MollywoodNewsEntertainment

ഒരു ലക്ഷം വേണോ രണ്ടു ലക്ഷം വേണോ 3 വേണോ? പ്രതിസന്ധി ഘട്ടത്തിൽ മോഹൻലാൽ സഹായിച്ചതിനെക്കുറിച്ചു ക്യാപ്റ്റൻ രാജു

ചെറിയ തുകയാണെങ്കിൽ പോലും അന്നത്തെ കാലത്ത് അതുവലിയ തുകയാണ്.

മലയാളത്തിന്റെ പ്രിയതാരമാണ് മോഹൻലാൽ. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത് അന്തരിച്ച പ്രിയനടൻ ക്യാപ്റ്റൻ രാജു ഒരു അഭിമുഖത്തിൽ മോഹൻലാൽ എന്ന സൂപ്പർ താരത്തിന്റെ നന്മയുള്ള മനസിനെക്കുറിച്ചു പറഞ്ഞ വാക്കുകളാണ്. മോഹൻലാല്‍ തനിക്ക് നന്മയുളള കൊച്ചനിയനായിരുന്നെന്നും ജീവിതത്തിലെ ഏറ്റവും വിഷമഘട്ടത്തിൽ സഹായമായി എത്തിയതും ലാൽ ആയിരുന്നെന്നും ക്യാപ്റ്റൻ രാജു പറയുന്നു.

ക്യാപ്റ്റൻ രാജുവിന്റെ വാക്കുകൾ ഇങ്ങനെ..

പത്തനംതിട്ടയിൽ ലാല്‍ എന്റെ അയൽക്കാരനാണ്. മാത്രമല്ല ലാലിന്റെ ബന്ധത്തിൽപെട്ട കുടുംബവുമായും എനിക്ക് നല്ല ബന്ധമുണ്ട്. ഒന്നിച്ചുകൂടുമ്പോഴൊക്കെ ഇക്കാര്യങ്ങൾ പറയാറുണ്ടായിരുന്നു. ഒന്നിച്ച് അഭിനയിച്ച സിനിമകളിലൊക്കെ ഹോട്ടൽ റൂമിൽ ഒരേറൂമുകളിലാകും ഞങ്ങൾ ഉറങ്ങുക സ്വാമീസ് ലോഡ്ജിൽ താമസിക്കുന്ന കാലം, അന്ന് പടങ്ങൾ ലഭിക്കുന്നത് വളരെ കുറവാണ്. ലാലിലെ നന്മയുള്ള കൊച്ചനിയനെക്കുറിച്ചാണ് ഞാൻ ഈ സംഭവത്തിലൂടെ പറയുന്നത്.

വീട്ടിലെ പ്രത്യേക സാഹചര്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് എനിക്ക് ഉണ്ടായി. സത്യത്തിൽ തകർന്നുപോയെന്ന് പറയാം. എന്റെ കയ്യിൽ പത്തുപൈസയില്ല. പുറത്തുനിന്നു ആളുകൾ നോക്കുമ്പോൾ എന്താണ്, ഇവൻ സിനിമാ നടനല്ലേ, മാതാപിതാക്കൾ പോലും അങ്ങനെയല്ലേ വിചാരിക്കുന്നത്. നമ്മുടെ ബുദ്ധിമുട്ട് നമുക്കല്ലേ അറിയൂ.

വണ്ടിച്ചെക്കുകൾ പ്രതിഫലമായി ലഭിക്കുന്ന കാലമാണ്. ലക്ഷങ്ങളുടെ ചെക്ക് ബാങ്കിൽ ഇട്ടാൽ തന്നെയും ഒരിക്കലും പൈസയായി ലഭിക്കുകയില്ല. അങ്ങനെ ഓടിനടക്കുന്ന സമയത്താണ് ഇരുപത്തിയയ്യായിരം, അമ്പതിനായിരം രൂപ എനിക്ക് ആവശ്യം വരുന്നത്. ആരോട് ചോദിക്കുമെന്ന ആശങ്ക, മനസ്സിൽ ആദ്യം വന്നത് ഒരു നിർമാതാവിന്റെ മുഖമാണ്. അഞ്ചോ ആറോ പടം അദ്ദേഹത്തിന് വേണ്ടി ചെയ്തുകൊടുത്തതാണ്. മാത്രമല്ല അതൊക്കെ സൂപ്പർഹിറ്റായിരുന്നു. അദ്ദേഹം ഒരു മനഃസാക്ഷിയും ഇല്ലാതെ എന്നെ ഒഴിവാക്കി. ഞാൻ മനപ്രയാസപ്പെട്ട് അവിടുന്ന് ഇറങ്ങി.

പിന്നെ എന്റെ മനസ്സുപറഞ്ഞു മോഹൻലാലിനെ കാണാൻ. ചെന്നൈയിൽ ഉള്ള പ്രിയന്റെ സെറ്റിൽ പോയി. വളരെ നിരാശനായി സെറ്റിന്റെ ഒരു ഭാഗത്ത് കൈകെട്ടി നിൽക്കുകയാണ്. അതുകണ്ട് ദൂരെ നിന്നും ലാൽ ഓടിവന്ന് എന്റെ കയ്യിൽ പിടിച്ചു ലാൽ ചോദിച്ചു, എന്താ രാജുച്ചായ മുഖം വല്ലാതെ ഇരിക്കുന്നെ, എന്താണേലും പറ. അവിടെ നിന്നും പറയാൻ ബുദ്ധിമുട്ടായതിനാൽ സെറ്റിന്റെ െവളിയിൽ പോയി നാലഞ്ച് മിനിറ്റ് എടുത്ത് കാര്യം പറഞ്ഞു. എത്ര പൈസ വേണമെന്ന് എന്നോട് ചോദിച്ചു. ചെറിയ തുകയാണെങ്കിൽ പോലും അന്നത്തെ കാലത്ത് അതുവലിയ തുകയാണ്.

‘രാജുച്ചായ ഇതിനാണോ, ഒരു ലക്ഷം വേണോ രണ്ടു ലക്ഷം വേണോ 3 വേണോ എത്ര വേണേലും പറ. രാജുച്ചായന്റെ വീട്ടിലെ നല്ലൊരുകാര്യം നടക്കാൻ വേണ്ടിയല്ലേ.’ മോഹൻലാൽ എന്നോടു പറഞ്ഞു. സഹോദരിയുടെ കാര്യത്തിനും കൂടിയാണെന്നുപറഞ്ഞുതോടെ ‘ഇതിനാണോ ഇങ്ങനെ മൂകനായി നിന്നത്, ഞങ്ങളൊക്കെ ഇല്ലേ കൂടെ, രാജുച്ചായന് തിരുവനന്തപുരത്തോ ചെന്നൈയിലോ എവിടെ വേണം പൈസയെന്ന് ലാൽ ചോദിച്ചു. തിരുവനന്തപുരത്ത് മതിയെന്നും അമ്മയെ ഒന്നുവിളിച്ച് പറയണമെന്നും ഞാൻ പറഞ്ഞു. അപ്പോൾ തന്നെ ലാൽ വീട്ടിൽവിളിച്ച് കാര്യം പറഞ്ഞു.

എന്റെ അനിയൻ ലാലിന്റെ വീട്ടിൽ എത്തിയതും ലാലിന്റെ അമ്മ ഉടനെ തന്നെ ആ പണം പൊതിഞ്ഞു അവനെ ഏൽപ്പിച്ചു.  ഈ പണം പലിശ അടക്കം തിരിച്ചു തരാം എന്ന് പറഞ്ഞപ്പോൾ ലാൽ എന്നെ കൊല്ലാതെ കൊന്നു. പലിശ എന്ന വാക്ക് ഉപയോഗിച്ചത് അദ്ദേഹത്തിന് ഒരുപാട് വിഷമമായി.‘ഇതാണോ മനുഷ്യപ്പറ്റ്, ഞാൻ അനിയൻ ആയി നിൽക്കുന്നത് പലിശ ഉണ്ടാക്കാനാണോ’ എന്നു പറഞ്ഞ് എന്നെ കൊന്നു. ഇങ്ങനെയൊരു വലിയ അനിയൻ ലാലിന്റെ ഉള്ളിലുണ്ട്. പലരും പല വിധത്തിലാകും പലരെയും മനസ്സിലാക്കുന്നത്.

ഇങ്ങനെ എത്രയോ പേരെ ലാൽ സഹായിച്ചിരുന്നു. ഇരുചെവി അറിയില്ല. ലാൽ സാമ്പത്തിക സഹായം കൊടുക്കുന്നത് ഒരിക്കലും പറയുകയുമില്ല. നമ്മൾ അത് പുറത്തു പറയുന്നത് പുള്ളിക്ക് ഇഷ്ടവുമല്ല. അതാണ് മോഹൻലാൽ, റിയൽ മോഹൻലാൽ, നിങ്ങൾ കാണുന്ന സൂപ്പർസ്റ്റാർ മാത്രമല്ല, അതിനകത്ത് ഒരു വലിയ ആഴമുള്ള ഒരു മനുഷ്യൻ ഇരിപ്പുണ്ട്. നന്മയുടെ ഉറവിടം ആണ് മോഹൻലാൽ എന്ന വ്യക്തി. മരണം വരെയും എനിക്ക് മോഹൻലാൽ കുഞ്ഞനുജൻ തന്നെയാണ്.’–ക്യാപ്റ്റൻ രാജു പറഞ്ഞു.

Related Articles

Post Your Comments


Back to top button