UAENewsGulf

ജീവനക്കാരുടെ വീട്ടമ്മമാരായ ഭാര്യമാർക്കും ശമ്പളം ; വിപ്ലവകരമായ തീരുമാനവുമായി സോഹൻ റോയ്

ഷാർജ : കമ്പനിയിലെ ജീവനക്കാരുടെ വീട്ടമ്മമാരായ ഭാര്യമാർക്ക് ശമ്പളം കൊടുക്കും എന്ന് വമ്പൻ പ്രഖ്യാപനവുമായി ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്‌. ജീവനക്കാരുടെ അച്ഛനും അമ്മയ്ക്കും നിലവിൽ പെൻഷൻ കൊടുത്തുകൊണ്ടിരിക്കുന്ന സ്ഥാപനം കൂടിയാണ് ഏരീസ്. ഇതിനു പുറമേയാണ് ഭാര്യമാർക്ക് കൂടി ശമ്പളം നൽകാനുള്ള വിപ്ലവകരമായ തീരുമാനം.

Read Also : ദുബായ് വിമാനത്താവളത്തിൽ എത്തുന്നവരുടെ ശ്രദ്ധയ്ക്ക് 

കഴിഞ്ഞവർഷം സേവന കാലാവധിയുടെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് ഒരു ലക്ഷം മുതൽ ഒരു കോടി രൂപ വരെ മൂല്യമുള്ള പാരിതോഷികം പണമായും ആനുകൂല്യങ്ങളായും വിതരണം ചെയ്യാനും സ്ഥാപനത്തിന് സാധിച്ചിരുന്നു. കോവിഡ് മഹാമാരി മൂലം ലോകത്തിലെ പല സ്ഥാപനങ്ങളും പ്രതിസന്ധിയിലായെങ്കിലും തങ്ങൾക്ക് അതിനെയെല്ലാം മറികടക്കാനും ജീവനക്കാർക്ക് പതിവ് ശമ്പള വർദ്ധനവിനൊപ്പം ഇത്തരം ആനുകൂല്യങ്ങൾ കൂടി നൽകുവാനും സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഏരീസ് ഗ്രൂപ്പിന്റെ ചെയർമാനും സി.ഇ.ഒ. യുമായ ഡോ. സോഹൻ റോയ് പറഞ്ഞു.

“ഞങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ കാര്യശേഷിയും സമയ നിർണയ നൈപുണ്യവും ഫലപ്രദമായി വിനിയോഗിക്കാനായി, ‘എഫിസം’ എന്ന ഒരു സോഫ്റ്റ്‌വെയർ സിസ്റ്റം രൂപകല്പന ചെയ്തിട്ടുണ്ട്. ഈ സോഫ്റ്റ്‌വെയർ മുഖേന പതിനാറു രാജ്യങ്ങളിലെ അറുപതോളം കമ്പനികളിലെ ജീവനക്കാരുടെ കാര്യക്ഷമത ഫലപ്രദമായി വിനിയോഗിക്കാൻ സ്ഥാപനത്തിന് സാധിച്ചു.

അതിലൂടെ ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് സമുദ്ര സംബന്ധമായ വ്യവസായമേഖലയിലെ അഞ്ചു വിഭാഗങ്ങളിൽ ലോകത്തിലെ ഒന്നാം നമ്പർ സ്ഥാനം കരസ്ഥമാക്കാൻ ഞങ്ങൾക്ക് സാധിച്ചു. പത്ത് വിഭാഗങ്ങളിൽ ഗൾഫ് മേഖലയിലെ ഒന്നാംസ്ഥാനവും ഞങ്ങൾക്കുണ്ട്. സൗദിയിലെ ആരാംകോ അടക്കമുള്ള സ്ഥാപനങ്ങളുടെ അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ഈ നേട്ടം ജീവനക്കാർ മുഖേന ഉണ്ടായതാണ്. അതുകൊണ്ടുതന്നെ അവരർഹിയ്ക്കുന്ന അതിന്റെ പങ്ക് അവർക്ക് തിരികെ കൊടുക്കുന്നു,” അദ്ദേഹം പറഞ്ഞു.

മാരിടൈം കൺസൾട്ടൻസി, ഷിപ്പ് ഡിസൈൻ, കപ്പലുകളുടെ യു.റ്റി. ഗേജിംഗ് സർവേ, റോപ്പ് ആക്സസ്, ഇന്റീരിയർ, എവിയേഷൻ സർവ്വേകൾ തുടങ്ങിയവയാണ് സ്ഥാപനത്തിന്റെ മുഖ്യധാരയിലുള്ള പ്രവർത്തന മേഖലകൾ. ഇതുകൂടാതെ മീഡിയ, സിനിമാ നിർമ്മാണം, ഇവന്റ് മാനേജുമെന്റ്, ടെലിവിഷൻ, ടൂറിസം മുതലായ മേഖലകളിലും സ്ഥാപനം മുതൽ മുടക്കിയിട്ടുണ്ട്. വർഷങ്ങളായി ജോലിചെയ്യുന്ന ജീവനക്കാരാണ് ഗ്രൂപ്പിന്റെ സമ്പത്ത്. ആരെയും പിരിച്ചു വിടുകയോ ശമ്പളം നൽകാതിരിക്കുകയോ ചെയ്യേണ്ട സാഹചര്യം കൊറോണക്കാലത്ത് പോലും സ്ഥാപനത്തിന് ഉണ്ടായിട്ടില്ല.

ജീവനക്കാർക്കായി നിരവധി ക്ഷേമ പദ്ധതികളാണ് ഏരീസ് ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. മൂന്നു വർഷം പൂർത്തിയാക്കിയ എല്ലാ ജീവനക്കാരുടെയും മാതാപിതാക്കൾക്ക് വർഷങ്ങളായി പെൻഷൻ നൽകിവരുന്ന ലോകത്തിലെ തന്നെ ഏക സ്ഥാപനമാണ് ഏരീസ് ഗ്രൂപ്പ്. ജീവനക്കാരുടെ കുട്ടികൾക്ക് എല്ലാ വർഷവും പഠന സ്കോളർഷിപ്പുകളും നൽകിവരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button