നവകേരളസദസ്സിൽ പങ്കെടുത്തില്ലെന്നാരോപിച്ച് സിഐടിയു ഓട്ടോഡ്രൈവർക്ക് മർദ്ദനം: ഓട്ടോയും നശിപ്പിച്ചു

കുമരകം: നവകേരള സദസ്സിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് സി.ഐ.ടി.യു. അംഗമായ ഓട്ടോ ഡ്രൈവർക്ക് മർദ്ദനം. കുമരകം ചന്തക്കവല ഓട്ടോറിക്ഷ സ്റ്റാൻഡിലാണ് സംഭവം. കുമരകം കൈതത്തറ കെ.പി. പ്രമോദിനാണ് (36) മർദനം ഏറ്റത്. ഏഴുവർഷമായി സി.ഐ.ടി.യു. ഓട്ടോറിക്ഷ തൊഴിലാളിയൂണിയൻ അംഗമാണ്.

ഇതേ സ്റ്റാൻഡിലെ സി.ഐ.ടി.യു. പ്രവർത്തകരായ കുട്ടച്ചൻ, ഷിജോ, പ്രവീൺ എന്നിവർ ചേർന്നാണ് തന്നെ മർദിച്ചതെന്ന് പ്രമോദ് കുമരകം പോലീസിൽ പരാതി നൽകി. ബുധനാഴ്ച വൈകിട്ട് 3.30-ഓടെയാണ് സംഭവം. ഏറ്റുമാനൂരിലെ നവകേരളസദസ്സിൽ പങ്കെടുത്തശേഷം സ്റ്റാൻഡിൽ ഓട്ടോ ഓടിക്കാൻ എത്തിയ പ്രമോദിനോട് നവകേരള സദസ്സിൽ പങ്കെടുക്കാത്തത് എന്താണെന്ന് ഷിജോ ചോദിച്ചു. താൻ സമ്മേളനത്തിന് പോയെന്നും കാണേണ്ടവരെ ബോധിപ്പിച്ചെന്നും പ്രമോദ് മറുപടി പറഞ്ഞു.

എന്നാൽ, ഇത് വിശ്വസിക്കാതെ മൂവരും ചേർന്ന് തന്നെ ഓട്ടോറിക്ഷയിലും പിന്നീട് റോഡിലും സമീപത്തെ കടത്തിണ്ണയിലുമിട്ട് മർദ്ദിച്ചെന്ന് പ്രമോദ് പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി തിരികെ എത്തിയപ്പോൾ ഒാട്ടോറിക്ഷ നശിപ്പിച്ചനിലയിലായിരുന്നു.

ഓട്ടോ സ്റ്റാൻഡിന് എതിർവശത്തുള്ള മൊബൈൽ ഷോപ്പിലെ ജീവനക്കാരൻ, തന്നെ തല്ലുന്ന വീഡിയോ എടുക്കാൻ ശ്രമിച്ചതിന് അയാളെയും ഇവർ മർദിക്കാൻ ഓടിച്ചെന്നും പ്രമോദ് പറയുന്നു. പ്രമോദിന്റെ പരാതിയിൽ പ്രതികളെ അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടു.

Share
Leave a Comment