സ്വന്തം വീട്ടിലെത്തിയപ്പോഴും ചിരിച്ച മുഖവുമായി കുറ്റബോധം തെല്ലുമില്ലാതെ ഫർഹാന, എല്ലാം ചെയ്തത് ഷിബിലിയെന്ന് യുവതി

ചെർപ്പുളശ്ശേരി: സ്വന്തം വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോഴും യാതൊരു ഭാവഭേദവുമില്ലാതെ ഫർഹാന. കൊലപാതക സമയത്ത് പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ച സ്ഥലം ഉൾപ്പെടെ യുവതി പൊലീസിന് കാട്ടിക്കൊടുത്തു. ഇതിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും ഫർഹാന മറുപടി പറഞ്ഞു. തെല്ലും കുറ്റബോധം ആ മുഖത്ത് കാണാനില്ലായിരുന്നു. അതേസമയം, താൻ ആരെയും കൊന്നിട്ടില്ലെന്നായിരുന്നു യുവതിയുടെ നിലപാട്. ഷിബിലി തന്റെ കാമുകനാണെന്നും ഫർഹാന മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തി. ‘ഞാൻ സ്നേഹിക്കുന്ന ആളാണെ’ന്നായിരുന്നു ഫർഹാനയുടെ പ്രതികരണം.

‘ഞാൻ കൊന്നിട്ടൊന്നുമില്ല. ഞാൻ ഇതിന്റെ കൂടെ നിന്നു എന്നത് ശരിയാണ്. അവർ തമ്മിൽ കലഹമുണ്ടായി. അപ്പോൾ ഞാൻ റൂമിലുണ്ടായിരുന്നു. ഹണിട്രാപ്പ് എന്നത് പച്ചക്കള്ളമാണ്. ഞാൻ അയാളുടെ കൈയിൽനിന്ന് ഒരുരൂപപോലും വാങ്ങിയിട്ടില്ല. ഇത് ഇവന്റെ പ്ലാനാണ്, ഇവൻ എന്തോ ചെയ്തു. ഞാൻ കൂടെയുണ്ടായിരുന്നുവെന്ന് മാത്രം’ പോലീസ് വാഹനത്തിലിരുന്ന് ഫർഹാന പറഞ്ഞു.

അട്ടപ്പാടിയിലെ തെളിവെടുപ്പിന് ശേഷമാണ് ചെർപ്പുളശ്ശേരി ചളവറയിലെ വീട്ടിൽ തെളിവെടുപ്പിനായി ഫർഹാനയെ കൊണ്ടുവന്നത്. മൃതദേഹം ഉപേക്ഷിച്ചശേഷം ഫർഹാനയെ ഷിബിൽ വീട്ടിൽ കൊണ്ടുവിട്ടിരുന്നു. സംഭവസമയം പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങളും ഫർഹാനയുടെ ബാഗിലായിരുന്നു. ഈ വസ്ത്രങ്ങൾ വീടിന് പിറകുവശത്തുവെച്ച് കത്തിച്ചുകളഞ്ഞെന്നായിരുന്നു ഫർഹാനയുടെ മൊഴി. ഇവിടെ പോലീസ് നടത്തിയ തെളിവെടുപ്പിൽ കത്തിച്ച വസ്ത്രങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തി.

ഹണിട്രാപ്പിലൂടെ 5 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ‘ഡി കാസ ഇൻ’ ലോഡ്ജിലെ മുറിയിൽ വച്ച് സിദ്ദീഖിനെ കൊലപ്പെടുത്തിയത്. ലോഡ്ജിൽ വച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം കഷ്ണങ്ങളാക്കി അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിക്കുകയായിരുന്നു. ചളവറ കൊറ്റോടി വീട്ടിൽ ഖദീജത്ത് ഫർഹാന (19), വല്ലപ്പുഴ അച്ചീരിത്തൊടി വീട്ടിൽ മുഹമ്മദ് ഷിബിലി (22), ചളവറ സ്വദേശി ആഷിഖ് (ചിക്കു – 23) എന്നിവരാണ് പ്രതികൾ.

Share
Leave a Comment