മഞ്ഞൾ ദിവസവും ഒരു സ്പൂൺ മതി ; ഗുണങ്ങൾ നിരവധി

മഞ്ഞള്‍ ഉപയോഗിക്കാത്ത കറികള്‍ ഉണ്ടാകില്ല. പ്രോട്ടീനും വിറ്റാമിനും കാ‌ത്സ്യവും ഇരുമ്പും മഗ്നീസിയവും സിങ്കും ധാരാളമായി മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യ സംരക്ഷണത്തിന് നിര്‍ബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ മറ്റ് ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം

മഞ്ഞളിലുള്ള ലിപ്പോപോളിസാക്കറൈഡ് പ്രതിരോധശേഷി കൂട്ടും. ബാക്ടീരിയ, വൈറസ്‌, ഫംഗസ് എന്നിവയെ പ്രതിരോധിക്കാന്‍ മഞ്ഞളിനുള്ള കഴിവും രോഗങ്ങളെ പ്രതിരോധിക്കാന്‍ ശരീരത്തിനു കരുത്തേകുന്നു.

ഇന്‍സുലിന്‍റെയും ഗ്ലുക്കോസിന്‍റെയും അളവ‌ു നിയന്ത്രിക്കാന്‍ മഞ്ഞള്‍ ഒരു പരിധി വരെ സഹായിക്കും. ടൈപ്പ് 2 ഡയബറ്റിസ് തടയാനും മഞ്ഞളിനു കഴിവുണ്ട്.

പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ മഞ്ഞളിനു പ്രത്യേക കഴിവുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. രക്തത്തില്‍ കണ്ടുവരുന്ന ട്യൂമര്‍ കോശങ്ങളായ t-സെല്‍, ലുക്കീമിയ, കുടലിലും മാറിടങ്ങളിലും വരുന്ന കാര്‍സിനോമ എന്നിവയെ പ്രതിരോധിക്കാന്‍ മഞ്ഞളിന് സാധിക്കുമെന്ന് നിരവധി ഗവേഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.

പ്രകൃതിദത്തമായ ആന്റിസെപ്ടിക് ആണ് മഞ്ഞള്‍. ഒപ്പം ബാക്ടീരിയയെ ചെറുക്കാന്‍ കഴിവുള്ളതുകൊണ്ട് മുറിവ് ഉണങ്ങാന്‍ ഏറെ ഫലപ്രദവുമാണ്. സോറിയാസിസ് ഉള്‍പ്പെടെയുള്ള ചര്‍മരോഗങ്ങള്‍ക്കും മഞ്ഞൾ മികച്ചൊരു മരുന്നാണ്.

Share
Leave a Comment