പാലക്കാട്: കല്ലേക്കാട്ട് ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. തിരക്കിൽപ്പെട്ട് ഒരാൾ മരിച്ചു. 15 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വള്ളിക്കോട് സ്വദേശി ബാലസുബ്രഹ്മണ്യനാണ് (63) മരിച്ചത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെ പിരായിരി കല്ലേക്കാട് പാളയത്തെ മാരിയമ്മൻപൂജാ ഉത്സവത്തിനെത്തിച്ച പുത്തൂർ ഗണേശൻ എന്ന ആനയാണ് ഇടഞ്ഞത്.
എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തിയതോടെ വെടിക്കെട്ട് നടത്തിയയുടനെ ആന ഇടഞ്ഞ് ഓടുകയായിരുന്നു. ആനപ്പുറത്തുണ്ടായിരുന്നവർ മുന്നിലുള്ള മരത്തിൽ തൂങ്ങി ആനയുടെ മുന്നിൽ അകപ്പെടാതെ രക്ഷപ്പെട്ടു. ആന പിറകോട്ട് ഓടിയപ്പോൾ സമീപത്തുണ്ടായിരുന്ന ബാലസുബ്രഹ്മണ്യൻ ഓടിരക്ഷപ്പെടാൻ ശ്രമിക്കവെ വീഴുകയായിരുന്നു. ഉടനെ ബാലസുബ്രഹ്മണ്യനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ആന റോഡിലൂടെ ഓടിയതും റോഡിലുണ്ടായിരുന്ന ആളുകൾ സമീപത്തെ മുൾ വേലിയിലേക്കും നിലത്തും വീഴുകയായിരുന്നു.
പാപ്പാന്മാർ ഉൾപ്പെടെ ആനയുടെ വാലിൽ പിടിച്ചാണ് ആനയെ തളച്ചത്. സമീപത്ത് നിർത്തിയിരുന്ന ഇരുചക്രവാഹനങ്ങളും ആന തകർത്തു. ആരുടെയും പരിക്ക് ഗുരുതരമല്ല. വനം വകുപ്പും, പോലീസും സ്ഥലത്തെത്തി. മരിച്ച ബാലസുബ്രഹ്മണ്യന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
Leave a Comment