കൊല്ലം: വീട്ടമ്മയേയും മകന്റെ സുഹൃത്തിനേയും തെങ്ങിൽ കെട്ടിയിട്ട് സദാചാര ഗുണ്ടകൾ മർദ്ദിച്ച കേസിൽ പ്രതികൾക്ക് മൂന്ന് വർഷം തടവും രണ്ടായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കടയ്ക്കൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‍ട്രേറ്റ് ദൃശ്യ ബാലകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. കടയ്ക്കൽ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഒൻപത് പ്രതികളേയും ശിക്ഷിച്ചത്.
കൊല്ലം കടയ്ക്കലില്‍ ആറ് വര്‍ഷം മുമ്പ് നടന്ന സംഭവത്തിലാണ് കോടതി വിധി പറഞ്ഞത്. 2017 ജൂൺ 12-ന് രാത്രി 11നാണ് ദർപക്കാട് അംബേദ്കർ ഗ്രാമത്തിൽ വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയ പ്രതികൾ 46 കാരിയായ വീട്ടമ്മയേയും മകന്റെ സുഹൃത്തിനേയും തറയിലൂടെ വലിച്ചിഴച്ച് തെങ്ങിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചത്. ഈ കേസില്‍ പ്രതികളായ സുധീർ, റിയാദ്, ഇർഷാദ്, സിറാജുദ്ദീൻ, അനസ്, ഷാഫി, ജിജു, സഫീർ, സിനു എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
വിവിധ വകുപ്പുകൾ പ്രകാരം മൂന്നു വർഷം തടവ് ശിക്ഷയുണ്ടെങ്കിലും ഒരുമിച്ച് അനുഭവിച്ചാൽ മതി. ടോർച്ച് ലൈറ്റ് കൊണ്ട് അടിക്കുകയും പരാതിക്കാരിയെ മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ചും മൊബൈലിൽ ചിത്രീകരിച്ചുമായിരുന്നു മർദ്ദനം.
മൊബൈൽ ഫോൺ ഉൾപ്പെടെ പ്രോസിക്യൂഷൻ കേസിൽ ഹാജരാക്കി. മൊബൈൽ ഫോൺ ദൃശ്യങ്ങൾ പരിശോധിച്ച ഫോറൻസിക് വിദഗ്ധൻ, പരാതിക്കാരെ പരിശോധിച്ച ഡോക്ടർമാർ ഉൾപ്പെടെ 36 സാക്ഷികളെ വിസ്തരിച്ചു.
Leave a Comment