News

‘പ്രധാനമന്ത്രിയുടെ പ്രജയാകാൻ എന്തുകൊണ്ടും അർഹൻ ആണ് അലക്സാണ്ടർ ജേക്കബ്’: എസ് സുദീപ്

സമൂഹമാധ്യമങ്ങളിൽ വൻ ട്രോളായി മാറിയ ഹാർവാ‍ർഡ് ഹോസ്റ്റൽ പ്രസംഗത്തിൽ മുൻ ഡിജിപി അലക്സാണ്ടർ ജേക്കബിനെ വിമർശിച്ച് മുന്‍ ജഡ്ജി എസ്. സുദീപ്. വിവരദോഷികളുടെ എണ്ണം സിവിൽ സർവീസിൽ മാത്രമല്ല, ഇന്ത്യൻ ജുഡീഷ്യറിയിലും ഭരണകൂടത്തിലും പെരുകിക്കൊണ്ടേയിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. പുരാതന ഇന്ത്യയിൽ പ്ലാസ്റ്റിക് സർജറിയുണ്ടായിരുന്നു എന്നും അതിന് ഉദാഹരണമായി ഗണപതിയുടെ ആനത്തലയും വർണ്ണിച്ച മണ്ടശിരോമണി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും ആ മോദിയുടെ പ്രജയാകാൻ എന്തുകൊണ്ടും അർഹൻ തന്നെയാണ് അലക്സാണ്ടർ ജേക്കബ് ഐ പി എസ് എന്നും സുധീപ് പരിഹസിച്ചു.

അലക്സാണ്ട‌ർ ജേക്കബിന്റെ വിവാദമായ വാക്കുകൾ:

‘ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ വൃത്താകൃതിയിൽ ഒരു ഹോസ്റ്റലുണ്ടാക്കി. എന്നിട്ട് 16 ദിശയിലേക്ക് കുട്ടികളെ തിരിച്ചിരുത്തി. എന്നിട്ട് പഠിക്കാൻ പറഞ്ഞു, എന്നിട്ട് അവരുടെ മാർക്ക് എല്ലാ ദിവസവും കംപ്യൂട്ട് ചെയ്യണം. ആറ് മാസം കഴിഞ്ഞപ്പോൾ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർമാർ ഞെട്ടിപ്പോയി. തെക്കോട്ട് തിരിഞ്ഞിരുന്ന പഠിച്ച കുട്ടികളുടെ മാർക്ക് 15 ശതമാനം വരെ താഴേക്ക് വന്നു. 62 ശതമാനം ഫസ്റ്റ് ക്ലാസ് വാങ്ങിച്ചിരുന്ന കുട്ടികൾ 42 ശതമാനമായി തേർഡ് ക്ലാസിലേക്ക് താഴ്ന്നിറങ്ങി. എന്നാൽ കിഴക്കോട്ട് തിരിഞ്ഞിരുന്ന് പഠിച്ച കുട്ടികളുടെ മാർക്ക് ആറ് മാസം കൊണ്ട് 15 ശതമാനം മേൽപോട്ട് വന്നു. 42 ശതമാനം തേർഡ് ക്ലാസ് വാങ്ങിച്ചിരുന്ന കുട്ടികൾ 62 ശതമാനം വാങ്ങി ഫസ്റ്റ് ക്ലാസിലേക്ക് ഉയർന്നു. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർമാർ വൈസ് ചാൻസലർക്ക് റിപ്പോർട്ട് ചെയ്തു. വൈസ് ചാൻസലറോട് പറഞ്ഞു, ആ ഹോസ്റ്റൽ ഇടിച്ചു നിരത്താൻ. ആ ഹോസ്റ്റൽ ഇടിച്ചു നിരത്തി, എല്ലാവരും കിഴക്കോട്ട് തിരിഞ്ഞിരുന്ന് പഠിക്കുന്ന ഒരു ഹോസ്റ്റൽ പുനർനിർമ്മിച്ചു’.

വിഷയത്തിൽ അലക്സാണ്ട‌ർ ജേക്കബിനെ വിമർശിച്ച് എസ് സുദീപ് എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ്:

വിവരദോഷികളുടെ എണ്ണം സിവിൽ സർവീസിൽ മാത്രമല്ല, ഇന്ത്യൻ ജുഡീഷ്യറിയിലും ഭരണകൂടത്തിലും പെരുകിക്കൊണ്ടേയിരിക്കുകയാണ്. മയിലിൻ്റെ കണ്ണീരിൽ നിന്നാണ് മയിലുകളുടെ പ്രജനനം നടക്കുന്നതെന്നു പറഞ്ഞ തിരുമണ്ടൻ ഹൈക്കോടതി ജഡ്ജിയാണ്. യാതൊരു മെറിറ്റും നോക്കാതെ, കൊളീജിയം എന്ന ശുദ്ധ ആഭാസം വഴി, വളരെ ഗൂഢമായ ഒരു പ്രക്രിയയിലൂടെ ഹൈക്കോടതി/സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കുന്ന ഒരു നാട്ടിൽ ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി. പുരാതന ഇന്ത്യയിൽ പ്ലാസ്റ്റിക് സർജറിയുണ്ടായിരുന്നു എന്നും അതിന് ഉദാഹരണമായി ഗണപതിയുടെ ആനത്തലയും വർണ്ണിച്ച മണ്ടശിരോമണി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഇന്ത്യൻ സയൻസ് കോൺഗ്രസിലാണ് ഈ ഉച്ചക്കിറുക്ക് അവതരിപ്പിച്ചതെന്നു കൂടി ഓർക്കണം. അതേ മോദി തന്നെയാണ് എണ്ണി നോക്കാനായി നോട്ട് നിരോധിച്ചതും. ആ മോദിയുടെ പ്രജയാകാൻ എന്തുകൊണ്ടും അർഹൻ തന്നെയാണ് അലക്സാണ്ടർ ജേക്കബ് ഐ പി എസ്.

സിസേറിയൻ വഴി ജനിക്കുന്ന കുട്ടികൾ കത്തിയുമായി നിൽക്കുന്ന ഡോക്ടറെ കണികണ്ടു ജനിക്കുന്നതിനാൽ അക്രമകാരികളാകും എന്നെഴുതിപ്പിടിപ്പിച്ചതും ഈ മഹാൻ തന്നെ. കിഴക്കോട്ടു നോക്കിയിരുന്നു പഠിക്കാതിരുന്ന ഹാർവാഡ് വിദ്യാർത്ഥികളൊക്കെ തോറ്റെന്നും ആ ഹാർവാഡ് കെട്ടിടം പൊളിച്ചു കളഞ്ഞെന്നും ഒക്കെ തട്ടിവിട്ട അലക്സാണ്ടർ ജേക്കബ് ഇപ്പോൾ പറയുന്നു ഒരു സ്വാമിയുടെ പ്രസംഗം താൻ കോപ്പിയടിച്ചതാണെന്ന്. ഒന്നോർത്തു നോക്കണം, വല്ലവൻ്റെയും വാക്കുകളുടെ ആധികാരികത പോലും പരിശോധിക്കാൻ മെനക്കെടാത്ത ഇയാളൊക്കെ ആസാമിമാരുടെ വാക്കു മാത്രം കേട്ട്, ഒരന്വേഷണവും നടത്താതെ എത്രയോ നിരപരാധികളെ ക്രിമിനൽ കേസുകളിൽ പ്രതികളാക്കിയിരിക്കണം! അവരെയൊക്കെ മയിൽ ഫാൻസായ എത്രയോ ജഡ്ജിമാർ ശിക്ഷിച്ചിരിക്കും! അലക്സാണ്ടർ ജേക്കബുമാരും മയിൽ ജഡ്ജിമാരും തനിച്ചല്ല, ഇന്ത്യൻ പ്രധാനമന്ത്രി തന്നെ കൂട്ടുണ്ടെന്ന് അവർക്ക് ആശ്വസിക്കാം. പക്ഷേ ഇന്ത്യൻ ജനത എന്തു പറഞ്ഞ് ആശ്വസിക്കും?

shortlink

Related Articles

Post Your Comments

Related Articles


Back to top button