News

പ്രവർത്തനഫണ്ടിൽനിന്ന് കേടികളുടെ തിരിമറി; യു.എൻ.എ പ്രസിഡന്റ് അടക്കം നാലുപേർ‍ അറസ്റ്റിൽ

തൃശ്ശൂർ : പ്രവർത്തനഫണ്ടിൽ നിന്നും മൂന്നുകോടി രൂപയുടെ തിരിമറിനടത്തിയെന്ന കേസിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ.) ദേശീയ പ്രസിഡന്റ് ജാസ്മിൻഷായും ഭാരവാഹികളുമടക്കം നാലുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റ്‌ ചെയ്തു. തൃശ്ശൂരിലെ ഒരു ഫ്ളാറ്റിൽനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഒന്നാംപ്രതിയായ ജാസ്മിൻഷായെ കൂടാതെ രണ്ടാംപ്രതിയും യു.എൻ.എ. സംസ്ഥാന പ്രസിഡന്റുമായ ഷോബി ജോസഫ്, മൂന്നാംപ്രതിയും ജാസ്മിൻഷായുടെ ഡ്രൈവറുമായ നിതിൻ മോഹൻ, നാലാംപ്രതിയായ ഓഫീസ് ജീവനക്കാരൻ പി.ഡി. ജിത്തു എന്നിവരെയാണ് തിരുവനന്തപുരത്തുനിന്നെത്തിയ ക്രൈംബ്രാഞ്ച് നാലാംയൂണിറ്റ് അറസ്റ്റ്‌ ചെയ്തത്. ഫണ്ട് വകമാറ്റി വാങ്ങിയ രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തു. പ്രതികൾക്കായി ലുക്ക്‌ ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. യു.എൻ.എ. തിരുവനന്തപുരം ജില്ലാ സെക്രട്ടറി സിബി മുകേഷ് 2019-ൽ ഡി.ജി.പി.ക്ക് നൽകിയ പരാതിയെത്തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്.

കേസിലെ അഞ്ചാംപ്രതിയായ സംസ്ഥാന സെക്രട്ടറി സുജനപാൽ, ആറാംപ്രതി ബിബിൻ പൗലോസ്, ഏഴാംപ്രതി എം.വി. സുധീർ എന്നിവർക്ക് ഹൈക്കോടതി മുൻകൂർജാമ്യം അനുവദിച്ചിരുന്നു. വിദേശത്തായിരുന്ന ജാസ്‌മിൻഷാ കഴിഞ്ഞ മാർച്ചിലാണ് നാട്ടിലെത്തിയത്. അന്നുമുതൽ നാല്‌ പ്രതികളും കേരളത്തിലും സംസ്ഥാനത്തിനു പുറത്തും വിവിധയിടങ്ങളിലായി ഒളിവിൽ കഴിഞ്ഞു. തൃശ്ശൂരിൽ എത്തിയെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് ബുധനാഴ്‌ച ക്രൈംബ്രാഞ്ച് എത്തി അറസ്റ്റ് ചെയ്തത്.

വ്യാജരേഖ ചമയ്ക്കൽ, വഞ്ചനക്കുറ്റം, സാമ്പത്തികത്തട്ടിപ്പ് എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ജാസ്‌മിൻഷായുടെ ഡ്രൈവർ ഉൾപ്പെടെ പണം പിൻവലിച്ചിരുന്നതായും പ്രാഥമികപരിശോധനയിൽ കണ്ടെത്തിയിരുന്നു. യു.എൻ.എ.യുടെ നാല് ബാങ്കുകളിലായുള്ള ആറ് അക്കൗണ്ടുകൾ അന്വേഷണസംഘം മരവിപ്പിച്ചിരുന്നു. എന്നാൽ, അക്കൗണ്ട് വഴിയല്ലാതെ സംഘടനയ്ക്ക് നിരവധിപേർ പണം കൈമാറിയിട്ടുണ്ടെന്നും വിവരം ലഭിച്ചിരുന്നു.

വിദേശത്തായിരുന്ന ജാസ്മിൻഷാ കഴിഞ്ഞ മാർച്ചിലാണ് നാട്ടിലെത്തിയത്. അന്നുമുതൽ നാലു പ്രതികളും ഒളിവിൽ കഴിയുകയായിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജാസ്മിൻ ഷാ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതി നിർദേശത്തെ തുടർന്ന് പ്രത്യേക അന്വേഷക സംഘം രൂപീകരിച്ചത്‌. വിശദ അന്വേഷണത്തിനുള്ള ഹൈക്കോടതി വിധിക്കെതിരേ ജാസ്മിൻഷായും സംഘവും സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം നടക്കട്ടെയെന്നായിരുന്നു കോടതി നിലപാട്.

shortlink

Post Your Comments


Back to top button