
പാലക്കാട്: മലമ്പുഴ കൂർമ്പാച്ചി മലയിടുക്കില്‍ കുടുങ്ങിയ ബാബു ജീവിതത്തിലേക്കു മടങ്ങിവന്ന രണ്ടാം വാർഷികത്തിലാണു മാതാവിന്റെയും സഹോദരന്റെയും മരണം. 2022 ഫെബ്രുവരിയിലാണു മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ചത്. രക്ഷാപ്രവർത്തനം നടക്കുമ്പോൾ മലയടിവാരത്ത് ഉറക്കവും ഭക്ഷണവുമില്ലാതെ കാത്തിരുന്ന റഷീദയുടെയും ഷാജിയുടെയും മുഖം മലയാളികൾക്ക് അത്ര പെട്ടെന്നൊന്നും മറക്കാൻ കഴിയില്ല.
റഷീദയും രണ്ടു മക്കളും മലമ്പുഴ മന്തക്കാടുള്ള വാടക വീട്ടിലാണു താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നതായി സമീപവാസികൾ പൊലീസിനു മൊഴി നൽകി. ആറു മാസമായി ബാബു ജോലിക്കു പോയിരുന്നില്ല. സാമ്പത്തിക പ്രയാസങ്ങളും കുടുംബപ്രശ്നങ്ങളുമാണു ജീവനൊടുക്കാൻ കാരണമെന്നാണു പൊലീസ് കരുതുന്നത്.
ബാബുവും സഹോദരന്‍ ഷാജിയും നിരന്തരം കലഹത്തിലേര്‍പ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വ്യത്യസ്ത ഇടങ്ങളിലായാണ് റഷീദയും രണ്ട് മക്കളും മാറിത്താമസിച്ചിരുന്നത്. അധികകാലം ജിവിച്ചിരിക്കില്ലെന്ന് റഷീദ ബന്ധുക്കളെ അറിയിച്ചിരുന്നതായും സഹോദരി പൊലീസിന് മൊഴി നല്‍കി. കൂര്‍മ്പാച്ചി മലയില്‍ നിന്നും രക്ഷപ്പെടുത്തിയ ശേഷം ബാബുവിന്റെ സ്വഭാവത്തില്‍ കാര്യമായ മാറ്റമുണ്ടായതായി ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. വ്യത്യസ്ത സമയങ്ങളില്‍ ആത്മഹത്യാഭീഷണിയും മുഴക്കിയിരുന്നു. ഇതിനിടയിലാണ് അമ്മയുടെയും സഹോദരന്റെയും മരണം.
ബാബുവിന്റെ മാതാവ് റഷീദ (46), സഹോദരൻ ഷാജി (23) എന്നിവർ ജീവനൊടുക്കിയതാണെന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് കടുക്കാംകുന്നത്ത് ഇവരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ കാണാൻ മോർച്ചറിയിലെത്തിയ ബാബു മാനസികാസ്വാസ്ഥ്യം കാട്ടിയതിനെ തുടർന്നു ജില്ലാ ആശുപത്രിയിലേക്കു മാറ്റി. മൃതദേഹങ്ങൾ കള്ളിക്കാട് ജുമാ മസ്ജിദിൽ കബറടക്കി.
Post Your Comments