News

രാം ലല്ല വിഗ്രഹത്തിന്റെ കണ്ണുകള്‍ തുറന്ന നിലയിലുള്ള ചിത്രങ്ങള്‍ വൈറലായതിന് പിന്നില്‍ ആര്?

അന്വേഷണം ആവശ്യപ്പെട്ട് രാമക്ഷേത്ര പുരോഹിതന്‍

ലക്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ ചൊല്ലി വിവാദം. ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠയ്ക്ക് മുമ്പ് കണ്ണുതുറന്ന നിലയിലുള്ള വിഗ്രഹത്തിന്റെ ചിത്രങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം വേണമെന്ന് മുഖ്യ പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ് ആവശ്യപ്പെട്ടു. ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന പുതിയ വിഗ്രഹത്തിന്റെ ആദ്യ ചിത്രം വ്യാഴാഴ്ച രാത്രി വൈകിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഈ ചിത്രത്തില്‍ വിഗ്രഹത്തിന്റെ കണ്ണുകള്‍ മഞ്ഞ തുണികൊണ്ട് മൂടിയിരുന്നു. ഒരു ദിവസത്തിനുശേഷം മറ്റൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. കണ്ണുകള്‍ മറയ്ക്കാതെ പൂര്‍ണരൂപത്തിലുള്ള വിഗ്രഹമായിരുന്നു അത്.

Read Also: അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കുത്തിത്തിരിപ്പുണ്ടാക്കാനുള്ള ശ്രമവുമായി അസദുദ്ദീന് ഒവൈസി

പ്രാണപ്രതിഷ്ഠ പൂര്‍ത്തിയാകുന്നതിന് മുമ്പ് ശ്രീരാമ വിഗ്രഹത്തിന്റെ കണ്ണുകള്‍ വെളിപ്പെടുത്താനാകില്ലെന്ന് ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു. ആരാണ് കണ്ണുകള്‍ പ്രദര്‍ശിപ്പിച്ചതെന്നും വിഗ്രഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയതെന്നും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിശ്വഹിന്ദു പരിഷത്തിന്റെയും രാം മന്ദിര്‍ ട്രസ്റ്റിന്റെയും ഭാരവാഹികള്‍ അത്തരത്തിലുള്ള ഒരു ചിത്രവും പുറത്തുവിടാന്‍ തയ്യാറായിരുന്നില്ല.

 

കര്‍ണാടകയിലെ മൈസൂര്‍ സ്വദേശിയായ ശില്‍പി അരുണ്‍ യോഗിരാജാണ് രാമക്ഷേത്രത്തിലെ ശ്രീകോവിലില്‍ സ്ഥാപിച്ചിരിക്കുന്ന വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്.  ശാലിഗ്രാം ശില കൊണ്ടാണ് വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്  ശാലിഗ്രാമം പാറ. ഇത് ജല പ്രതിരോധശേഷിയുള്ളതാണ്. ചന്ദനം അടക്കമുള്ളവ പുരട്ടുന്നത് വിഗ്രഹത്തിന്റെ ശോഭയെ ബാധിക്കില്ല. ഇത് കറുത്ത നിറമുള്ള കല്ലാണ്. പുരാണങ്ങളിലും മതഗ്രന്ഥങ്ങളിലും ശാലിഗ്രാം കല്ല് വിഷ്ണുവിന്റെ രൂപമായും ശ്രീരാമനെ മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായും കണക്കാക്കുന്നു.

 

ശ്രീരാമ വിഗ്രഹത്തിന്റെ ആകെ ഉയരം 51 ഇഞ്ച് ആണ്. ഏകദേശം 200 കിലോഗ്രാം ആണ് ഭാരം. ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രതിഷ്ഠാ ചടങ്ങിന്റെ മുഖ്യാതിഥി. തൊട്ടടുത്ത ദിവസം തന്നെ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറക്കുമെന്നാണ് പ്രതീക്ഷ. രാംലാലയുടെ പഴയ വിഗ്രഹം പുതിയ വിഗ്രഹത്തോടൊപ്പം രാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സൂക്ഷിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button