Life Style

സിക വൈറസ് രോഗം: ഗര്‍ഭിണികള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്

ആലപ്പുഴ: സിക വൈറസ് രോഗം ഗര്‍ഭിണികളില്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധപാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക വൈറസ് രോഗം. ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ട രീതിയില്‍ രോഗം ഗുരുതരമാകാനും മരണപ്പെടാനുമുളള സാധ്യത താരതമ്യേന കുറവാണ്.

ഗര്‍ഭിണികളില്‍ രോഗം ഗുരുതരമാകാനിടയുണ്ട്. ഗര്‍ഭിണികളില്‍ ആദ്യത്തെ നാല് മാസത്തില്‍ വൈറസ് ബാധയുണ്ടായാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ തലയുടെ വലിപ്പം കുറയുന്ന വൈകല്യം (മൈക്രോസെഫാലി), ഗര്‍ഭഛിദ്രം, ചാപിളള, മാസം തികയാതെയുളള ജനനം തുടങ്ങിയ സങ്കീര്‍ണ്ണതകള്‍ക്കിടയുണ്ട്. ഗര്‍ഭിണികളില്‍ നിന്നും ഗര്‍ഭസ്ഥ ശിശുവിനും രോഗം പകരുമെന്നതിനാല്‍ കൃത്യമായി രോഗനീരീക്ഷണം നടത്തുക.

പനി, തലവേദന, ശരീര വേദന, സന്ധിവേദന തൊലിപ്പുറത്തുണ്ടാകുന്ന ചെറിയ പാടുകള്‍, ശരീരത്തില്‍ തിണര്‍പ്പ്, കണ്ണുകള്‍ ചുവക്കുക തുടങ്ങിയവയാണ് സാധാരണ കണ്ടു വരുന്ന ലക്ഷണങ്ങള്‍. അണുബാധയുളള എല്ലാവരിലും രോഗലക്ഷണങ്ങള്‍ കാണണമെന്നില്ല. ലക്ഷണങ്ങള്‍ക്കനുസൃതമായ രോഗപരിചരണം കൊണ്ട് രോഗം ഭേദമാക്കാം. രോഗം പരത്തുന്ന കൊതുകുകള്‍ പകല്‍സമയത്താണ് കടിക്കുന്നത്. ഗര്‍ഭിണികളും ഗര്‍ഭത്തിനായി തയാറെടുക്കുന്ന സ്ത്രീകളും കൊതുക് കടിയേല്‍ക്കാതെ ശ്രദ്ധിക്കുക. പകല്‍ സമയത്ത് ഉറങ്ങുമ്പോള്‍ കൊതുക് വല ഉപയോഗിക്കുക. കൊതുക് കടക്കാത്ത വിധം ജനലുകളും വാതിലുകളും വലയടിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button