കാണാതായവര്‍ക്കായി തെരച്ചില്‍ ആറാം നാളിലേക്ക്; മൃതദേഹങ്ങള്‍ കണ്ടെത്താന്‍ റഡാര്‍ പരിശോധന

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാത്തവര്‍ക്കായുള്ള തെരച്ചില്‍ ആറാം ദിവസവും തുടരും. 1264 പേര്‍ ആറ് സംഘങ്ങളായി മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമുട്ടം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തും. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സൈന്യം കൊണ്ടുവരുന്ന റഡാറുകളും ഇന്ന് പ്രദേശത്ത് ഉപയോഗിക്കും.

Read Also: കാലാവസ്ഥാ വ്യതിയാനം: 15 വര്‍ഷത്തിന് ശേഷം കൊച്ചിയുടെ 1-5% വരെ കര കടലില്‍ മുങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്

അതേസമയം തിരിച്ചറിയാത്ത 67 മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതില്‍ മേപ്പാടിയില്‍ തന്നെ സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ ഇന്നുണ്ടായേക്കും. മേപ്പാടിക്ക് സമീപമുള്ള സ്ഥലങ്ങളില്‍ സംസ്‌കാരം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് ഭൂമി നല്‍കാന്‍ സന്നദ്ധ അറിയിച്ചിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തകരെ ഒറ്റയ്ക്ക് വിടാതെ വിവിധ ഗ്രൂപ്പുകളായി തിരിച്ചായിരിക്കും ഇന്നത്തെ തെരച്ചില്‍. ചൂരല്‍മലയിലെ ബെയിലി പാലത്തിന് സമീപത്ത് വെച്ച് സൈന്യമായിരിക്കും രക്ഷാപ്രവര്‍ത്തകരെ വിവിധ സംഘങ്ങളായി തിരിച്ചശേഷം ദുരന്തമേഖലയിലേക്ക് കടത്തിവിടുക.

അതേസമയം, ചാലിയാറില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെ രണ്ട് ഭാഗങ്ങളായി തെരച്ചില്‍ പുനരാരംഭിക്കും. ചാലിയാറിലെ തെരച്ചിലും തിങ്കളാഴ്ചയോടെ അവസാനിപ്പിക്കും. ദൗത്യം അവസാനഘട്ടത്തിലാണെന്ന് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ മരണസംഖ്യ 365 ആയി. 148 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്.

ഇനി 206 പേരെയാണ് കണ്ടെത്താനുള്ളത്. മരിച്ചവരില്‍ 30 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. 93 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 10042 പേരാണ് കഴിയുന്നത്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌ക്കരിക്കും. സര്‍വ്വമത പ്രാര്‍ത്ഥനയോടെ ആയിരിക്കും സംസ്‌കാരം നടത്തുക.

ഇന്നലെ നാല് മൃതദേഹങ്ങളാണ് ദുരന്തഭൂമിയില്‍ നിന്നും കണ്ടെടുത്തത്. ഉരുള്‍പൊട്ടല്‍ ബാധിച്ച എല്ലാ സ്ഥലങ്ങളിലും ഇന്നലെ തെരച്ചില്‍ നടത്തി. ആദ്യ ദിവസങ്ങളിലെ പോലെ തന്നെ വിവിധ സേനകളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിലാണ് ഇന്നലെയും തെരച്ചില്‍ നടത്തിയത്. ഇന്നലെ തമിഴ്‌നാടിന്റെ ഫയര്‍ഫോഴ്‌സ് ഡോഗ് സ്‌ക്വാഡിന്റെ സഹകരണം കൂടി ലഭിച്ചിരുന്നു.

 

Share
Leave a Comment