Kerala

നിയന്ത്രണങ്ങളോടെ മാത്രം ഓണാഘോഷം

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഈ വർഷത്തെ ഓണവിപണിയിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കാൻ ജില്ലാതല യോഗം തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഏ സി മൊയ്തീൻ അധ്യക്ഷത വഹിച്ച യോഗത്തിലാണ് തീരുമാനം. കടകളിലെ കച്ചവടം, ഓണാഘോഷ പരിപാടികൾ, പൂക്കള മത്സരങ്ങൾ എന്നിവ പാടില്ല. കടകളിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ളവരെയും 10 വയസ്സിന് താഴെയുള്ളവരെയും പ്രവേശിപ്പിക്കില്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഓണക്കാലത്ത് കലാകായിക പരിപാടികൾ, സാംസ്‌കാരിക പരിപാടികൾ എന്നിവ പൂർണമായും നിരോധിക്കും. കാറ്ററിങ് സർവീസ് നടത്തുന്ന സ്ഥാപനങ്ങൾക്ക് പാചകം ചെയ്ത് ഭക്ഷണസാധനങ്ങൾ പാഴ്സലായി വീടുകളിലെത്തിക്കാം. കാറ്ററിങ് സ്ഥാപനങ്ങൾ നടത്തുന്നവർ ഫുഡ് ആന്റ് സേഫ്റ്റി അധികൃതരിൽ നിന്നും മുൻകൂർ അനുമതി വാങ്ങണം. സ്ഥാപനത്തിലെ ആളുകളുടെ പേരും വിലാസവും ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് നൽകണം. കണ്ടെയ്ൻമെന്റ് സോണുകളിൽ തട്ടുകടകളും വഴിയോരക്കച്ചവടവും പൂർണമായും നിരോധിക്കും. കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് മറ്റൊരു പ്രദേശത്തേക്ക് മാറി കച്ചവടം നടത്തുന്നതും കർശനമായി നിരോധിക്കും. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും ജില്ലാഭരണകേന്ദ്രത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും നിർദ്ദേശങ്ങൾക്കനുസൃതമായി സുരക്ഷാമാനദണ്ഡങ്ങളോടെ കച്ചവടം നടത്താം.

കടകൾ രാവിലെ 7 മുതൽ വൈകീട്ട് 7 വരെ മാത്രം പ്രവർത്തിക്കാം. കടകളിൽ സാമൂഹിക അകലം പാലിക്കൽ, മാസ്‌ക് ധരിക്കൽ എന്നിവയിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയുണ്ടാകും. കടകളിൽ തെർമൽ സ്‌കാനർ സംവിധാനം ഉണ്ടാകണം. ഉപഭോക്താക്കൾക്ക് കൈകൾ ശുചീകരിക്കുന്നതിനായി സാനിറ്റൈസർ, സോപ്പ് എന്നിവ കടകൾക്കു മുന്നിൽ വയ്ക്കണം. ജീവനക്കാരും ഇടയ്ക്കിടെ കൈകൾ ശുചീകരിക്കണം. ദിവസവും സ്ഥാപനവും പരിസരവും അണുവിമുക്തമാക്കാൻ കടയുടമകൾ ശ്രദ്ധിക്കണം. തട്ടുകടകളുടെ പ്രവർത്തനം തദ്ദേശ സ്ഥാപനങ്ങൾ, ആരോഗ്യ വിഭാഗം, പോലീസ് എന്നിവയുടെ നിർദ്ദേശ പ്രകാരം കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നടത്തണം. വഴിയോരക്കച്ചവടങ്ങൾ മാനദണ്ഡങ്ങൾക്കനുസരിച്ച് പരിമിതമായി നടത്താം. ഓണവുമായി ബന്ധപ്പെട്ട് വിലക്കുറവിന്റെയും സൗജന്യ സാധനങ്ങളുടെയും വിവരങ്ങൾ ഒരു മാധ്യമങ്ങളിലൂടെയും നോട്ടീസ്, ഫ്ളക്സ് മുഖേനയും കടകളുടെ മുൻപിൽ പ്രദർശിപ്പിക്കരുത്. കടകളുടെ മുൻപിൽ ജോലിക്കാരെ നിർത്തി ആളുകളെ ആകർഷിക്കുന്ന വിധത്തിലുള്ള പരസ്യവും പാടില്ല. പൂക്കച്ചവടം സാമൂഹിക അകലം പാലിച്ചു നടത്താം. ജീവനക്കാരുടെ പേരും വിലാസവും വാങ്ങാനെത്തുന്നവരുടെ പേരും വിലാസവും പ്രത്യേക രജിസ്ട്രറിൽ രേഖപ്പെടുത്തി ബന്ധപ്പെട്ടവർക്ക് നൽകണം. അസോസിയേഷനുകൾ, ക്ലബുകൾ, മറ്റ് കൂട്ടായ്മകൾ എന്നിവ നടത്തുന്ന പൂക്കള മത്സരങ്ങളും നിരോധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button