പന്തളം: ഭാര്യയുടെ മരണവാർത്ത അറിഞ്ഞതിന് പിന്നാലെ ഭർത്താവിനെ കാണാതായി. കുളനട കാരയ്ക്കാട് വടക്കേക്കരപ്പടി മലദേവർകുന്ന് ക്ഷേത്രത്തിന് സമീപം ശ്രീനിലയം പുത്തൻവീട്ടിൽ അരുൺ ബാബുവിന്റെ ഭാര്യ ലിജിയാണ് (അമ്മു, 25) മരിച്ചത്. വീടിനുള്ളിൽ ജീവനൊടുക്കാൻ ശ്രമിച്ച ലിജിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചതറിഞ്ഞു പുറത്തേക്ക് പോയ ഭർത്താവിനെ കാണാതാവുകയായിരുന്നു.
കാണാതായ അരുണിന്റെ കാർ ആലപ്പുഴ വെൺമണി പുലക്കടവ് പാലത്തിന് സമീപം കണ്ടെത്തി. യുവാവിനെ കണ്ടെത്താനായി അച്ചൻകോവിലാറ്റിൽ പൊലീസും അഗ്നിരക്ഷാസേനയും തിരച്ചിൽ നടത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 12നാണ് ഇരുനില വീടിന്റെ ഒന്നാം നിലയിലെ മുറിയിൽ ഷാളിൽ തൂങ്ങിയ നിലയിൽ ലിജിയെ കണ്ടത്. അരുൺ ബാബു അയൽവാസികളുടെ സഹായത്തോടെ ഇവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
വിവരം അറിഞ്ഞതോടെ കാറെടുത്ത് പെട്ടെന്ന് പുറത്തേക്ക് പോയ അരുണിനെ പിന്നീട് കാണാതാവുകയായിരുന്നു. അരുണിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ ഇന്നലെ പന്തളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനിടെ, വെൺമണി പുലക്കടവ് പാലത്തിന് സമീപം കാർ കണ്ടതായി ഇന്നലെ രാവിലെ നാട്ടുകാർ വെൺമണി പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി നടത്തിയ പരിശോധനയിൽ കാർ അരുണിന്റേതാണെന്ന് സ്ഥിരീകരിച്ചു.
കാറിനുള്ളിൽ രക്തക്കറ കണ്ടിരുന്നതായി പൊലീസ് പറഞ്ഞു. ആലപ്പുഴയിൽ നിന്ന് വിരലടയാള വിദഗ്ധരെത്തി തെളിവെടുപ്പ് നടത്തി. കാർ കിടക്കുന്നിടത്തുനിന്ന് അച്ചൻകോവിലാറ്റിലേക്കുള്ള വഴിയിലും രക്തക്കറ കണ്ടെത്തി. തുടർന്നു നടത്തിയ പരിശോധനയിൽ കാറിനുള്ളിൽ രക്തം കൊണ്ട് ‘ഐ ലവ് യൂ അമ്മു’ എന്നെഴുതിയതും കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.
കയ്യിലെ ഞരമ്പ് മുറിച്ച ശേഷം അരുൺ നദിയിൽ ചാടിയെന്ന നിഗമനത്തിൽ തിരച്ചിൽ നടത്തുകയായിരുന്നെന്ന് വെണ്മണി എസ്എച്ച്ഒ എ.നസീർ പറഞ്ഞു. പന്തളം പൊലീസും സ്ഥലത്തെത്തി. അഗ്നി രക്ഷാസേനയും സ്കൂബ ടീമും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. പരിശോധനയ്ക്ക് ശേഷം കാർ പന്തളത്തേക്കു കൊണ്ടുപോയി.
ലിജിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം പാലക്കാട്ടുള്ള വീട്ടിലേക്ക് കൊണ്ടുപോയി. പാലക്കാട് മണ്ണാർക്കാട് ചേതല്ലൂർ കൂനംപ്ലാക്കിൽ വീട്ടിൽ ദിലിമോന്റെ മകളാണ്. നേരത്തെ ഗൾഫിലായിരുന്ന അരുൺ ബാബു ഇപ്പോൾ ലോറി ഡ്രൈവറായി ജോലി ചെയ്യുകയാണ്. 3 വർഷം മുൻപായിരുന്നു വിവാഹം. ഒന്നര വയസ്സുള്ള കുഞ്ഞുണ്ട്.
Leave a Comment