News

സോറനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ എംഎൽഎമാർ ഹൈദരാബാദിലേക്ക് പോകാൻ ശ്രമം, വിമാനം റദ്ദാക്കിയതോടെ പരാജയപ്പെട്ടു

റാഞ്ചി: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രീയ അട്ടിമറിനീക്കങ്ങള്‍ നടക്കുന്നതായി വാർത്തകൾ വന്നിരുന്നു. ഈ നീക്കങ്ങൾ സംശയിച്ച് ജെഎംഎം-കോൺഗ്രസ്-ആർജെഡി എംഎൽഎമാർ ഹൈദരാബാദിലേക്ക് പോകാൻ റാഞ്ചി വിമാനത്താവളത്തിൽ എത്തിയെങ്കിലും നടന്നില്ല. റാഞ്ചിയിലെ സിര്‍സ മുണ്ട വിമാനത്താവളത്തില്‍നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി. മോശം കാലാവസ്ഥ ചൂണ്ടിക്കാട്ടിയാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. ഇതോടെ ഹൈദരാബാദിലേക്കു പോകാനുള്ള എംഎല്‍എമാരുടെ നീക്കം പരാജയപ്പെടുകയായിരുന്നു.

ഇതോടെ വിമാനത്തില്‍ കയറി എംഎല്‍എമാര്‍ തിരിച്ചിറങ്ങി. അതേസമയം വിമാനം റദ്ദാക്കിയിട്ടില്ലെന്നും സമയം മാറ്റുക മാത്രമാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് എംഎല്‍എ അംബ പ്രസാദ് പറഞ്ഞു. രണ്ട് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലായി എംഎല്‍എമാരെ ഹൈദരാബാദില്‍ എത്തിക്കാനായിരുന്നു ശ്രമം. ഹൈദരാബാദില്‍ എത്തുന്ന എംഎല്‍എമാരെ റിസോര്‍ട്ടുകളില്‍ എത്തിക്കാന്‍ ബസുകള്‍ ഉള്‍പ്പെടെ ഹൈദരാബാദ് വിമാനത്താവളത്തിനു പുറത്തു തയാറാക്കിയിരുന്നു.

എംഎൽഎമാരെ ബിജെപി റാഞ്ചുന്നത് ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്ന് ജെഎംഎം പറ‍ഞ്ഞു. ബിജെപി എന്തിനും മടിക്കില്ലെന്ന് പിസിസി അധ്യക്ഷൻ രാജേഷ് താക്കൂർ പറഞ്ഞു. ജെഎംഎം മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ച ചംപയ് സോറനും എംഎൽഎമാർക്കൊപ്പം വിമാനത്താവളത്തിലെത്തിയിരുന്നു.

ജാർ‌ഖണ്ഡ് ഗവർണർ സി.പി.രാധാകൃഷ്ണൻ ചംപായ് സോറനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാതിരുന്നതോടെയാണ് എംഎൽഎമാരെ സംസ്ഥാനത്തിനു പുറത്തേക്കു കടത്താൻ നീക്കം ആരംഭിച്ചത്. ചംപയ് സോറൻ രാജ്ഭവനിലെത്തി ഭൂരിപക്ഷം തെളിയിക്കുന്ന വീഡിയോ ഗവർണർ സി.പി രാധാകൃഷ്ണന് കൈമാറിയിരുന്നു. ഭൂരിപക്ഷം തെളിയിച്ചുളള കത്ത് കൈമാറിയിട്ടും സർക്കാർ രൂപീകരിക്കാൻ അനുമതി നൽകിയില്ലെന്നാണ് ചംപയ് സോറൻ പറയുന്നത്. നടപടി വൈകാതെ ആരംഭിക്കുമെന്ന്

രാജ്ഭവൻ വൃത്തങ്ങൾ‌ അറിയിച്ചു. എംഎൽഎമാർക്കൊപ്പ‌മാണ് ചംപയ് സോറൻ രാജ്ഭവന് പുറത്തെത്തിയത്. 43 എംഎൽഎമാർക്കൊപ്പം നിൽക്കുന്ന വീഡിയോ ജാർഖണ്ഡ് മുക്തി മോർച്ച പുറത്തുവിട്ടു. ക്യാമറ നീങ്ങുന്നത് അനുസരിച്ച് ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ വിളിച്ചുപറഞ്ഞ് തങ്ങളുടെ സാന്നിധ്യം അറിയിക്കുന്ന വീഡിയോ ആണ് ജെഎംഎം പുറത്തുവിട്ടത്.

പിന്നാക്കക്ഷേമ, ഗതാഗതമന്ത്രിയായ ചംപയ് സോറനെ പുതിയ മുഖ്യമന്ത്രിയായി നിര്‍ദേശിച്ച് 47 എംഎല്‍എമാരുടെ പിന്തുണക്കത്ത് ഭരണസഖ്യം ഗവര്‍ണര്‍ സി.പി.രാധാകൃഷ്ണനു നല്‍കിയെങ്കിലും തീരുമാനം അറിയിക്കാതെ അദ്ദേഹം അവരെ മടക്കിയയച്ചതോടെയാണ് ഭരണപ്രതിസന്ധി ഉടലെടുത്തത്. എല്ലാ എംഎല്‍എമാരും രാജ്ഭവനിലേക്ക് എത്തിയിരുന്നുവെങ്കിലും അകത്തേക്ക് കടക്കാന്‍ അനുവദിച്ചില്ലെന്ന് ചംപയ് സോറന്‍ പറഞ്ഞിരുന്നു. രേഖകള്‍ പരിശോധിക്കട്ടെ എന്ന മറുപടിയാണ് ഗവര്‍ണര്‍ നല്‍കിയത്. സംസ്ഥാനത്ത് ഭരണസംവിധാനം തകരാറിലായി എന്നു ചൂണ്ടിക്കാട്ടി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനാണോ ഗവര്‍ണറുടെ നീക്കമെന്നും ആശങ്ക ഉയര്‍ന്നിരുന്നു.

അതിനിടെ ജെഎംഎം എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി ശ്രമം നടത്തുന്നുവെന്ന അഭ്യൂഹം പടര്‍ന്നതോടെയാണ് ജെഎംഎം-കോണ്‍ഗ്രസ് സഖ്യത്തിലെ എല്ലാ എംഎല്‍എമാരെയും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലായി ഹൈദരാബാദിലേക്കു മാറ്റാൻ തീരുമാനിച്ചത്. സോറന്റെ അസാന്നിധ്യത്തില്‍ പാര്‍ട്ടിയെ ഒറ്റക്കെട്ടായി നിര്‍ത്തുക ജെഎംഎം നേതൃത്വത്തിന് എളുപ്പമല്ല. സംസ്ഥാനത്ത് തങ്ങളുടെ മുഖ്യ എതിരാളിയായ ജെഎംഎമ്മിനെ അരിഞ്ഞുവീഴ്ത്താനുള്ള അവസരമായാണു ബിജെപി ഇതിനെ കാണുന്നത്. ജെഎംഎം, കോണ്‍ഗ്രസ്, ആര്‍ജെഡി എന്നിവയുള്‍പ്പെട്ട ഭരണകക്ഷിക്ക് 47 എംഎല്‍എമാരാണുള്ളത്; കേവല ഭൂരിപക്ഷത്തില്‍ നിന്ന് 6 സീറ്റ് കൂടുതല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button