Kerala

2 സർക്കാരുകളെയും പാർട്ടിയെയും നിയന്ത്രിച്ചത് പിണറായി കോടിയേരി-കോമ്പോ: നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത സെക്രട്ടറി

കണ്ണൂർ രാഷ്ട്രീയത്തിന്റെ കരുത്ത് മനസിലുള്ളപ്പോഴും ചിരിക്കുന്ന, കുശലം പറയുന്ന ഒരു ജനകീയനായ നേതാവ് തന്നെയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. പിണറായി- കോടിയേരി കോംമ്പിനേഷൻ തന്നെയാണ് ഈ രണ്ടു സർക്കാരുകളെയും മുന്നോട്ട് നയിച്ചത് എന്നത് പകൽപോലെ വ്യക്തമാണ്. സംസ്ഥാന സെക്രട്ടറി പദവിയിൽ നിന്ന് കോടിയേരി ബാലകൃഷ്ണൻ മാറുമ്പോൾ നഷ്ടമാകുന്നത് ഭരണവും പാർട്ടി സംവിധാനവും തമ്മിലുള്ള ഇഴയടുപ്പം തന്നെയാണ്.

സമീപകാലയളവിൽ കേരളത്തിൽ സിപിഎം നേരിട്ടത്ര പ്രതിസന്ധികൾ മറ്റു പാർട്ടികൾക്കുണ്ടായിട്ടില്ല. സ്വർണകടത്തു മുതൽ സ്വജന പക്ഷപാതം വരെയുള്ള സുപ്രധാന വിവാദങ്ങളിലെല്ലാം പാർട്ടി പ്രതിസന്ധിയിൽ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ വിവാദങ്ങളെ അതിജീവിക്കുന്നതിൽ പാർട്ടിക്കും സർക്കാരിനും ഒരു സൗമ്യ മുഖത്തെ എക്കാലവും ആവശ്യമായിരുന്നു.

ഒരുപക്ഷേ സിപിഎമ്മിന്റെ ക്രൈസിസ് മാനേജർ തന്നെയായിരുന്നു കോടിയേരി ബാലകൃഷ്ണൻ എന്ന് പറയാം. മക്കൾ സ‍ൃഷ്ടിച്ച വിവാദങ്ങളാണ് കോടിയേരിയെ ഒരർഥത്തിൽ സമ്മർ‍ദ്ദത്തിലാക്കിയ സംഭവം. തുടർന്ന് ഇടക്കാല അവധിയെടുത്ത് ചികിത്സയ്ക്കായി പോയി. എന്നാൽ അതിനുശേഷമുള്ള കോടിയേരിയുടെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് പ്രവർത്തകർ ചെയ്തത്. പ്രിയ നേതാവിനെ കാത്തിരുന്ന പ്രവർത്തകരുടെ ആവേശവും സന്തോഷവും അതിൽ വ്യക്തമായിരുന്നു.

ഇക്കഴിഞ്ഞ എറണാകുളം സമ്മേളനത്തിൽ വെച്ചാണ് മൂന്നാം തവണ കോടിയേരി സംസ്ഥാന സെക്രട്ടറിയായത്. ഇന്ന് തൽസ്ഥാനത്ത് നിന്ന് കോടിയേരി അനാരോ​ഗ്യം മൂലം ഒഴിയുന്നെന്ന എന്ന വാർത്ത രാഷ്ട്രീയ കേന്ദ്രങ്ങളെ പ്രത്യേകിച്ച് ഇടതു പാളയത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.

ജനകീയനായ, വിമർശിക്കാനും, എതിരാളികളെ ചോദ്യശരങ്ങൾ കൊണ്ട് സമർദ്ദത്തിലാക്കാനും കോടിയേരി ബാലകൃഷ്ണൻ എന്ന രാഷ്ട്രീയ നേതാവിനുള്ള കഴിവൊന്നും ഈ സമീപ കാലയളവിൽ ഒരു രാഷ്ട്രീയ നേതാവിനുമില്ല എന്നുള്ളത് വസ്തുതയാണ്. നിലപാടുകളിൽ ലവലേശം വിട്ടു വീഴ്ചയില്ലാത്ത പാർട്ടി സെക്രട്ടറിയെ നഷ്ടമാകുന്നത് സിപിഎമ്മിന് സൃഷ്ടിക്കുന്നത് നികത്താനാവാത്ത വിടവ് തന്നെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button