ചിന്തയ്ക്ക് ലക്ഷങ്ങള്‍ നല്‍കിയ സര്‍ക്കാര്‍ പത്മശ്രീ അവാര്‍ഡ് ജേതാവിന്റെ പെന്‍ഷന്‍ വെട്ടിക്കുറച്ചു

പാവപ്പെട്ട ചിന്തയ്ക്ക് ശമ്പളം വാരിക്കോരി നല്‍കിയ പിണറായി സര്‍ക്കാര്‍ പത്മശ്രീ അവാര്‍ഡ് ജേതാവിന്റെ പെന്‍ഷന്‍ 24,700 രൂപയില്‍ നിന്ന് വെറും 2527 രൂപയായി വെട്ടിക്കുറച്ച് സഹായിച്ചു: ആനുകൂല്യങ്ങളും ശമ്പള വര്‍ദ്ധനവും പാര്‍ട്ടി അനുകൂലികള്‍ക്ക് മാത്രം

 

കൊച്ചി: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം വെറുതെ ഒന്ന് ചോദിച്ചാല്‍ മതി, പിണറായി സര്‍ക്കാര്‍ ശമ്പളം വാരിക്കോരി നല്‍കും, ഇതാണ് ഇതുവരെ കണ്ട നമ്മുടെ കേരളത്തിലെ അവസ്ഥ. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇക്കാര്യത്തില്‍ യാതൊരു മുട്ടും സര്‍ക്കാര്‍ വരുത്തില്ല. കാരണം പാവപ്പെട്ടവന്റെ അല്ലെങ്കില്‍ മുണ്ട് മുറുക്കി ഉടുക്കുന്നവന്റെ പാര്‍ട്ടിയാണ് ഇത്. സ്വന്തം സഖാക്കളുടെ കാര്യമായതിനാല്‍ ഫയലുകളും വേഗത്തില്‍ നീക്കി.

Read Also: ലൈഫ് മിഷൻ: മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ്

എന്നാല്‍ പാവപ്പെട്ട ചിന്തയെ സഹായിച്ച പിണറായി സര്‍ക്കാര്‍, പത്മശ്രീ പുരസ്‌ക്കാര ജേതാവും ഭാഷാപണ്ഡിതനും സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എന്‍സൈക്ളോപീഡിക് പബ്ളിക്കേഷന്‍സ് മുന്‍ ഡയറക്ടറുമായ ഡോ. വെള്ളായണി അര്‍ജുനന്റെ പെന്‍ഷന്‍ വെട്ടിച്ചുരുക്കിയിരിക്കുകയാണ്. 24,700 രൂപയായിരുന്ന പെന്‍ഷന്‍ കാരണം വ്യക്തമാക്കാതെ 2,527 രൂപയാക്കി ഫെബ്രുവരി ആറിനാണ് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഉത്തരവിറക്കിയത്. എന്നാല്‍, ഹൈക്കോടതിയില്‍ നിന്നും ഈ വിഷയത്തില്‍ സര്‍ക്കാറിന് തിരിച്ചടിയേല്‍ക്കുകയും ചെയ്തു.

സര്‍വീസില്‍ നിന്നും വിരമിച്ച് 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ ഈ നടപടി കൈക്കൊണ്ടത്. എന്തിനാണെന്ന് പോലും അറിയിക്കാതെയായിരുന്നു ഒറ്റയടിക്ക് പെന്‍ഷന്‍ വെട്ടിക്കുറച്ചത്. പത്മശ്രീ പുരസ്‌ക്കാര ജേതാവാണെന്നോ 90 വയസ്സ് പിന്നിട്ട വയോധികനാണെന്നോ എന്ന പരിഗണനയൊന്നും കൂടാതെയാണ് ഇത്തരമൊരു നടപടി കൈക്കൊണ്ടത്. ഫെബ്രുവരി ആറിനാണ് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പെന്‍ഷന്‍ വെട്ടിക്കുറച്ചുള്ള ഉത്തരവ് പുറത്തിറക്കിത്.

നടപടിക്കെതിര ഡോ. വെള്ളായണി അര്‍ജുനന്‍ നിയമ നടപടി സ്വീകരിക്കുകയായിരുന്നു . ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതോടെ കോടതി ഉത്തരവ് സ്റ്റേ ചെയ്തു. ഡോ. വെള്ളായണി അര്‍ജുനന്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് എന്‍. നഗരേഷാണ് ഒരു മാസത്തേക്ക് സ്റ്റേ അനുവദിച്ചത്. സാംസ്‌കാരിക വകുപ്പു ഡയറക്ടര്‍ അടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു. ഹര്‍ജി പിന്നീടു പരിഗണിക്കാന്‍ മാറ്റി. 1988 ഫെബ്രവുരി 22 നാണ് വെള്ളായണി അര്‍ജുനന്‍ സര്‍വീസില്‍ നിന്നും വിരമിച്ചത്.

വൈജ്ഞാനിക സാഹിത്യരംഗത്തെ നിറസാന്നിധ്യം ഡോ. വെള്ളായണി അര്‍ജുനന്‍ അടുത്തിടെയാണ് നവതി ആഘോഷിച്ചതും. അഞ്ച് പുസ്തകം പുറത്തിറക്കിക്കൊണ്ടാണ് അദ്ദേഹത്തിന്റെ നവതിയാഘോഷം നടന്നത്. സ്വന്തം പ്രതിഭകൊണ്ടും പ്രയത്നംകൊണ്ടും ഉയരങ്ങളിലെത്തിയ എഴുത്തുകാരനും അദ്ധ്യാപകനും വിദ്യാഭ്യാസ വിചക്ഷണനുമായ വെള്ളായണിയെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.

 

Share
Leave a Comment