News

റിപ്പബ്ലിക് ദിന പരേഡില്‍ ‘സ്വാമിയേ ശരണമയ്യപ്പ’ മുദ്രാവാക്യവുമായി ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകള്‍: അഭിമാന നിമിഷം

ന്യൂഡല്‍ഹി: ഇന്ത്യയുടെ 74-ാം റിപ്പബ്ലിക് ദിന പരേഡ്, രാജ്യത്ത് നിര്‍മ്മിച്ച ആധുനിക സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ച ആയുധങ്ങളുടെ അഭിമാനത്തോടെയുള്ള പ്രദര്‍ശനം കൂടിയായിരുന്നു. നിസ്വാര്‍ഥമായ സേവനം കാഴ്ചവയ്ക്കുന്ന ഇന്ത്യന്‍ സൈന്യം കൈവരിച്ച അധിക കരുത്ത് വിളിച്ചറിയിച്ചുകൊണ്ടാണ് പരേഡ് അവസാനിച്ചത്. ഏറെ വിനാശകാരിയും അത്യാധുനികവുമായ ആകാശ് മിസൈല്‍ സിസ്റ്റം, സാറ്റലൈറ്റുകള്‍, ക്ഷണത്തില്‍ പിടിപ്പിച്ചെടുക്കാവുന്ന മോഡുലര്‍ പാലങ്ങള്‍, ആധുനിക ഹെലിക്കോപ്റ്ററുകള്‍, ഇലക്ട്രോണിക് യുദ്ധസംവിധാനങ്ങള്‍ തുടങ്ങി സര്‍ഫസ് ടു എയര്‍ മിസൈലുകള്‍ വരെ പ്രദര്‍ശിപ്പിച്ചാണ് പരേഡ് അവസാനിച്ചത്.

Read Also: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; ബാറിൽ വച്ച് യുവാവിനെ വെട്ടി പരുക്കേൽപ്പിച്ചു

എംബിടി അര്‍ജുന്‍

മൂന്നാം തലമുറയിലെ യുദ്ധ ടാങ്ക് ഇന്ത്യയില്‍ നിര്‍മിച്ചതാണ്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ആണ് ഇതു വികസിപ്പിച്ചത്. അര്‍ജുനിലെ പ്രധാനപ്പെട്ട ആയുധം 120എംഎം റൈഫിള്‍ഡ് തോക്കാണ്. കൂടാതെ, 7.62എംഎം കൊആക്സിയല്‍ മെഷീന്‍ ഗണ്‍, വിമാനം വീഴ്ത്താന്‍ ശേഷിയുള്ള 12.7എംഎം മെഷീന്‍ ഗണ്‍ എന്നിവയും ഉണ്ട്. ഇതിന് ശക്തി പകരുന്നത് ഒരു 1400 എച്പി ഡീസല്‍ എന്‍ജിനാണ്. പരമാവധി സ്പീഡ് മണിക്കൂറില്‍ 70 കിലോമീറ്റര്‍. പുതിയതായി വികസിപ്പിച്ചെടുത്ത പ്രതിരോധ കവചവും അതിനുണ്ട്. നിലവിലുള്ള മറ്റ് മൂന്നാം തലമുറ ടാങ്കുകളെ അപേക്ഷിച്ച് ഏറെ മികച്ചതാണിത്.

നാഗ് മിസൈല്‍ സിസ്റ്റം

നാഗ് ( NAG) സിസ്റ്റം എതിരാളികളുടെ ടാങ്കുകള്‍ തകര്‍ക്കാനായി നിര്‍മ്മിച്ചതാണ്. ഇതിനെ നാമിസ് (NAMIS) എന്നാണ് വിളിക്കുന്നത്. ഡിആര്‍ഡിഒയും ഹൈദരാബാദ് ഡവലപ്മെന്റ് ലബോറട്ടറിയും സംയുക്തമായാണ് ഇത് നിര്‍മ്മിച്ചത്. രാജ്യാതിര്‍ത്തിയിലും മറ്റും ടാങ്കുകള്‍ക്കെതിരെയുള്ള ആക്രമണത്തിനും പ്രതിരോധത്തിനും ഇത് പ്രയോജനപ്പെടുത്താം. ആളില്ലാതെ പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു ട്രാക്ഡ് ആര്‍മേഡ് ഫൈറ്റിങ് വാഹനം കൂടിയാണിത്. ഇതിന് ആറ് നാഗ് ആന്റി-ടാങ്ക് ഗൈഡഡ് മിസൈലുകള്‍ തൊടുക്കാനാകും. ഏകദേശം 5 കിലോമീറ്ററാണ് ഇതിന്റെ റേഞ്ച്.

കെ-9 വജ്രാ-ടി

കെ-9 വജ്രാ-ടിയുമായി എത്തിയത് 224 മീഡിയം റെജിമെന്റ് ആയിരുന്നു. കെ-9 വജ്രാ-ടി 155എംഎം/52 കാലിബര്‍ ട്രാക്ട് സെല്‍ഫ് പ്രൊപെല്‍ഡിന് 40 കിലോമീറ്റര്‍ വരെ പരിധിയില്‍ വെടിയുണ്ടയുതിര്‍ക്കാന്‍ സാധിക്കും. വരണ്ട മരുഭൂമിയില്‍ പോലും ഇതിന് മണിക്കൂറില്‍ പരമാവധി 60 കിലോമീറ്റര്‍ വേഗം ആര്‍ജ്ജിക്കാം.

400 കിലോമീറ്റര്‍ റേഞ്ചുള്ള ബ്രഹ്മോസ്-സ്വാമിയേ ശരണമയ്യപ്പാ!

ശത്രുക്കളുടെ മേഖലകള്‍ക്കുളളിലേക്കെത്തി, കിറുകൃത്യതയോടെ ആക്രമിക്കാനുള്ള ശേഷിയാണ് 400 കിലോമീറ്റര്‍ റേഞ്ചുള്ള ബ്രഹ്മോസ് സൂപ്പര്‍സോണിക്, ഹൈ-പ്രിസിഷന്‍ ക്രൂസ് മിസൈലിനുള്ളത്. ഇത്തവണ പ്രദര്‍ശിപ്പിച്ച ആയുധങ്ങള്‍ക്കെല്ലാം മുദ്രാവാക്യങ്ങളും ഉണ്ട്. ബ്രഹ്മോസിന്റേത് സ്വാമിയേ ശരണമയ്യപ്പാ എന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button