ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റി 62-കാരൻ: കൊല്ലപ്പെട്ടത് 35 പേര്‍

അപകടത്തിന് ശേഷം ഫാൻ ഓടിരക്ഷപ്പെടാൻ നോക്കി.

ബീജിങ്: സ്പോർട്സ് സെന്ററിലെ സ്റ്റേഡിയത്തില്‍ വ്യായാമം ചെയ്ത് കൊണ്ടിരുന്ന ആള്‍ക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറി ചൈനയില്‍ 35 പേർ കൊല്ലപ്പെട്ടു. തെക്കൻ ചൈനയിലെ ജൂഹായിലാണ് സംഭവം.

വ്യോമസേനയുടെ എയർഷോ നടക്കുന്നതിനാൽ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് നിരവധിയാളുകള്‍ ജൂഹായില്‍ എത്തിയിരുന്നു. ഫാൻ എന്ന് പേരുള്ള 62 കാരനയിരുന്നു കാറോടിച്ചിരുന്നത്. സ്റ്റേഡിയത്തിലെ ബാരിക്കേഡ് തകർത്ത് ഇയാള്‍ എസ്.യു.വി മോഡലിലുള്ള വണ്ടി ഇടിച്ചുകയറ്റുകയായിരുന്നു. വൃദ്ധരും കുട്ടികളുമടക്കം ഒട്ടേറെ പേർ അവിടെയുണ്ടായിരുന്നുവെന്ന് എ.പി റിപ്പോർട്ട് ചെയ്യുന്നു. 45 ലേറെ പേർക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തു.

read also: അപമാനിക്കാന്‍ ശ്രമം, വ്യാജ വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കും: പി പി ദിവ്യ

അപകടത്തിന് ശേഷം ഫാൻ ഓടിരക്ഷപ്പെടാൻ നോക്കി. സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തു. പോലീസ് പിടികൂടിയപ്പോഴേക്കും ഇയാള്‍ അബോധാവസ്ഥയിലായി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇയാള്‍ കോമയിലാണെന്നാണ് വിവരം.

കുറച്ച്‌ ദിവസങ്ങള്‍ക്ക് മുൻപ് ഫാൻ വിവാഹമോചിതനായി. സ്വത്ത് പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള കോടതി വിധിയില്‍ ഇയാള്‍ അതൃപ്തനായിരുന്നുവെന്നും അതിന്റെ ദേഷ്യമാണ് ആക്രമണത്തിന് കാരണമെന്നും റിപ്പോർട്ടില്‍ പറയുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ദൃക്സാക്ഷികള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അവയില്‍ ഭൂരിഭാഗവും സർക്കാർ നീക്കം ചെയ്തുവെന്നാണ് വിവരം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് സംഭവത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് നല്ല ചികിത്സ നല്‍കണമെന്നും കുറ്റവാളിയെ കഠിനമായി ശിക്ഷിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം

Share
Leave a Comment