ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് ജയിൽ അധികൃതർക്ക് അറിയിപ്പ് കിട്ടിയതായി അറിയുന്നുവെന്ന് യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയുടെ സന്ദേശം. ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോൺവിളി എത്തിയെന്നാണ് നിമിഷപ്രിയ സന്ദേശത്തിൽ പറയുന്നത്. നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ കൗൺസിൽ ഭാരവാഹികൾക്കാണ് ഓഡിയോ സന്ദേശം ലഭിച്ചത്. ആക്ഷൻ കൗൺസിൽ കൺവീനർ ജയൻ ഇടപാളിനാണ് ശബ്ദ സന്ദേശം ലഭിച്ചത്.
നേരത്തെ, നിമിഷ പ്രിയയുടെ മോചനത്തിൽ ഇടപെട്ട് ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാൻ ചർച്ച നടത്തിയതായി വിവരം പുറത്തുവന്നിരുന്നു. ഹൂതി നേതാവ് അബ്ദുൽ സലാമുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചിയാണ് സംസാരിച്ചത്. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാൻ ചർച്ച ചെയ്തത്. നിമിഷപ്രിയയെ മോചിപ്പിക്കുന്ന വിഷയം ചർച്ചയായെന്ന് ഇറാൻ വിദേശകാര്യമന്ത്രിയാണ് ദ ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലും വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ കഴിയുന്നത് ചെയ്യാം എന്നാണ് ഹൂതി നേതാവ് മറുപടി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
Leave a Comment