News

50,000 രൂപ ഉടൻ വേണം, ഒരു മണിക്കൂറിനുള്ളില്‍ പണം തിരികെ നല്‍കും: തിരുവനന്തപുരം ജില്ലാ കളക്ടറുടെ പേരിൽ തട്ടിപ്പ്

പാഴ്‌സലിന്റെ പേരില്‍ ഫോണില്‍ വിളിച്ച്‌ പണം തട്ടുന്ന ഓണ്‍ലൈന്‍ സംഘം സജീവമാണെന്ന്    മുന്നറിയിപ്പ്

തിരുവനന്തപുരം: ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഐ.എ.എസിന്റെ പേരില്‍ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച്‌ പണം തട്ടാന്‍ ശ്രമം. തന്റെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച്‌ സന്ദേശങ്ങള്‍ അയക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സംഭവത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. പണം ആവശ്യപ്പെട്ടു കൊണ്ട് തന്റെ പേരിൽ വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.

‘ഞാന്‍ ഒരു നമ്പര്‍ ഫോണ്‍ പേ അയയ്ക്കുന്നു. നിങ്ങള്‍ക്ക് ഉടന്‍ 50,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയുമോ. ഒരു മണിക്കൂറിനുള്ളില്‍ ഞാന്‍ നിങ്ങളുടെ പണം തിരികെ നല്‍കും.’ എന്നാണ് കളക്ടറുടെ പേരില്‍ വരുന്ന സന്ദേശം.

READ ALSO: ഗര്‍ഭകാലത്ത് സോഡ കുടിക്കരുതെന്ന് പറയുന്നതിന് പിന്നിൽ

ഓണ്‍ലൈന്‍ തട്ടിപ്പു സംഘം സജീവം, ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ അയച്ച പാഴ്‌സലിന്റെ പേരില്‍ ഫോണില്‍ വിളിച്ച്‌ പണം തട്ടുന്ന ഓണ്‍ലൈന്‍ സംഘം സജീവമാണെന്ന്    മുന്നറിയിപ്പ്. ‘കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഇത്തരം തട്ടിപ്പിന് ഇരയായ ആള്‍ക്ക് നഷ്ടപ്പെട്ടത് രണ്ടേകാല്‍ കോടി രൂപയാണ്.

പേരും ആധാറും ഉപയോഗിച്ച്‌ അയച്ച പാഴ്‌സലിനുള്ളില്‍ എംഡിഎംഎ പോലുള്ള ലഹരി മരുന്നുകള്‍ കണ്ടെത്തിയെന്നും അത് നിങ്ങള്‍ കടത്തിയതാണെന്നുമാണ് തട്ടിപ്പുകാര്‍ നിങ്ങളെ ഫോണില്‍ വിളിച്ച്‌ പറയുക. കസ്റ്റംസില്‍ പാഴ്സല്‍ തടഞ്ഞുവച്ചിട്ടുണ്ടെന്നും അവര്‍ അറിയിക്കും.’ കസ്റ്റംസ് ഓഫീസര്‍, സൈബര്‍ ക്രൈം ഓഫീസര്‍ എന്നൊക്കെ പറഞ്ഞാവും തുടര്‍ന്ന് വരുന്ന കോളുകളെന്ന് പൊലീസ് അറിയിച്ചു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക. ഒരു അന്വേഷണ ഏജന്‍സിയും ഇത്തരത്തിലുള്ള യാതൊരു രേഖകളും നിങ്ങള്‍ക്ക് അയച്ചു തരില്ലെന്ന കാര്യം മനസ്സിലാക്കണമെന്നും അന്വേഷണത്തിന്റെ ഭാഗമായി പണവും ആവശ്യപ്പെടില്ലെന്ന് പൊലീസ് പറഞ്ഞു. ലഭിക്കുന്ന ഫോണ്‍ കോളില്‍ സംശയം തോന്നിയാല്‍ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ പൊലീസിന്റെ ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെട്ട് വ്യക്തത വരുത്തണമെന്നും പരാതി നല്‍കണമെന്നും പൊലീസ് ആവശ്യപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button