News

കൗണ്‍സിലിങ്ങിനിടെ 13കാരനെ ഡോക്ടർ പലതവണ പീഡിപ്പിച്ചത് അശ്‌ളീല വീഡിയോ കാട്ടി! ഇതോടെ രോഗം വഷളായി: ശിക്ഷ വിധിക്കാൻ കോടതി

പതിമൂന്നുകാരനെ പല തവണ പീഡിപ്പിച്ച കേസില്‍ പ്രതിയായ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. കെ ഗിരിഷ് (59) കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ആജ് സുദര്‍ശന്റേതാണ് വിധി. കേസില്‍ ശിക്ഷ വ്യാഴാഴ്ച വിധിക്കും. മാനസിക പ്രശ്‌നങ്ങള്‍ക്ക് കൗണ്‍സിലിംഗിന് എത്തിയ കുട്ടിയെ തന്റെ സ്വകാര്യ ക്ലിനിക്കില്‍ വെച്ചാണ് പീഡിപ്പിച്ചത്. 2015 ഡിസംബര്‍ 6 മുതല്‍ 2017 ഫെബ്രുവരി 21 വരെയുള്ള കാലയളവിലായിരുന്നു പീഡനം. പ്രതിയെ റിമാന്‍ഡ് ചെയ്തു.

ക്ലിനിക്കില്‍ വെച്ച് ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണിച്ച് കൊടുത്തായിരുന്നു കുട്ടിയെ പീഡിപ്പിച്ചിരുന്നത്. ഇതിനിടെ കുട്ടിയുടെ മാനസികരോഗം വഷളായി. ഇതോടെ ഇക്കാര്യം പുറത്തുപറയരുതെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി. ഭയന്ന കുട്ടി പീഡന വിവരം ആരോടും പറഞ്ഞില്ല. എന്നാല്‍ കുട്ടിയെ മറ്റ് ഡോക്ടര്‍മാരെ കാണിക്കാന്‍ കുടുംബം തീരുമാനിച്ചു. എന്നാല്‍ ഫലമുണ്ടായില്ല.

ഒടുവില്‍ 2019 ജനുവരിയില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ സൈക്കാട്രി വിഭാഗത്തില്‍ കുട്ടിയെ പ്രവേശിപ്പിച്ചു. ഇവിടെ വെച്ച് കേസ് ഹിസ്റ്ററിയെടുത്ത ഡോക്ടര്‍മാരോട് കുട്ടി സംഭവം വെളിപ്പെടുത്തുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഡോക്ടര്‍ പീഡിപ്പിച്ചെന്നാണ് കുട്ടി പറഞ്ഞത്. പിന്നാലെ മെഡിക്കല്‍ കോളേജ് അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. ഇതോടെ ഫോര്‍ട്ട് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

നേരത്തെ ഒരു വര്‍ഷം മുമ്പ് സമാന പോക്‌സോ കേസില്‍ ഗിരീഷിനെ ആറ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. അന്നും ഇതേ കോടതിയിലായിരുന്നു കേസെത്തിയത്. എന്നാല്‍ പ്രതി ഹൈക്കോടതിയെ സമീപിച്ച് ജാമ്യം നേടിയിരുന്നു. ആ കേസില്‍ ജാമ്യത്തില്‍ നില്‍ക്കവെയാണ് ഈ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്. ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു പ്രതി. ഇയാള്‍ മണക്കാട് കുര്യാത്തിയില്‍ തന്റെ വീടിനോട് ചേര്‍ന്ന് സ്വകാര്യ സ്ഥാപനത്തില്‍ കൗണ്‍സിലിങ് നടത്തിവരികയായിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button