NewsIndia

‘ശത്രുക്കളെ അവരുടെ കോട്ടയിൽ പോയി ആക്രമിക്കുക‘; ഭയപ്പെടുത്തി ഇന്ത്യ, ഡോവലിന്റെ ‘കെണിയിൽ‘ വീണ് പാകിസ്ഥാൻ!

ഇന്ത്യയിലേക്ക് ഭീകരരെ കയറ്റി അയച്ച് ഇന്ത്യയെ നശിപ്പിക്കുക എന്നതായിരുന്നു കാലങ്ങളായി പാകിസ്ഥാൻ അനുഷ്ഠിച്ച് വന്നിരുന്ന ‘ചടങ്ങ്‘. പാക്ക് കടന്നുകയറ്റങ്ങൾക്കും ആക്രമണങ്ങൾക്കും ഇന്ത്യ എക്കാലവും കൃത്യസമയത്ത് തന്നെ തിരിച്ചടികൾ തന്നെ നൽകിയിരുന്നു. എന്നാൽ, അതിഭീകരമായ ഭീകരാക്രമണമായിരുന്നു പാകിസ്ഥാൻ പിന്നീട് കാണിച്ചുകൊണ്ടിരുന്നത്. അതിനൊക്കെ നയതന്ത്രപരമായ രീതിയിലായിരുന്നു ഇന്ത്യ മറുപടി നൽകിയിരുന്നത്.

എന്നാൽ, ഇന്ത്യയെ ഭയപ്പെടുത്താമെന്ന പാകിസ്ഥാന്റെ അതിമോഹം 2014 മുതൽ നടക്കാതെ വന്നു. ഇന്ത്യ അതിശക്തമായി തന്നെ തിരിച്ചടിച്ച് തുടങ്ങി. അത് പാകിസ്ഥാന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കുറച്ച് കാലങ്ങളായി പാകിസ്ഥാൻ എന്തിനും ഏതിനും ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് തുടർക്കഥയായി വന്നു. ഇന്ത്യ വെറുതേ നുഴഞ്ഞുകയറ്റങ്ങൾ നടത്തുന്നത് മൂലമാണ് പ്രശ്നങ്ങളെന്ന് വരെ പാകിസ്ഥാൻ പറഞ്ഞുനോക്കി. പക്ഷേ, ഇന്ത്യ മുന്നോട്ട് വെയ്ക്കുന്ന ശക്തമായ തെളിവുകൾക്ക് മുന്നിൽ പാകിസ്ഥാന്റെ ബാലിശമായ ആരോപണങ്ങൾക്ക് എന്ത് വില. ഇതോടെ, ഇന്ത്യ നൽകുന്ന ശക്തമായ മറുപടികളുടെ പ്രതിഫലനമെന്നോണമാണ് പാകിസ്ഥാന്റെ ആരോപണങ്ങളെന്ന് പകൽപ്പോലെ വ്യക്തം.

‘പൂച്ചയെ പോലെ പതുങ്ങിയിരുന്ന്, പുലിയെ പോലെ കുതിച്ച് ചാടാനായിരുന്നു‘ എന്ന് ഇതോടെ ലോകരാജ്യങ്ങൾ ഇന്ത്യയെ കുറിച്ചെഴുതി. ഇന്ത്യയുടെ ഈ മാറ്റങ്ങൾക്ക് പിന്നിൽ ആരെന്ന് ലോകരാജ്യങ്ങൾ തിരഞ്ഞു. ഒടുവിൽ ആ യാത്ര അവസാനിച്ചത് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിൽ ആയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലംകൈ ആയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ പാകിസ്ഥാന്‍ കാണുന്നത്.

കേട്ടാലും വിശ്വസിക്കാനാകാത്ത അപസർപ്പകഥളിൽ നിറഞ്ഞു നിൽക്കുന്ന രഹസ്യത്തിന്റെ കലവറയാണ് ഡോവലിന്റെ ജീവിതമെന്ന് വേണം പറയാൻ. ഇന്ത്യയുടെ കാര്യങ്ങളിൽ ശക്തമായ ഇടപെടലുകളാണ് ഡോവൽ നടത്തിയിട്ടുള്ളത്. അവസരങ്ങളൊന്നും തന്നെ കളഞ്ഞുകുളിക്കാറില്ല. ഇന്ത്യയുടെ ഏറ്റവും നല്ല തെരഞ്ഞെടുപ്പാണ് ഡോവലെന്നത് പാകിസ്ഥാൻ വൈകാതെ തിരിച്ചറിഞ്ഞു തുടങ്ങി. ആ തിരിച്ചറിവ് അവർക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചു. ഇന്ത്യയെ ആക്രമിച്ച് കീഴ്പ്പെടുത്തുക എന്ന ‘സ്ഥിരം കലാപരിപാടിയിൽ‘ നിന്നും ഇന്ത്യയുടെ ആക്രമണത്തിൽ നിന്നും സ്വയം പ്രതിരോധം കണ്ടെത്തുക എന്ന സ്ഥിതിയിലേക്ക് പാകിസ്ഥാൻ മാറി.

കശ്മീരിലെ അശാന്തിയെ കുറിച്ചോർക്കുമ്പോൾ പാക്സിസ്ഥാന് ഇപ്പോൾ കുറ്റബോധമുണ്ടെന്ന് വേണം കരുതാൻ. ജനങ്ങൾ അറിയാത്ത ചെറുതും വലുതുമായ ആക്രമണങ്ങളിലൂടെ ഇന്ത്യ പാകിസ്ഥാന് തങ്ങളുടെ ശക്തി കാണിച്ചുകൊടുത്തു. മറുപടി എങ്ങനെയാകണമെന്ന കാര്യത്തിൽ പാകിസ്ഥാന് വലിയ നിശ്ചയമില്ലാതായി. ഇതോടെ ഇന്ത്യയെ പാകിസ്ഥാൻ ഭയപ്പെട്ട് തുടങ്ങിയിരിക്കുന്നു എന്ന് വേണം കരുതാൻ. ഇതിന്റെയെല്ലാം കാരണമായി പാക്സിഥാൻ നോക്കിക്കാണുന്നത് ഡോവലിനെയാണ്. പാക് ഭീകരതയെ നേരിടണമെങ്കിൽ തന്ത്രപരമായി നീങ്ങണമെന്ന് പരസ്യമായി ഒരിക്കൽ ഡോവൽ പ്രസംഗിച്ചിട്ടുണ്ട്. ഇത് പാകിസ്ഥാനിൽ പലതവണ അലയടിച്ചു.

2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു പിന്നാലെ ഡോവലിനെ എന്‍എസ്എ ആക്കി. ‘ശത്രുക്കളുടെ കോട്ടയിൽ കയറിച്ചെന്ന് അവരെ ആക്രമിക്കുക‘ എന്നതായിരുന്നു ഡോവലിന്റെ സ്റ്റൈൽ. ഈ സ്റ്റൈൽ മൂലം പാകിസ്ഥാനും അവരുടെ സൈനികർക്കും ഏറ്റ പ്രഹരം തന്നെയായിരുന്നു. ഡോവലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വാസം അർപ്പിച്ചു. രണ്ടാം മോദി സര്‍ക്കാരിലും ഡോവല്‍ തുടരുന്നത് അദ്ദേഹത്തില്‍ പ്രധാനമന്ത്രിക്കുള്ള വിശ്വാസം വര്‍ധിച്ചതിന്റെ തെളിവാണ്.

ഇന്ത്യയുടെ ജയിംസ് ബോണ്ട് എന്നാണ് ഡോവലിനെ പലരും വിശേഷിപ്പിക്കുന്നത്. 1968ല്‍ കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായാണ് ഡോവല്‍ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. 1980 കളില്‍ ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ ഡോവല്‍ പ്രവര്‍ത്തിച്ചിരുന്നു. പലപ്പോഴും ‘ദൈവമേ, ഉരുക്കുമുഷ്ടിയുള്ള ഇയാളോടാണല്ലോ രാജ്യം ഇടപെടേണ്ടത്’ എന്നാണ് അന്ന് പാകിസ്ഥാനും ഐഎസ്‌ഐയും വിചാരിച്ചിരുന്നതത്രേ. 2005 വരെ ഇന്ത്യയുടെ ചാരസംഘടനകളില്‍ അംഗമായിരുന്നു ഡോവല്‍.

ഡോവല്‍ മുസ്ലിം വേഷത്തില്‍ ഏഴു വര്‍ഷക്കാലം പാകിസ്ഥാനിൽ ചാരനായി പ്രവർത്തിച്ചിട്ടുണ്ട്. പാകിസ്ഥാനെ കുറിച്ചുള്ള തന്ത്രപരമായ പല വിവരങ്ങളും അന്ന് ഡോവൽ ഇന്ത്യയ്ക്ക് കൈമാറി. ആറു വര്‍ഷം പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈകമ്മിഷണറായും പ്രവര്‍ത്തിച്ചു. ഇതിലൂടെ പാകിസ്ഥാനിലെ ഓരോ മുക്കും മൂലയും ഡോവലിനോളം അറിയാവുന്ന മറ്റൊരാളുണ്ടാകില്ല. രാജ്യത്തിനു വേണ്ടി ചാരപ്രവർത്തനം നടത്തിയ ഒരാൾ ആദ്യമായാണ് ദേശീയ ഉപദേഷ്ഠാവ് ആകുന്നത്.

2016 ല്‍ ഡല്‍ഹിയില്‍ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആറു മുന്‍ പാക്ക് ഹൈക്കമ്മിഷണര്‍മാരെ പങ്കെടുപ്പിച്ച്‌ ഒരു യോഗം ചേര്‍ന്നു. അന്ന് ‘ഞങ്ങള്‍ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്. നല്ലതല്ലാത്ത കാര്യങ്ങള്‍ അന്വേഷണത്തില്‍ തെളിഞ്ഞാലോ പഠാന്‍കോട്ട്, മുംബൈ ഭീകരാക്രമണങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്നു കണ്ടെത്തിയാലോ പ്രത്യാഘാതമുണ്ടാകും’ എന്നുപറഞ്ഞ് ഡോവല്‍ പുറത്തേക്കു നടന്നു. കൂടി നിന്നിരുന്ന ഉദ്യോഗസ്ഥർക്ക് കൈ പോലും കൊടുക്കാതെയായിരുന്നു ആ തിരിഞ്ഞു പോക്ക്. അതിൽ തന്നെയുണ്ടായിരുന്നു എല്ലാം.

2016 സപ്തംബർ 18ന് നാല് ഭീകരന്മാർ ഉറി കരസേനാ താവളത്തിൽ നടത്തിയ ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയത് വൻ പ്ളാനിനു ശേഷമായിരുന്നു. അണുവിട തെറ്റാതെയുള്ള സൂഷ്മതയാർന്ന മുന്നൊരുക്കം തന്നെയായിരുന്നു അന്ന് സൈന്യം നടത്തിയത്. നീക്കങ്ങൾ ആരും തന്നെ അറിഞ്ഞില്ല, എല്ലാം രഹസ്യമായിരുന്നു. 2016ലെ മിന്നലാക്രമണവും 2019ലെ ബാലാക്കോട്ട് ആക്രമണത്തോടേയും പാകിസ്ഥാൻ ഇന്ത്യയുടെ ശക്തി മനസ്സിലാക്കി തുടങ്ങി.

ഭീകരതയുടെ വിളഭൂമിയായി പാകിസ്ഥാൻ മാറിയതോടെ ലോകരാജ്യങ്ങളും പാകിസ്ഥാനെ ഒറ്റപ്പെടുത്തി തുടങ്ങി. ഇതോടെ, ഇന്ത്യയ്ക്ക് കൂടുതൽ പിന്തുണ ലഭിക്കുകയും ചെയ്തു. പാകിസ്ഥാനെ നശിപ്പിക്കാൻ കെൽപ്പുള്ള ഒറ്റയാൾ പട്ടാളമാണ് ഡോവലെന്നാണ് പലരും രഹസ്യമായും പരസ്യമായും പറയുന്നത്. എന്നാൽ, പാകിസ്ഥാനെ ഇല്ലാതാക്കുക എന്നതല്ല, ഡോവലിന്റെ ലക്ഷ്യമെന്ന് വേണം കരുതാൻ. നിഴൽയുദ്ധവും ഭീകരതയും ഇന്ത്യയുടെ നയമല്ല. ഒരിക്കലും അതിനെ പ്രോത്സാഹിപ്പിച്ചിട്ടുമില്ല. ഇന്ത്യൻ ഭീപ്രദേശത്തേക്കുള്ള പാകിന്റെ കടന്നുകയറ്റത്തെ തടയുക, പ്രതിരോധിക്കുക എന്നാതാണ് ലക്ഷ്യമെന്നും ഇന്ത്യ തന്നെ വ്യക്തമാക്കുന്നു. തന്റെ ബോസിനു വേണ്ടതെന്തോ അതാണ് ഡോവല്‍ ചെയ്യുന്നത്.

ശക്തിയുടെ കാര്യത്തിൽ മാത്രമല്ല, ബുദ്ധിയുടെ കാര്യത്തിലും ഇന്ത്യ പാകിസ്ഥാനും മുകളിൽ നിൽക്കുകയാണിപ്പോൾ. പാകിസ്ഥാന്റെ വികൃതമായ മുഖം പുറത്തുകൊണ്ടുവരാൻ ഇന്ത്യ പലതവണ ശ്രമിച്ചു. നീവയില്‍ നടന്ന 45-ാം മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യ നടത്തിയ വെളിപ്പെടുത്തൽ പാകിസ്ഥാനെ അക്ഷാരാർത്ഥത്തിൽ ഞെട്ടിച്ചു. ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ അത്തരമൊരു വെളിപ്പെടുത്തൽ നടത്തുമെന്ന് പാകിസ്ഥാൻ സ്വപ്നേപി വിചാരിച്ചുകാണില്ല. പാക്കിസ്ഥാന്‍ ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കണമെന്നും ഭീകരവാദത്തിന്റെ കൂടാരമാണ് പാക് എന്നും ഇന്ത്യ വെട്ടിത്തുറന്നു പറഞ്ഞു. ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുകയും ഒപ്പം മനുഷ്യാവകാശ പ്രസംഗങ്ങൾ നടത്താൻ ഓടിനടക്കുകയാണെന്നും ഇന്ത്യ തുറന്നടിച്ചു.

‘ആയിരക്കണക്കിനു ഹിന്ദു, സിഖ്, ക്രിസ്ത്യന്‍ സ്ത്രീകളും പെണ്‍കുട്ടികളും ദിവസേന ക്രൂരമായ പീഡനങ്ങള്‍ക്കും നിര്‍ബന്ധിത വിവാഹത്തിനും മത പരിവര്‍ത്തനത്തിനും വിധേയരാവുന്നു. ജാതി-മത-വർഗ ഭേദമന്യേ ആളുകൾ ആക്രമിക്കപ്പെടുന്നു‘- ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയുടെ വാക്കുകള്‍. ഇത് പാകിസ്ഥാനെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയത്. ഇന്ത്യയോട് ഇനി പോരടിക്കുക എന്നത് അത്ര എളുപ്പമല്ലെന്ന തിരിച്ചറിവും ഇതിനോടകം പാകിസ്ഥാന് വന്നു കഴിഞ്ഞു.

രാജ്യത്തിനുള്ളില്‍ പ്രതിഷേധങ്ങളും കലാപങ്ങളും പരിഹരിക്കാൻ കഴിയാതെ നിലകൊള്ളുന്നതോടെ പാകിസ്ഥാന്റെ ശ്രദ്ധ താൽക്കാലികമായിട്ടാണെങ്കിലും ഇവയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. രാജ്യത്തിനകത്ത് തന്നെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പാകിസ്ഥാന് സാധിക്കുന്നില്ല.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button