News

ചോരയിൽ കുളിച്ച് അച്ഛൻ, ബോധരഹിതയായി അമ്മ; സിപിഎമ്മിന്റെ ക്രൂരമുഖം തുറന്നുകാട്ടി സികെ ചന്ദ്രന്റെ മകൾ

ഇരുപത് വർഷങ്ങൾക്ക് മുൻപുള്ള ഒരു ഡിസംബർ മാസത്തിലാണ് ഗാർഗിക്ക് തന്റെ അച്ഛനെ നഷ്ടമാകുന്നത്. കമ്മ്യൂണിസ്റ്റ് കൊലപാതക രാഷ്ട്രീയത്തിന്റെ ഇരയായിരുന്നു കൂത്തുപറമ്പിലെ സി കെ ചന്ദ്രനും. കണ്ണൂരിലെ കൂത്തുപറമ്പില്‍ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ ബിജെപി പ്രവര്‍ത്തകന്‍ സി.കെ ചന്ദ്രന്റെ ബലിദാനത്തിന് 20 വയസ്.

36-ാം വയസില്‍ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനിരയായി ജീവന്‍ വെടിയേണ്ടി വന്ന വട്ടിപ്രം ചന്ദ്രന്‍ എന്ന സികെ ചന്ദ്രനെക്കുറിച്ചുളള ഓര്‍മ്മകളിൽ മകള്‍ സി.കെ ഗാര്‍ഗി. ഭർതൃ സഹോദരിയായ സഹ്യയാണ് സിപിഎമ്മിന്റെ രാഷ്ട്രീയ ക്രൂരത വരച്ചുകാട്ടുന്ന ഗാര്‍ഗിയുടെ വാക്കുകള്‍ ഫേസ്ബുക്കിൽ കുറിച്ചത്. കുറിപ്പിങ്ങനെ:

2000 ഡിസംബര്‍ 3 ന് രാത്രി പത്തരയോടെയാണ് ചന്ദ്രനെ വീട്ടിനുളളില്‍ കയറി ബോംബെറിഞ്ഞും അക്രമിച്ചും സിപിഎം ഗുണ്ടകള്‍ കൊലപ്പെടുത്തിയത്. പതിനൊന്ന് വയസായിരുന്നു അന്ന് ഗാര്‍ഗിയുടെ പ്രായം. അച്ഛന്റെ ജീവനെടുക്കുന്നതിനിടെ അമ്മയെ മുതുകില്‍ ചവിട്ടി വീഴ്ത്തി ബോധരഹിതയാക്കിയ അക്രമികളോട് കൃത്യം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെ, ‘അമ്മയെ ഒന്ന് ആശുപത്രിയില്‍ കൊണ്ടുപോകൂ ഏട്ടന്‍മാരേയെന്ന്’ കാലുപിടിച്ച് കെഞ്ചി കരഞ്ഞ വേദന ഇന്നും ഗാര്‍ഗിയുടെ മനസില്‍ മായാതെ നില്‍ക്കുന്നു.

ഗാര്‍ഗിയുടെ ഓര്‍മ്മകളില്‍ നിറയുന്ന ഡിസംബര്‍ മാസത്തിന് വൃശ്ചിക തണുപ്പിന്റെ ഭൂതകാലക്കുളിരല്ല, മറിച്ച് ഡിസംബര്‍ മൂന്നിന്റെ മരവിപ്പാണ്.‘ ഡിസംബര്‍ എന്നൊരു മാസം കലണ്ടറില്‍ ഇല്ലാതിരുന്നെങ്കില്‍ എന്നാശിച്ചു പോകും ഓരോ വര്‍ഷവും… ഇന്നും വല്ലാത്തൊരു ഭയമാണ് ഈ മാസത്തെ… അന്നത്തെ പതിനൊന്നു വയസ്സുകാരിയുടെ അതേ മാനസികാവസ്ഥ’ .ഗാര്‍ഗിയുടെ അനുജന് അന്ന് മൂന്ന് വയസായിരുന്നു പ്രായം. അച്ഛന്റെ ചോരപുരണ്ട ആയുധങ്ങളുമായി അക്രമികള്‍ അട്ടഹസിച്ചതും അമ്മയെ മര്‍ദ്ദിച്ചതും ഗാര്‍ഗി ഞെട്ടലോടെ ഓര്‍ക്കുന്നു. ‘അച്ഛന്റെ ചോര പുരണ്ട ആയുധങ്ങളുമായി ഞങ്ങള്‍ക്കു നേരെ അട്ടഹസിക്കുന്നവരെ കണ്ട് വാവിട്ട് കരഞ്ഞ്, വാ പിളര്‍ന്ന പടി കട്ടിലില്‍ കിടക്കുന്ന മൂന്നു വയസ്സുകാരന്‍ അനിയനെ നോക്കി വിറങ്ങലിച്ചു നിന്ന പതിനൊന്നു വയസ്സുകാരിയുടെ മുഖം ഗാര്‍ഗിയുടെ മനസില്‍ ഇന്നും മായുന്നില്ല.

2000 ഡിസംബര്‍ മൂന്ന്: അന്നവസാനമായി മുഖം മാത്രം പുറത്തു കാണത്തക്കവിധം തുണിയില്‍ പൊതിഞ്ഞ അച്ഛനെ കാണുമ്പോള്‍, കാവി പതാകയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ശാന്തമായുറങ്ങുകയാണെന്ന് തോന്നി…… അന്നത്തെ അഭിശപ്തദിനങ്ങളുടെ കാഴ്ചകള്‍ക്ക് മങ്ങല്‍ വന്നു തുടങ്ങിയിരിക്കുന്നു…. പക്ഷേ അച്ഛന്‍ നെഞ്ചോട് ചേര്‍ത്ത ആ കാവി പതാക ഒളിമങ്ങാതെ ഭാരതത്തിലങ്ങോളമിങ്ങോളം മാനംമുട്ടെ പാറിപ്പറക്കുന്നുണ്ട്….ഞങ്ങള്‍ മക്കളുടെ മനസിലെരിയുന്ന കനല്‍ ഊതിക്കത്തിച്ച് ആളുന്ന തീയാക്കാന്‍ അച്ഛന്‍ വിശ്വസിച്ച പ്രസ്ഥാനം ഒരിക്കലും ശ്രമിച്ചിട്ടില്ല… അനിതരസാധാരണമായ ശ്രദ്ധയും സമര്‍പ്പണവും കൈമുതലാക്കിയ ഒരുപാട് സ്വയം സേവകര്‍ ഞങ്ങളെ സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തി. തളര്‍ന്ന് പോകുമെന്ന തോന്നലുണ്ടാകുമ്പോഴേക്കും താങ്ങി നിര്‍ത്തിയിട്ടുണ്ട്, ആ പതാകയെ നെഞ്ചോട് ചേര്‍ത്ത് വെച്ചവര്‍ എന്നും…. ഒരു ഡിസംബര്‍ മൂന്ന് കൂടി വന്നെത്തുമ്പോള്‍, ഒരു ശ്രദ്ധാഞ്ജലി കൂടി കടന്നു വരുമ്പോള്‍, അന്നത്തെ ദിവസത്തിന്റെ ഓര്‍മകള്‍ മനസ്സിനെ മുറിപ്പെടുത്തുന്നുണ്ട്…..

എങ്കിലും ഇതെഴുതുമ്പോഴും ഞാന്‍ കാണുന്നുണ്ട്; കുറച്ച് ദൂരെ മാറി പുഞ്ചിരിയോടെ എന്നെ നോക്കി നില്‍ക്കുന്ന, സ്‌നേഹിക്കാന്‍ മാത്രമറിയുന്ന എന്റെ അച്ഛനെ, വട്ടിപ്രം നാട്ടുകാരുടെ പ്രിയപ്പെട്ട ചന്ദ്രേട്ടനെ….. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ള അതേ രൂപത്തില്‍… പിന്നീടിങ്ങോട്ട് പ്രായം തൊട്ടിട്ടില്ല ആ മനുഷ്യനെ…. ഇന്നും അതേ തലയെടുപ്പോടെ, അതേ പുഞ്ചിരിയോടെ അച്ഛന്‍ എന്റെ കൂടെത്തന്നെയുണ്ട്….

ഇതു പോലെ, എല്ലാ വികാരങ്ങള്‍ക്കുമപ്പുറം ഭയം മേല്‍ക്കോയ്മ നേടിയ എത്രയെത്ര ബാല്യങ്ങളുടെ കഥകളാണ് കണ്ണൂരിലെ ഡിസംബറിന് പറയാനുള്ളതെന്ന ചോദ്യവും ഗാര്‍ഗി പങ്കുവെയ്ക്കുന്നു. ഇപ്പോഴും വട്ടിപ്രത്തെ വീടിന്റെ വരാന്തയില്‍ തനിച്ചിരിക്കുമ്പോള്‍ കുറച്ചു ദൂരെ നിന്ന് നടന്നു വരുന്ന അച്ഛനെ കാണാം. കാവി മുണ്ടുടുത്ത്, ഒരു വെള്ളത്തോര്‍ത്ത് തലയില്‍ കെട്ടി, ചുണ്ടില്‍ ഒരു പുഞ്ചിരിയോടെ കണ്ണില്‍ നിറഞ്ഞ സ്‌നേഹത്തോടെ, മാളൂട്ടീ എന്നു വിളിച്ച് അടുത്തേക്ക് വരുന്ന എന്റെയച്ഛന്‍..

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button