ ഋഷികള്‍ ഭാരതീയര്‍ക്കുവേണ്ടി മാത്രം ചിന്തിച്ചവരല്ല. ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’, ‘ആത്മവദ് സര്‍വ്വഭൂതാനി’ എന്നിങ്ങനെ ചിന്തിച്ചതുകൊണ്ട് നമുക്ക് സാര്‍വ്വകാലികപ്രസക്തിയും സാര്‍വ്വദേശീയ അംഗീകാരവും കരഗതമായി. ചരിത്രാതീതകാലം മുതല്‍ ഭാരതം വിശ്വപ്രസിദ്ധമായിരുന്നു. വിശ്വോത്തരമായ ഒരു സംസ്‌കാരത്തിന് ഉടമകളായിരുന്നു നാം. ‘ലോകം ഒരു കുടുംബം’ എന്ന ഭാവം അതില്‍നിന്നുരുത്തിരിഞ്ഞതാണ്. ഇവിടുത്തെ മാനുഷികബന്ധങ്ങളുടെ മകുടോദാഹരണമാണ് ‘വിശ്വസാഹോദര്യം.’ വിശ്വമാനവികത സനാതനധര്‍മ്മത്തിനുമാത്രം അവകാശപ്പെട്ടതാണ്.

shortlink

Post Your Comments


Back to top button