സ്വകാര്യ സന്ദർശനത്തിന് പിണറായിയും കുടുംബവും ദുബായിലേക്ക്: റിയാസും വീണയും ദുബായ് ഉൾപ്പെടെ 3 രാജ്യങ്ങള്‍ സന്ദര്‍ശിക്കും

കൊച്ചി: സ്വകാര്യസന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് യാത്രതിരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ നെടുമ്പാശ്ശേരിയില്‍നിന്നാണ് അദ്ദേഹവും ഭാര്യയും വീണയുടെ മകനും ദുബായിലേക്ക് പോയത്. മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണാ വിജയനും ദുബായിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ദുബായ് യാത്രയ്ക്കിടെ മുഖ്യമന്ത്രി മകനേയും കുടുംബത്തേയും സന്ദര്‍ശിക്കും. വിദേശത്തുനിന്ന് അദ്ദേഹം എന്ന് മടങ്ങുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. മന്ത്രി റിയാസും വീണാ വിജയനും ദുബായ് കൂടാതെ, ഇന്‍ഡോനീഷ്യയും സിങ്കപ്പൂരും സന്ദര്‍ശിക്കും.19 ദിവസത്തേക്കാണ് റിയാസിന് യാത്രാ അനുമതി. മേയ് 21-ന് ശേഷം അദ്ദേഹവും കുടുംബവും നാട്ടിലേക്ക് മടങ്ങുമെന്നാണ് സൂചന.

സ്വകാര്യസന്ദര്‍ശനമാണെന്ന് കാണിച്ചുനല്‍കിയ അപേക്ഷയില്‍ മുഖ്യമന്ത്രിക്ക് കേന്ദ്രസര്‍ക്കാര്‍ യാത്രാനുമതി നല്‍കിയിരുന്നു. എന്നാല്‍, യാത്രാ തീയതിയെക്കുറിച്ച് വ്യക്തതതേടിയതായാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരംഓഫീസില്‍ കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന സ്റ്റാഫ് അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്ന വേളകളില്‍ സര്‍ക്കാര്‍തന്നെ യാത്രസംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കുകയാണ് പതിവ്. സ്വകാര്യസന്ദര്‍ശനമായതിനാല്‍ ഇത്തവണ ഔദ്യോഗിക അറിയിപ്പുണ്ടായിട്ടില്ല.

Share
Leave a Comment