ഗുണ്ടയ്‌ക്കൊപ്പം ഒളിച്ചോടിയ ഐഎഎസുകാരന്റെ ഭാര്യ തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍കയറ്റിയില്ല: യുവതി ജീവനൊടുക്കി

അഹമ്മദാബാദ്: ഒന്‍പത് മാസം മുന്‍പ് ഗുണ്ടാനേതാവിനൊപ്പം പോയ, ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ തിരിച്ചെത്തി ജീവനൊടുക്കി. സൂര്യ ജയ് എന്ന 45കാരിയാണ് ജീവനൊടുക്കിയത്. ഗാന്ധിനഗറിലെ സെക്ടര്‍ 19 ലാണ് സംഭവം നടന്നത്. സൂര്യയുടെ ഭര്‍ത്താവ് രഞ്ജീത് കുമാര്‍ ഗുജറാത്ത് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്. നിലവില്‍ ഗുജറാത്ത് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ സെക്രട്ടറിയാണ്.

Read Also: തൃശൂരില്‍ പെട്രോള്‍ പമ്പില്‍ വന്‍ തീപിടിത്തം

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഉള്‍പ്പെടെ പ്രതിയാണ് തമിഴ്‌നാട് സ്വദേശിനിയായ സൂര്യ. സൂര്യ തിരിച്ചുവന്നപ്പോള്‍ ഭര്‍ത്താവ് രഞ്ജീത് കുമാര്‍ വീട്ടില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല. മധുരയില്‍ 14 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ തമിഴ്നാട് പൊലീസിന്റെ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാനാകാം സൂര്യ തിരിച്ച് ഗുജറാത്തില്‍ എത്തിയതെന്ന് പൊലീസ് പറയുന്നു.

സൂര്യയും രഞ്ജീത്തും 2023 മുതല്‍ അകന്നുകഴിയുകയാണെന്ന് ഐഎഎസ് ഓഫീസറുടെ അഭിഭാഷകന്‍ ഹിതേഷ് ഗുപ്ത പറഞ്ഞു. വിവാഹ മോചന ഹര്‍ജിയും നല്‍കിയിട്ടുണ്ട്. വീട്ടില്‍ പ്രവേശിപ്പിക്കാതിരുന്നത് പിന്നാലെ വിഷം കഴിച്ച ശേഷം യുവതി തന്നെ ആംബുലന്‍സ് വിളിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

‘മഹാരാജ ഹൈക്കോര്‍ട്ട്’ എന്ന പേരില്‍ അറിയപ്പെടുന്ന ഗുണ്ടാനേതാവിനൊപ്പമാണ് ഒന്‍പത് മാസം മുന്‍പ് സൂര്യ ഒളിച്ചോടിയത്. ഇയാള്‍ക്കും സൂര്യക്കും സഹായി സെന്തില്‍ കുമാറിനുമെതിരെ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസുണ്ട്. കുട്ടിയുടെ അമ്മയുമായുള്ള സാമ്പത്തിക തര്‍ക്കത്തിന് പിന്നാലെയാണ് ജൂലായ് 11 ന് തട്ടിക്കൊണ്ടുപോയത്. രണ്ട് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെങ്കിലും മധുര പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഈ കേസില്‍ സൂര്യ ഉള്‍പ്പടെയുള്ളവര്‍ക്കായുള്ള തെരച്ചിലിലായിരുന്നു പൊലീസ്. അതിനിടെയാണ് സൂര്യ ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയത്. യുവതിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ഐഎഎസ് ഓഫീസര്‍ തയ്യാറായില്ല.

സൂര്യ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് എഴുതിയ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. രാജ തന്നെ കെണിയില്‍പ്പെടുത്തിയതാണെന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ താന്‍ നിരപരാധിയാണെന്നും കുറിപ്പില്‍ പറയുന്നു. തന്റെ ഭര്‍ത്താവ് നല്ലയാളാണെന്നും താനില്ലാത്തപ്പോഴും കുട്ടികളെ നല്ല രീതിയില്‍ പരിപാലിച്ചെന്നും കുറിപ്പിലുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Share
Leave a Comment