പൊതുസ്ഥലത്ത് എങ്ങനെ പെരുമാറണമെന്ന് പഠിക്കൂ; തൃഷയ്‌ക്കെതിരെ അശ്ളീല പരാമർശം നടത്തിയ മൻസൂർ അലി ഖാനെതിരെ ഹൈക്കോടതി

ചെന്നൈ: തൃഷയുൾപ്പെടെയുള്ള നടിമാർക്കെതിരെ നടൻ മൻസൂർ അലി ഖാൻ നടത്തിയ അശ്ലീല പരാമർശം ഏറെ വിവാദമായിരുന്നു. ഈ വിഷയത്തിൽ മൻസൂർ അലി ഖാനെ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരിക്കുകയാണ്. അഭിനേതാക്കളെ പ്രേക്ഷകർ മാതൃകയായി കാണുന്ന സാഹചര്യമുള്ളപ്പോൾ പൊതുസ്ഥലത്ത് എങ്ങനെ പെരുമാറണമെന്ന് മൻസൂർ അലി ഖാൻ പഠിക്കേണ്ടതുണ്ടെന്ന് കോടതി ശാസിച്ചു. മൻസൂർ അലി ഖാനെതിരെ നടി തൃഷ ഹൈക്കോടതിയെ സമീപിച്ച കാര്യം ജസ്റ്റിസ് എൻ.സതീഷ് കുമാർ ചൂണ്ടിക്കാട്ടി.

തനിക്കെതിരെ പ്രതികരണങ്ങളുമായി വന്ന നടൻ ചിരഞ്ജീവി, നടിമാരായ തൃഷ, ഖുശ്ബു എന്നിവർക്കെതിരെ മൻസൂർ അലി ഖാൻ ഹൈക്കോടതിയിൽ സമർപ്പിച്ച മാനനഷ്ടക്കേസ് പരി​ഗണിക്കവെയാണ് കോടതി താരത്തെ രൂക്ഷമായി വിമർശിച്ചത്. തിങ്കളാഴ്ചയാണ് മൻസൂർ അലി ഖാൻ നൽകിയ ഹർജി കോടതി പരി​ഗണിച്ചത്. ഒരു കോടി രൂപയാണ് ഹർജിയിൽ മൻസൂർ അലി ഖാൻ ആവശ്യപ്പെട്ടിരുന്നത്.

അതേസമയം, വിജയ്‌യും തൃഷയും കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ച ‘ലിയോ’ എന്ന സിനിമയെക്കുറിച്ചുള്ള അഭിമുഖത്തിൽ തൃഷ, ഖുശ്ബു, റോജ എന്നിവരുടെ പേരെടുത്തു പറഞ്ഞായിരുന്നു മൻസൂർ അലി ഖാന്റെ വിവാദപരാമർശം. തൃഷ തന്നെയാണ് മൻസൂർ അലി ഖാന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരണവുമായി രംഗത്തുവന്നത്. ഇനിയൊരിക്കലും നടനൊപ്പം അഭിനയിക്കില്ലെന്നും തൃഷ വ്യക്തമാക്കി.

Share
Leave a Comment