KeralaNews

ഗോവാ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റിയത് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകന്‍

ജൂലിയസ് നികിതാസിന് എതിരെ കേസ് എടുക്കേണ്ടതില്ലെന്ന് തീരുമാനിച്ച് പൊലീസ്

കോഴിക്കോട്: ഗോവാ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ മകന്‍ ജൂലിയസ് നികിതാസ് സ്വകാര്യ കാര്‍ ഓടിച്ചു കയറ്റിയ സംഭവത്തില്‍ കേസെടുക്കേണ്ടതില്ലെന്ന് കസബ പൊലീസ്. ജൂലിയാസ് നികിതാസ് ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാറോടിച്ചുകയറ്റിയത് അബദ്ധത്തിലാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അബദ്ധം ബോധ്യപ്പെട്ടതിനാലാണ് യുവാവിനെതിരെ പിഴ മാത്രം ചുമത്തി വിട്ടയച്ചത്. ഇതുവരെ പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇതിനിടെ സംഭവത്തിന്റെ നിജസ്ഥിതി തേടി ഗോവ രാജ്ഭവന്‍ ഇന്ന് ചീഫ് സെക്രട്ടറിക്ക് കത്തയക്കും.

Read Also: 20 കി.മീ അകലെ നിന്നു പോലും കാണാം, കൊടുങ്കാറ്റിലും ഇളകില്ല: ഇന്ത്യയുടെ വിസ്മയം, ‘സ്റ്റാച്യൂ ഓഫ് ബിലീഫ്’!

പെട്ടെന്നുള്ള വെപ്രാളത്തിലാണ് ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് യുവാവ് കാര്‍ ഓടിച്ചു കയറ്റിയത് എന്നാണ് പൊലീസ് പറയുന്നത്. വലിയ വാഹനവ്യൂഹമാണ് കടന്നുവന്നത്. 20ലധികം വാഹനങ്ങളാണ് ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്നത്. ഇത്രയും വാഹനങ്ങള്‍ ഒരുമിച്ച് വന്നപ്പോള്‍ വെപ്രാളത്തില്‍ വാഹനവ്യൂഹത്തിലേക്ക് ജൂലിയാസ് നികിതാസ് കാര്‍ ഓടിച്ചു കയറ്റുന്ന സ്ഥിതി ഉണ്ടാകുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.

സംഭവം വിവാദമായതോടെ, സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംഭവത്തിന്റെ നിജസ്ഥിതി തേടി ഗോവ രാജ്ഭവന്‍ ഇന്ന് ചീഫ് സെക്രട്ടറിക്ക് കത്തയക്കുന്നത്.

ഞായറാഴ്ച രാത്രി 7.50 ഓടെയായിരുന്നു സംഭവം. മാറാട് സ്വകാര്യ ചടങ്ങ് കഴിഞ്ഞ് ഗോവാ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള കോഴിക്കോട്ടെ വസതിയിലേക്ക് മടങ്ങുകയായിരുന്നു. മാവൂര്‍ റോഡ് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം അഴകൊടി ക്ഷേത്രം റോഡിലേക്കുള്ള ജംഗ്ഷനില്‍ വെച്ച് ഗോവ ഗവര്‍ണറുടെ വാഹനം കടന്നുപോയ ഉടനെ കാര്‍ കയറുകയായിരുന്നു.

ഉടന്‍ തന്നെ സുരക്ഷാ വാഹനം നിര്‍ത്തി കാര്‍ തടഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരും യുവാവും തമ്മില്‍ പരസ്പരം കയര്‍ത്തു സംസാരിച്ചു. കാര്‍ പിന്നോട്ടെടുക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാതെ മുന്നോട്ടു പോകാന്‍ യുവാവ് ശ്രമിച്ചു. ഇതേത്തുടര്‍ന്ന് യുവാവിനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസിനോട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button