AgricultureKeralaNews

കേരളത്തിലെ ഏറ്റവും വലിയ കാർഷിക ഹാക്കത്തോൺ വൈഗ അഗ്രി ഹാക്ക്: കാർഷിക പ്രദർശനം 25 ന്

തിരുവനന്തപുരം: കാർഷിക മേഖലയിലെ അത്യാധുനിക സങ്കേതങ്ങൾ കർഷകരെയും പൊതുജനങ്ങളെയും പരിചയപ്പെടുത്തുന്നതിന് കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന ‘വൈഗ 2023’ കാർഷിക പ്രദർശനം 25 ന് ആരംഭിക്കാനിരിക്കെ, അതിന്റെ മുന്നോടിയായി തിരുവനന്തപുരത്ത് ഇന്ന് മാധ്യമ സംഗമം നടന്നു. 25 ന് ആരംഭിക്കുന്ന കാർഷിക പ്രദർശനം മാർച്ച് രണ്ട് വരെയാണുള്ളത്. കാർഷികമേഖലയിൽ മൂല്യവർധിത ശൃംഖലയുടെ വികസനമാണ് മേള ലക്ഷ്യമിടുന്നത്. കാർഷിക പ്രദർശനം, ശില്പശാലകൾ, ബിസിനസ് മീറ്റുകൾ, അഗ്രി ഹാക്കത്തൺ, ഡി.പി.ആർ. ക്ലിനിക്ക് എന്നിവ മേളയുടെ ഭാഗമായിട്ടുണ്ടാകും.

എന്താണ് വൈഗ?

സംസ്ഥാനത്തെ കാർഷിക ഉത്പന്നങ്ങളുടെ സംസ്കരണം, മൂല്യവർദ്ധനവ്, വ്യാപനം എന്നീ മേഖലകളുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ കാർഷിക മേഖലയിലേക്ക് ആകര്ഷിക്കുന്നതിനും ലക്ഷ്യമിട്ട് കൃഷി വകുപ്പ് ആരംഭിച്ച പദ്ധതിയാണിത്. 2016 ലാണ് പദ്ധതിയുടെ തുടക്കം.

Also Read:സംസ്ഥാനത്തിനകത്തെ വിമാനത്താവളങ്ങൾ കണക്ട് ചെയ്ത് സർവീസുകൾ നടത്തിയേക്കും, ആകാശ എയറുമായി ചർച്ചകൾ സംഘടിപ്പിച്ച് സർക്കാർ

കർഷകർക്കും പൊതുജനങ്ങൾക്കും പുതു സംരംഭകർക്കും കാർഷിക മേഖലയിലെ അത്യാധുനിക സാങ്കേതിക മുന്നേറ്റങ്ങൾ അടുത്തറിയുന്നതിനും കാർഷിക വിദഗ്ധർക്ക് പുതിയ സാങ്കേതിക വിദ്യകൾ പങ്കിടുന്നതിനുമുള്ള ഒരു വേദി എന്ന നിലയിലാണ് കാർഷിക പ്രദർശനങ്ങളും കാർഷിക സെമിനാറുകളും കൃഷി വകുപ്പ് സംഘടിപ്പിച്ച് പോരുന്നത്.

25-ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി പി.പ്രസാദ് അധ്യക്ഷനാകും. ആറു സംസ്ഥാനങ്ങളിൽനിന്നുള്ള കാർഷിക മന്ത്രിമാർ മേളയ്ക്കെത്തുമെന്ന് മന്ത്രി പി.പ്രസാദ് പത്രസമ്മേളനത്തിൽ പറഞ്ഞു.

ഡി.പി.ആർ. ക്ലിനിക്ക്

കേരള സർക്കാർ കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ 2023 ന്റെ ഏറ്റവും മികച്ച പ്രത്യേകത ഡി.പി.ആർ ക്ലിനിക് ആണ്. സംരംഭകർക്ക് വഴികാട്ടിയാകുക എന്ന ലക്ഷ്യത്തിൽ സംഘടിപ്പിച്ച ഡി.പി.ആർ ഫെബ്രുവരി 15 മുതൽ 17 വരെയാണ് സംഘടിപ്പിച്ചത്. ക്ലിനിക്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഓരോ സംരംഭകർക്കും അവരവരുടെ സംരംഭങ്ങൾ ആരംഭിക്കുന്നതിനും വിജയകരമാക്കുന്നതിനും ആവശ്യമായ ഒരു വിശദമായ പ്രോജക്ട് റിപ്പോർട്ട് ഡി.പി.ആരിൽ ലഭ്യമാകുന്നു.

സർക്കാർ പദ്ധതികളിൽ നിന്നുള്ള ആനുകൂല്യം നേടാനും അവസരം ലഭിക്കും. കർഷകർ പങ്കുവയ്ക്കുന്ന ആശയങ്ങൾക്ക് അനുയോജ്യമായ പദ്ധതിരേഖ സൗജന്യമായി തയ്യാറാക്കി നൽകും. വിവിധ സംരംഭകരും, ഈ മേഖലയിലെ ശാസ്ത്രജ്ഞരും സാമ്പത്തിക വിദഗ്ധരും, സാങ്കേതിക വിദഗ്ധരും പങ്കെടുത്ത ക്ലിനിക്കിൽ www.vaigakerala.com എന്ന വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കിയ 71 സാധ്യതാസംരംഭങ്ങൾ തിരഞ്ഞെടുത്തു. ഇതിൽ 50 എണ്ണം ക്ലിനിക്കിൽ എത്തും. മാർച്ച് ഒന്നിന് ഡി.പി.ആറിന് അന്തിമ രൂപം നൽകുകയും, ഇത് സംരംഭകർക്ക് കൈമാറുകയും ചെയ്യും.

ബിസിനസ് മീറ്റ്

കേരളത്തിന്റെ തനത് കാർഷികോത്‌പ്പന്നങ്ങൾക്ക് എക്കാലത്തും ജനപ്രീതിയുണ്ട്. സുഗന്ധവ്യഞ്ജനങ്ങളും ഫലവർഗങ്ങളും കിഴങ്ങ് വർഗ്ഗങ്ങളും ഔഷധസേഷ്യങ്ങളും അടക്കം കേരളത്തിന്റെ കാർഷികോത്പന്നങ്ങൾക്ക് ലോക കൃഷി വിപണിയിൽ നല്ല മാർക്കറ്റുണ്ട്. എന്നാൽ, നമ്മുടെ കർഷകർക്ക് മാത്രം അതിന്റെ ഗുണം ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കേരളത്തിലെ കർഷകരുടെ ഉത്പന്നങ്ങൾ ഇടനിലക്കാരെ ഒഴിവാക്കി വിപണിയിൽ നേരിട്ട് എത്തിക്കാനുള്ള ശ്രമങ്ങൾ പ്ലാൻ ചെയ്തത്.

അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുന്നതിനായിട്ടാണ് ഈ മാസം 28 മുതൽ മാസ്‌കോട്ട് ഹോട്ടലിൽ വെച്ച് ബിസിനസ് മീറ്റ് സംഘടിപ്പിക്കാൻ തീരുമാനമായത്. ഒരു കൃഷിഭവനിൽനിന്ന്‌ ഒരു ഉത്പന്നം എന്ന രീതിയിൽ തിരഞ്ഞെടുത്ത 500 ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുകയാണ് ലക്ഷ്യം. കർഷകർക്ക് നേരിട്ട് വ്യാപാര കരാറിൽ ഏർപ്പെടാനാകും. ഇടനിലക്കാരില്ലാതെ നേരിട്ട് വിപണനം നടത്തുകയാണ് ലക്ഷ്യം. 60 ഓളം വിപണന മേഖലയിലുള്ള ഏജൻസികളാണ് ബിസിനസ് മീറ്റിൽ പങ്കെടുക്കുക. നൂറ് കോടി രൂപയുടെ ബിസിനസ് ആണ് കേരളം പ്രതീക്ഷിക്കുന്നത്. ബിസിനസ് മീറ്റിൽ പങ്കെടുക്കുന്നവർക്ക് ഗുണം ലഭിക്കും.

വൈഗ അഗ്രി ഹാക്ക്

വൈഗ കാർഷികമേളയുടെ ഭാഗമായി സംസ്ഥാന കാർഷികവികസന കർഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന, സ്റ്റാർട്ടപ്പുകളും വിദ്യാർത്ഥികളും കർഷകരും പങ്കെടുക്കുന്ന കേരളത്തിലെ ഏറ്റവും വലിയ കാർഷിക ഹാക്കത്തോൺ ആണ് വൈഗ അഗ്രി ഹാക്ക്. കാർഷിക രംഗത്തെയും, കാർഷിക ഭരണ നിർവഹണ രംഗത്തെയും പ്രധാന പ്രശനങ്ങൾക്ക്, സാങ്കേതികമായ പരിഹാരങ്ങൾ കണ്ടെത്തുകയാണ് വൈഗ അഗ്രി ഹാക്കിന്റെ പ്രധാന ലക്ഷ്യം. കാർഷിക മേഖലയിലെ പ്രധാന പ്രശ്നങ്ങൾ കണ്ടെത്തി അവ പ്രോബ്ലം സ്റ്റേറ്റ്മെന്റുകൾ ആയി അവതരിപ്പിക്കുകയും, വിദ്യാർഥികൾ, സ്റ്റാർട്ടപ്പുകൾ, പ്രൊഫഷണലുകൾ , കർഷകർ എന്നിവർ ഉൾപ്പെടുന്ന പൊതുജനങ്ങൾ എന്നിവർക്ക് മാർഗങ്ങൾ, ഇവയിൽ അനുയോഗ്യമായവ തെരഞ്ഞെടുത്തുകൊണ്ട് ഫലപ്രദമായ പരിഹാര മാർഗങ്ങൾ കണ്ടെത്താനുള്ള അവസരം നൽകുകയും ചെയ്യുന്നു.

36 മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രശ്ന പരിഹാര മത്സരമായ വൈഗ അഗ്രിഹാക്ക് ഹാക്കത്തോണിൽ സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ വിഭാഗങ്ങൾ ഉണ്ടായിരിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികൾ/ സ്റ്റാർട്ടപ്പുകൾ/ പ്രൊഫഷണലുകൾ, കർഷകർ എന്നിവർ ഉൾപ്പെടുന്ന പൊതുജനങ്ങൾ എന്നീ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. പങ്കെടുക്കുന്ന ടീമുകൾക്ക് വിദഗ്‌ധ നിർദേശങ്ങൾ നൽകുന്നതിനും, പരിഹാര മാർഗ്ഗങ്ങളിലേക്ക് എത്തുന്നതിനുമുള്ള സഹായം മെന്റർമാരുടെ പാനൽ നൽകുന്നതാണ്. തെരഞ്ഞെടുക്കപ്പെട്ട മികച്ച 30 ടീമുകളാണ് 2023 ഫെബ്രുവരി 25 മുതൽ 27 വരെ തിരുവനന്തപുരം, വെള്ളായണി കാർഷിക കോളേജിൽ നടക്കുന്ന അഗ്രി ഹാക്കിന്റെ ഗ്രാന്റ് ഫിനാലെയിൽ പങ്കെടുക്കുന്നത്.

കാർഷിക സെമിനാറുകൾ

കൃഷി വകുപ്പ് നടത്തുന്ന വൈഗ 2023 ൽ വിവിധ വിഷയങ്ങളിൽ കാർഷിക സെമിനാറുകൾ സംഘടിപ്പിക്കുന്നു. കാർഷിക ധനകാര്യവും സംരംഭകത്വവും, കാർഷികോൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ അധിഷ്ഠിത ഉൽപ്പാദനം, ട്രൈബൽ അഗ്രികൾച്ചർ ടെക്‌നോളജികൾ, ഡിജിറ്റൽ അഗ്രിക്കൾച്ചർ, കാർബൺ ന്യുട്രൽ കൃഷി, കാർഷിക സ്റ്റാർട്ടപ്പുകൾ, സംരംഭകത്വ വികസനം സംബന്ധിച്ച വിഷയങ്ങൾ, ചെറുധാന്യങ്ങളുടെ സാദ്ധ്യതകൾ, തുടങ്ങിയ വിഷയങ്ങളിലാണ് സെമിനാറുകൾ സംഘടിപ്പിക്കുന്നത്. സെമിനാറുകളിൽ പങ്കെടുക്കുന്നതിന് www.vaigakerala.com വഴി രജിസ്റ്റർ ചെയ്യാം.

സൗജന്യ രജിസ്‌ട്രേഷൻ

കർഷക ക്ഷേമനിധി ബോർഡിന്റെ സ്റ്റാളിൽ കർഷക ക്ഷേമനിധി പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിനും തത്സമയ സൗജന്യ രജിസ്‌ട്രേഷനുമുള്ള സൗകര്യമുണ്ടാകും. ആധാർ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക്, ഭൂനികുതി രസീത്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ നിർബന്ധമായും ഹാജരാക്കണം.

shortlink

Post Your Comments


Back to top button