‘പ്രധാനമന്ത്രി എന്റെ ഹൃദയത്തിലാണുള്ളത്’; തനിക്കെതിരെ നടത്തുന്ന വിമർശനങ്ങളേയും സ്വാഗതം ചെയ്യുന്നതായി ചിരാഗ് പസ്വാന്‍

പട്ന : ബിജെപി നേതാക്കൾ തനിക്കെതിരെ നടത്തുന്ന വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നതായി  എൽജെപി നേതാവ് ചിരാഗ് പസ്വാൻ. മോദിയുടെ ഹനുമാൻ ആണ് താനെന്ന പ്രസ്താവനയിൽ ബിജെപി നേതാക്കൾ വിമർശച്ചതോടെയാണ് ചിരാഗ് പ്രതികരിച്ച് രംഗത്തെത്തിയത്.

എൽജെപിയും ജെഡിയുവും എങ്ങനെയാണ് ഭിന്നിച്ചത് എന്ന് കാണിക്കാൻ നിതീഷ് കുമാർ ഏറെ സമയം പാഴാക്കുന്നുണ്ട്. എനിക്കെതിരെ സംസാരിക്കാൻ അദ്ദേഹം എല്ലാ ബിജെപി നേതാക്കളേയും രംഗത്തിറക്കുന്നു. എന്നാൽ ബിജെപി നേതാക്കൾക്ക് എനിക്കെതിരെ സംസാരിക്കാനുള്ള സ്വതന്ത്ര്യമുണ്ടെന്നാണ് ഇപ്പോൾ പറയാനുള്ളത്.

നിതീഷ് കുമാറിനെ തൃപ്തിപ്പെടുത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി പോലും എനിക്കെതിരെ പറയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതും സ്വാഗതം ചെയ്യുന്നു. പ്രതിസന്ധി ഘട്ടത്തിൽ പിന്തുണച്ച പ്രധാനമന്ത്രി മോദിക്ക് നന്ദി പറയുന്നു. ബിഹാർ ഫസ്റ്റ്, ബിഹാറി ഫസ്റ്റ് എന്ന തന്റെ ആശയത്തിന് പ്രേരണയായത് മോദിയാണ്.

‘പ്രധാനമന്ത്രി എന്റെ ഹൃദയത്തിലാണുള്ളത്. പിതാവ് ഐ.സി.യുവിൽ കിടക്കുമ്പോൾ അതിന് മുന്നിൽ ഒറ്റയ്ക്കായിരുന്ന എനിക്കൊപ്പം വന്നുനിന്നത് പ്രധാനമന്ത്രി മോദിയാണ്. അത്തരമൊരു ബഹുമാനമാണ് പിതാവിന് അദ്ദേഹം നൽകിയിരുന്നത്. ഇതൊക്കെ ഞാൻ മറക്കണോ? ഒരു പിതാവിനെപ്പോലെയാണ് പ്രധാനമന്ത്രി അദ്ദേഹത്തെ സ്നേഹിച്ചത്. മതം പോലെ ഇതെല്ലാം എനിക്ക് വ്യക്തിപരമായ വിശ്വാസങ്ങളാണ്- ചിരാഗ് പറഞ്ഞു.

Share
Leave a Comment