വീടൊഴിപ്പിക്കാന്‍ ശ്രമിച്ചത് വസന്തയുടെ ഇടപെടല്‍ മൂലമെന്ന് മക്കളുടെ ആരോപണം

പരാതിക്കാരി വസന്തയെ വീട്ടില്‍ നിന്നും മാറ്റി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയത് പരാതിക്കാരി വസന്തയുടെ ഇടപെടല്‍ മൂലമെന്ന് മരിച്ച രാജന്റേയും അമ്പിളിയുടേയും മക്കള്‍ ആരോപിക്കുന്നു. ഇതോടെ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് വഴി തുറന്ന പരാതിക്കാരി വസന്തയെ പൊലീസ് വീട്ടില്‍ നിന്നും മാറ്റി. ഹൈക്കോടതി വിധി വരാന്‍ പോലും കാത്തുനില്‍ക്കാതെ വീടൊഴിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചത് വസന്തയുടെ ഇടപെടല്‍ മൂലമാണെന്ന് രാജന്റെ മക്കള്‍ ആരോപിച്ചിരുന്നു.

Read Also : നെയ്യാറ്റിൻകര സംഭവം: സംസ്ഥാന സർക്കാർ ഒന്നാംപ്രതി, കെ.സുരേന്ദ്രൻ

കുട്ടികളെ സന്ദര്‍ശിക്കാനായി ഇന്ന് വീട്ടിലെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വസന്തയെ പൊലീസ് കസ്റ്റഡിയിലെടുക്കുമെന്നും സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. മന്ത്രിയുടെ പ്രഖ്യാപനം കഴിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളിലാണ് പൊലീസ് എത്തി വസന്തയെ വീട്ടില്‍ നിന്നും കൊണ്ടു പോയത്

വസന്തയുടെ പുരയിടത്തിലെ അതിരിനോട് ചേര്‍ന്നാണ് രാജനും കുടുംബവും താമസിക്കുന്ന മൂന്ന് സെന്റ് ഭൂമി.ദമ്പതികളുടെ മരണത്തിന് ശേഷം നിരവധി പേരാണ് ഈ വീട്ടിലേക്ക് വരുന്നത്. സംഭവത്തില്‍ പൊലീസിനും പരാതിക്കാരിയായ വസന്തയ്ക്കുമെതിരെ വ്യാപക പരാതി ഉയരുന്ന സാഹചര്യത്തില്‍ അവരുടെ സുരക്ഷയെ കരുതിയാണ് വീട്ടില്‍ നിന്നും മാറ്റുന്നതെന്ന് പൊലീസ് അറിയിച്ചു.

 

Share
Leave a Comment