International

പാരീസ് വിമാനത്താവളത്തില്‍ കൂട്ടമായി നിസ്‌കരിച്ച സംഭവത്തിൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍

പാരീസിലെ ചാള്‍സ് ഡെ ഗല്ലെ വിമാനത്താവളത്തില്‍ മുസ്ലീം യാത്രക്കാര്‍ കൂട്ടമായി നിസ്‌കരിക്കുന്ന ചിത്രം വിവാദത്തിലേക്ക്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ തിങ്കളാഴ്ച വ്യക്തമാക്കി. സംഭവത്തില്‍ വിമാനത്താവള അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു. ജോര്‍ദാനിലേക്കുള്ള വിമാനം യാത്ര പുറപ്പെടുന്നതിന് മുമ്പ് വിമാനത്താവളത്തിന്റെ പുറപ്പെടല്‍ ഏരിയയില്‍ ഒരു കൂട്ടം ആളുകള്‍ ഒരുമിച്ച്‌ നിസ്‌കരിക്കുന്ന ചിത്രമാണ് ഞായറാഴ്ച സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്.

ഫ്രാന്‍സിലെ ഏറ്റവും വലിയ വിമാനത്താവളത്തിന്റെ 2ബി ടെര്‍മിനലില്‍ മുപ്പതോളം വരുന്ന യാത്രക്കാരാണ് പ്രാര്‍ഥനയില്‍ പങ്കെടുത്തത്. ഏകദേശം 10 മിനിറ്റോളം പ്രാര്‍ത്ഥന തുടര്‍ന്നതായി വിമാനത്താവള അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.

മുസ്ലീം, യഹൂദ വിഭാഗങ്ങള്‍ കൂടുതലായി അധിവസിക്കുന്ന രാജ്യമാണ് ഫ്രാന്‍സ്. പലസ്തീന്‍ തീവ്രവാദ സംഘടനയായ ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഫ്രാന്‍സില്‍ വര്‍ധിച്ചുവരുന്ന ആശങ്കകള്‍ക്കിടയിലാണ് ഈ സാഹചര്യം വിവാദത്തിന് കാരണമായത്. നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ വിമാനത്താവള അധികൃതര്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധരാണെന്നും സംഭവത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി ക്ലെമന്റ് ബ്യൂണോ സമൂഹമാധ്യമത്തിൽ കുറിച്ചു. യാത്രക്കാര്‍ക്ക് വിശ്വാസപരമായ കാര്യങ്ങള്‍ സ്വകാര്യമായി നിര്‍വഹിക്കുന്നതിന് വിമാനത്താവളത്തില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.

പൂര്‍ണമായും മതനിരപേക്ഷ രാജ്യമാണ് ഫ്രാന്‍സ്. ഇത് കൂടാതെ, സ്‌കൂളുകള്‍, വിമാനത്താവളമുള്‍പ്പടെയുള്ള പൊതുസ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ മതപരമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഇത് ഖേദകരമായ കാര്യമാണെന്ന് വിമാനത്താവളത്തിന്റെ സിഇഒ അഗസ്റ്റിന്‍ ഡെ റോമാനെറ്റ് പറഞ്ഞു. ‘പ്രാര്‍ത്ഥനയ്ക്കായി പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.’ അധികൃതരോടെ ജാഗ്രത വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്തു.

അതേസമയം, സംഭവത്തെ പരിഹസിച്ച് മുന്‍ യൂറോപ്യന്‍ കാര്യമന്ത്രിയായിരുന്ന നോയര്‍ ലെനോയിർ രംഗത്തെത്തി.‘എയ്റോപോര്‍ട്സ് ഡി പാരീസിന്റെ സിഇഒ തന്റെ വിമാനത്താവളം ഒരു പള്ളിയായി മാറുമ്പോള്‍ എന്തുചെയ്യുകയായിരുന്നു? ‘ എന്ന് അവർ ചോദിച്ചു. പ്രാര്‍ത്ഥനകള്‍ നടത്തുന്നതിന് വിമാനത്താവളത്തില്‍ പ്രത്യേക ഇടമുണ്ടെന്ന് ഭരണകക്ഷി എംപിയായ അസ്ട്രിഡ് പാനോസ്യന്‍-ബൗവെറ്റ് പറഞ്ഞു. വിമാനത്താവളങ്ങള്‍ ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ ഫ്രാന്‍സില്‍ നിലവിലുള്ള നിയമങ്ങള്‍ അധികൃതര്‍ നടപ്പിലാക്കേണ്ടതുണ്ടെന്നും അവര്‍ ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button