വാഷിങ്ടൺ : ഹഡ്സണ്‍ നദിയില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് മൂന്ന് കുട്ടികളടക്കം ആറ് പേർ മരിച്ചു. സ്‌പെയിനില്‍ നിന്നെത്തിയ അഞ്ചംഗ കുടുംബവും പൈലറ്റും ഉള്‍പ്പെടെയാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
സീമെന്‍സിന്റെ പ്രസിഡന്റും സിഇഒയുമായ അഗസ്റ്റിന്‍ എസ്‌കോബാറും ഭാര്യയും മൂന്ന് കുട്ടികളുമാണ് മരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവം നടന്നതോടെ ന്യൂയോര്‍ക്കില്‍ നിന്നും ന്യൂജേഴ്സിയില്‍ നിന്നുമുള്ള പോലീസ് സംഘവും അഗ്‌നിശമന സേനാ കപ്പലുകളും സ്ഥലത്തെത്തിയിരുന്നു. ന്യൂയോര്‍ക്കില്‍ കനത്ത മേഘാവൃതമായിരുന്നു കാലാവസ്ഥ. മോശം കാലാവസ്ഥ കാരണം പൈലറ്റിന് ഹെലികോപ്റ്റര്‍ നിയന്ത്രിക്കാന്‍ കഴിയാതിരുന്നതാണ് അപകട കാരണമെന്ന് എന്‍ബിസി4 ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
അപകട സമയത്ത് വിമാനത്തില്‍ നിന്ന് ഒരു റോട്ടര്‍ ബ്ലേഡ് അഴിഞ്ഞുപോയത് കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അപകട സ്ഥലത്ത് വച്ച് നാലു പേരും രക്ഷാ ദൗത്യത്തിന് കൊണ്ട് പോകും വഴി രണ്ടുപേരും മരിക്കുകയായിരുന്നു. ആറു പേരെയും നദിയില്‍ നിന്ന് കണ്ടെത്തിയെങ്കിലും ആരെയും രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് മേയര്‍ എറിക് ആഡംസ് പറഞ്ഞു. ദാരുണമായ അപകടമാണ് സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപകടത്തിന്റെ ദൃശ്യങ്ങള്‍ ഭയാനകമാണെന്ന് അപകടത്തെക്കുറിച്ച് പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞു. ” ഹഡ്സണ്‍ നദിയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ പൈലറ്റും ഒരു കുടുംബത്തിലെ അഞ്ചുപേരും മരിച്ചു. അവര്‍ ഈ ലോകത്തു നിന്ന് നമ്മെ വിട്ടു പിരിഞ്ഞു ” – ട്രംപ് എക്സിൽ കുറിച്ചു.
Leave a Comment