ഹോട്ടലിൽ ലഹരി വേട്ടക്കെത്തിയ പോലീസിനെ കണ്ട് ജനൽ വഴി ചാടി ഇറങ്ങി ഓടി ഷൈന്‍ ടോം ചാക്കോ :  സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന നടി വിന്‍സി അലോഷ്യസ് നടനെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് ഡാന്‍സഫ് പരിശോധനയ്ക്കിടെ മുറിയില്‍ നിന്നിറങ്ങി ഓടുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നത്

കൊച്ചി : ലഹരി വേട്ടക്കെത്തിയ പോലീസ് ഉദ്യോഗസ്ഥരെ കണ്ട് ഹോട്ടലില്‍ നിന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ ഇറങ്ങി ഓടി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡാന്‍സഫ് പരിശോധനയ്ക്കിടെ ഇന്നലെ രാത്രി 10.58 ഓടെയാണ് നടന്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് ജനല്‍വഴി താഴേക്കിറങ്ങി റിസപ്ഷന്‍ വഴി ഓടി രക്ഷപ്പെട്ടത്. കൊച്ചിയിലെ ഹോട്ടലില്‍ ഡാന്‍സാഫിന്റെ കൊച്ചി യുണീറ്റാണ് പരിശോധനക്കെത്തിയത്.

ഹോട്ടലില്‍ ലഹരി ഉപയോഗമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് പരിശോധനക്കെത്തിയത്. കൊച്ചി നാര്‍ക്കോട്ടിക്‌സ് എ സി പിയുടെ നിര്‍ദേശപ്രകാരമാണ് പരിശോധന നടത്തിയത്. അഞ്ചിലധികം പോലീസ് ഉദ്യോഗസ്ഥര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. സംഘം മുറിയിലേക്ക് പരിശോധനക്കെത്തുന്നതിനിടെ നടന്‍ ജനല്‍വഴി താഴേക്കിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.

സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന നടി വിന്‍സി അലോഷ്യസ് നടനെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് ഡാന്‍സഫ് പരിശോധനയ്ക്കിടെ മുറിയില്‍ നിന്നിറങ്ങി ഓടുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നത്.

സിനിമ സെറ്റിലെ ലഹരി ഉപയോഗത്തിലാണ് നടി ഷൈന്‍ ടോം ചാക്കോക്കെതിരെ പരാതി നല്‍കിയത്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് സംഭവം നടന്നത്. ഫിലിം ചേമ്പറിനും സിനിമയുടെ ഐ സി സിക്കും താര സംഘടനയായ അമ്മക്കുമാണ് നടി പരാതി നല്‍കിയത്.

Share
Leave a Comment