Life Style

ആഴ്ചയില്‍ അഞ്ചോ ആറോ ദിവസം കൗമാരക്കാര്‍ക്ക് കുറഞ്ഞത് 30 മിനിട്ട് വ്യായാമം ആവശ്യമാണെന്ന് ഡോ. മിലിന്ദ്

എല്ലാ ദിവസവും വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഏതെങ്കിലും തരത്തിലുള്ള വ്യായാമത്തില്‍ ഏര്‍പ്പെട്ടു കൊണ്ട് ദിവസം ആരംഭിക്കാന്‍ ശ്രമിക്കുക.

വേഗത്തിലുള്ള നടത്തം, യോഗ, അല്ലെങ്കില്‍ പെട്ടെന്നുള്ള വ്യായാമ ദിനചര്യ എന്നിവയെല്ലാം ആരോഗ്യത്തിന് ഏറെ സഹായിക്കും. രാവിലെ 15-30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യാന്‍ ശ്രമിക്കുക. ശരീരത്തിന് ഊര്‍ജം പകരുകയും വരാനിരിക്കുന്ന ദിവസത്തിന് പോസിറ്റീവ് ടോണ്‍ സജ്ജമാക്കുകയും ചെയ്യാന്‍ ഇത് സഹായിക്കും. കൗമാരകാലത്ത് തന്നെ വ്യായാമം ആരംഭിയ്ക്കുന്നതാണ് ഏറ്റവും നല്ലതാണെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ഫിന്‍ലന്‍ഡിലെ ഇവാസ്‌കില സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. കൗമാര കാലത്തില്‍ തന്നെ വ്യായാമം ആരംഭിയ്ക്കുന്നത് മധ്യവയസുകളില്‍ ഹൃദ്രോഗവും പ്രമേഹം ഉള്‍പ്പെടെയുള്ള ചയാപചയ പ്രശ്‌നങ്ങളും വരാതെ കാക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി. 45 വര്‍ഷത്തോളം നീണ്ട പഠനത്തില്‍ പങ്കെടുത്തവരുടെ കൗമാരകാലത്തെ ആരോഗ്യ വിവരങ്ങള്‍ 12നും 19നും വയസ്സിനിടയില്‍ ശേഖരിച്ചു. ഇവരുടെ അരക്കെട്ടിന്റെ വ്യാപ്തി 37-44, 57-64 പ്രായവിഭാഗങ്ങളിലും അളന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കാര്‍ഡിയോമെറ്റബോളിക് സ്‌കോര്‍ നിര്‍ണ്ണയിച്ചത്.

കൗമാരകാലത്തിലെ കുറഞ്ഞ കാര്‍ഡിയോറെസ്പിറേറ്ററി ഫിറ്റ്‌നസ് 57-64 വയസ്സിലെ ഉയര്‍ന്ന ഹൃദ്രോഗ, ചയാപചയ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനം ചൂണ്ടിക്കാട്ടി. സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളെ വ്യായാമത്തിനും കായിക ഇനങ്ങള്‍ക്കുമായി പ്രോത്സാഹിപ്പിക്കണമെന്ന് കെഇഎം ഹോസ്പിറ്റലിലെ ഹൃദ്രോഗ വിഭാഗം മേധാവി ഡോ. മിലിന്ദ് ഗഡ്കരി പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ആഴ്ചയില്‍ അഞ്ചോ ആറോ ദിവസം കൗമാരക്കാര്‍ക്ക് കുറഞ്ഞത് 30 മിനിട്ട് വ്യായാമം ആവശ്യമാണെന്ന് ഡോ. മിലിന്ദ് കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button